Janayugom Online
Kerala Life Mission

ലൈഫ് മിഷനില്‍ കേരള മാതൃക; ലക്ഷം വീടുകള്‍ പൂര്‍ത്തിയായി

Web Desk
Posted on August 05, 2019, 12:49 am

തിരുവനന്തപുരം: സമ്പൂര്‍ണ ഭവനപദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയില്‍ സമയബന്ധിതമായി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ മാതൃക. രണ്ട് ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായി. ഇതോടെ ദേശീയതലത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഇത്രയും അധികം വീടുകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനമായി കേരളം. പദ്ധതിയുടെ പുരോഗതി അടിസ്ഥാനമാക്കിയാല്‍ ഡിസംബറോടെ വീടുകളുടെ എണ്ണം രണ്ട് ലക്ഷമാകും.
പൂര്‍ത്തീകരിക്കാത്ത വീടുകളുടെ നിര്‍മ്മാണമാണ് ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ലൈഫ് രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമായിരുന്നു ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന 54,351 വീടുകളില്‍ 51,509 എണ്ണവും (94.77%) നിര്‍മ്മിച്ചു. 633.67 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കി. രണ്ടാം ഘട്ടത്തില്‍ 30,359 (34.58%) ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പിഎംഎവൈ ലൈഫ് അര്‍ബന്‍ പ്രകാരം 21,776 (30.08%) വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. ബാക്കി വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. മൂന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച ഭവന സമുച്ചയം അടിമാലി ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ ഭൂരഹിത ഭവനരഹിതരായ 163 ഗുണഭോക്താക്കള്‍ക്ക് കൈമാറി.
രണ്ടാം ഘട്ടത്തില്‍ ഗ്രാമസഭ സര്‍വേയിലൂടെ കണ്ടെത്തി അംഗീകരിച്ച 1,73,065 ഗുണഭോക്താക്കളില്‍ രേഖാപരിശോധനയിലൂടെ 98,281 പേരാണ് അര്‍ഹത നേടിയത്. ഇവരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടത് 86,341 പേരാണ്.
40–60 ശതമാനം വരെ വിലകുറച്ച് ഇലക്ട്രിക്കല്‍, വയറിംഗ്, സാനിട്ടറി ഉപകരണങ്ങളും സിമന്റ്, പെയിന്റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. സാനിട്ടറി ഫിറ്റിംഗ് രംഗത്തെ സെറ, ജീറ്റ്, പെയിന്റ് നിര്‍മ്മാണ കമ്പനികളായ ഏഷ്യന്‍ പെയിന്റ്‌സ്, നെറോലാക്, ഇലക്ട്രിക്കല്‍ സാമഗ്രി നിര്‍മ്മാതാക്കളായ ലെഗ്രാന്റ്, വീഗാര്‍ഡ്, വിപ്രോ, പൈപ്പ് നിര്‍മ്മാണ കമ്പനികളായ ഹൈക്കൗണ്ട്, സ്റ്റാര്‍ പ്ലാസ്റ്റിക്‌സ്, മലബാര്‍ സിമന്റ്‌സ് തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടെ ഗുണഭോക്താവിന് 50,000 മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ ലാഭമുണ്ടാവും. നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി, ലൈഫ് ഗുണഭോക്താവാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് അടുത്തുള്ള ഏജന്‍സികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലൈഫ് മിഷന്റെ വെബ്‌സൈറ്റായ ംംം.ഹശളലാശശൈീി.സലൃമഹമ. ഴീ്.ശി ല്‍ ലഭ്യമാണ്. ലൈഫ് രണ്ടാംഘട്ടത്തില്‍ 2643.90 കോടി രൂപയാണ് ഭവന നിര്‍മ്മാണത്തിന് ഇതുവരെ നല്‍കിയത്. അതില്‍ സംസ്ഥാനവിഹിതമായ 425 കോടിയും തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതം 718.90 കോടിയും ഹഡ്‌കോയില്‍ നിന്നുള്ള വായ്പാതുക 1500 കോടിയും ഉള്‍പ്പെടുന്നു. 2020 മാര്‍ച്ച് 31 ഓടെ രണ്ടാംഘട്ടം പൂര്‍ത്തിയാവും. മൂന്നാം ഘട്ടത്തില്‍ ഭൂമിയും വീടുമില്ലാത്ത 3,37,416 ഗുണഭോക്താക്കളില്‍ രേഖാപരിശോധനയിലൂടെ അര്‍ഹമായി കണ്ടെത്തുന്നവര്‍ക്ക് ക്‌ളസ്റ്റര്‍/ഭവന സമുച്ചയം വഴി വീട് നല്‍കും.

പി കബീര്‍ എഐഎസ്എഫ് സംസ്ഥാന
പ്രസിഡന്റ,് ജെ അരുണ്‍ ബാബു സെക്രട്ടറി

തിരുവനന്തപുരം: എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായി പി കബീറിനെയും സെക്രട്ടറിയായി ജെ അരുണ്‍ ബാബുവിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന എഐഎസ്എഫ് 44-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: ബിബിന്‍ എബ്രഹാം, ചിന്നു ചന്ദ്രന്‍, അമല്‍ അശോകന്‍, പ്രിജി ശശിധരന്‍, സി കെ ബിജിത്ത്‌ലാല്‍. ജോയിന്റ് സെക്രട്ടറി: ബി ജി വിഷ്ണു, ആര്‍ എസ് രാഹുല്‍ രാജ്, യു കണ്ണന്‍, കെ ഋഷിരാജ്, നിമിഷ രാജു. സെക്രട്ടേറിയറ്റ്: സന്ദീപ് അര്‍ക്കന്നൂര്‍, ഹരികൃഷ്ണന്‍,ശ്രേയ, ഹരിദാസ് പെരുമ്പള, ജാഫര്‍, മോഹിത മോഹന്‍, വിപിന്‍ ദാസ്, കണ്ണന്‍ എസ് ലാല്‍, സനല്‍കുമാര്‍ എന്‍ കെ.
69 അംഗസംസ്ഥാന കമ്മിറ്റിയും 21 അംഗസംസ്ഥാന സെക്രട്ടേറിയറ്റും സമ്മേളനം തെരഞ്ഞെടുത്തു. പ്രവര്‍ത്തനറിപ്പോര്‍ട്ടും ഭാവിപരിപാടിയും സമ്മേളനം അംഗീകരിച്ചു.