Web Desk

കൊച്ചി:

October 26, 2020, 5:16 pm

ലൈഫ് മിഷൻ കേസിൽ തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്രസർക്കാർ നിർദേശം

Janayugom Online

ലൈഫ് മിഷൻ കേസിൽ തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്രസർക്കാർ നിർദേശം. ലൈഫ് മിഷൻ കേസിൽ കോടതിയിൽ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസർക്കാർ നിർദേശത്തിൽ പറയുന്നു. ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിർദേശം.

അതേസമയം, കേസിൽ ഹൈക്കോടതിയിൽ അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നൽകി. അഡ്വ. എം. നടരാജ് അല്ലെങ്കിൽ അഡ്വ. എസ്. വി. രാജു ഹാജരാകണം എന്നാണ് സിബിഐയുടെ ആവശ്യം. കേസിൽ സിബിഐ എതിർ സത്യവാങ്മൂലം അടുത്തയാഴ്ച സമർപ്പിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ലൈഫ് മിഷൻ കേസിൽ അടിയന്തര വാദം കേൾക്കണമെന്ന സിബിഐയുടെ ഹർജി കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം നൽകണമെന്നും കേസിൽ സിബിഐക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകൻ വിശദികരിച്ചു. കേവലം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി മാത്രമാണ് സി ബി ഐ ഒക്ടോബർ 13നു ഇടക്കാല സ്റ്റേ ഉത്തരവ് ഉണ്ടായകേസിൽ 15നു ഇത്തരത്തിലൊരു ഹർജി ഫയൽ ചെയ്തതെന്നും സർക്കാരിന് ദുഷ്പേരുണ്ടാക്കുക മാത്രമാണ് അത്തരമൊരു ഹർജിയുടെ ലക്ഷ്യമെന്നും ലൈഫ്മിഷൻ ബോധിപ്പിച്ചു. എതിർ സത്യവാങ്മൂലം സമർപ്പിച്ചതിനു ശേഷം അഡീഷണൽ സോളിസിറ്റർ ജനറലിനു സൗകര്യമായ തീയതി മനസിലാക്കി ആവശ്യമെങ്കിൽ പുതിയ ഹർജി ഫയൽ ചെയ്യാൻ സിബിഐയോട് കോടതി നിർദേശിച്ചു. തുടർച്ചയായി ഇത്തരത്തിൽ ഹൈക്കോടതിയിൽ നിന്ന് സിബിഐയ്ക്ക് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നിർദേശം.

ENGLISH SUMMARY: life mis­sion cbi updates

YOU MAY ALSO LIKE THIS VIDEO