ലൈഫ് പദ്ധതി വഴി വീടു നൽകുന്നതിന് തയ്യാറാക്കിയ ലിസ്റ്റിൽ സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടാതെ പോയവര്‍ക്ക് അർഹത പരിശോധിച്ച് വീട് നൽകാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച ഗുണഭോക്താക്കളും ത്രിതല പഞ്ചായത്ത് പ്രതിനിധികളുമടക്കം പതിനായിരത്തോളം വരുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അഭിമാന പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. രാജ്യത്തിന് മാതൃകാപരമായ ഇടപെടലാണ് ലൈഫ് മിഷൻ വഴി നടത്താൻ കഴിഞ്ഞത്. വീടൊരു സ്വപ്നമായി കൊണ്ടു നടന്നവർക്ക് വീട് നൽകാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ നിശ്ചയിച്ച അർഹതാ ലിസ്റ്റിൽപ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉൾപ്പെട്ടത്.
സാങ്കേതിക പ്രശ്നങ്ങളാൽ ആ ഘട്ടത്തിൽ അർഹതാലിസ്റ്റിൽപ്പെടാത്തവരുണ്ട്. നാലരലക്ഷത്തിലേറെ പേർക്ക് വീടു ലഭിക്കുമ്പോൾ പിന്നീട് കുറച്ചുപേർക്ക് മാത്രമേ വീട് ലഭിക്കാനുണ്ടാകുകയുള്ളു. ഇങ്ങനെ വീണ്ടും അർഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. അർഹതയുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും ഭവനം നൽകുന്നതിനുമുള്ള നടപടി സർക്കാർ സ്വീകരിക്കും. എല്ലാ അർഥത്തിലും ലൈഫ് പദ്ധതിയിലൂടെ ജനങ്ങളെ ചേർത്തുപിടിക്കുകയാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. 2,14,262 വീടുകൾ പൂർത്തിയാക്കിയത് ചെറിയ കാര്യമല്ല. വീടൊരു സ്വപ്നമായി കരുതിയവരുടെ ചിരകാലഭിലാഷം യാഥാർത്ഥ്യമായിരിക്കുകയാണ്. പാർശ്വവൽകൃതരും നിരാലംബരുമായ നിരവധിപേർക്ക് എന്ത് ചെയ്യാനാവും എന്ന ചിന്തയിൽ നിന്നാണ് ലൈഫ് പദ്ധതി ഉടലെടുക്കുന്നത്.
അർഹതപ്പെട്ട അഞ്ച് ലക്ഷത്തോളം ഗുണഭോക്താക്കളുണ്ടെന്ന കണക്കാണ് ലഭിച്ചത്. ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015–16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതായിരുന്നു ഏറ്റെടുത്ത ദൗത്യം.
you may also like this video;
രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ 5821 കോടിയോളം ചെലവഴിച്ചാണ് 1, 60, 000‑ത്തോളം വീടുകൾ പൂർത്തീകരിച്ചത്. പിഎംഎവൈ പദ്ധതി പ്രകാരം ഗ്രാമത്തിൽ നൽകുന്നത് ചെറിയ സംഖ്യയാണ്.
അതിനോട് 3, 25, 000 രൂപ സംസ്ഥാന സർക്കാർ കൂട്ടിയും, നഗരത്തിൽ പിഎംഎവൈ നൽകുന്ന 1. 5 ലക്ഷത്തോട് 2. 5 ലക്ഷം രൂപ കൂട്ടിയുമാണ് ഗുണഭോക്താവിന് അനുവദിച്ച് നൽകിയത്. ഇത്തരത്തിൽ എല്ലാവരുടെയും സഹായമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടാകെ ഒത്തുചേർന്നപ്പോഴാണ് അസാധ്യമായി എഴുതിത്തള്ളപ്പെട്ടിരുന്ന ലക്ഷ്യം സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി നിർവ്വഹണത്തിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ മുഖ്യമന്ത്രി സമ്മാനിച്ചു.
ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. മന്ത്രിമാരായ എ കെ ബാലൻ, കെ രാജു, എംഎൽഎമാരായ സി ദിവാകരൻ, ബി സത്യൻ, സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, വി കെ പ്രശാന്ത്, മേയർ കെ ശ്രീകുമാർ, ആസൂത്രണ ബോർഡംഗം ഡോ. കെ എൻ ഹരിലാൽ, നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാർ വികസന ഉപദേഷ്ടാവ് സി എസ് രഞ്ജിത്ത്, ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ലൈഫ് മിഷൻ സിഇഒ യു വി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.