സ്വന്തം ലേഖകൻ

തൃശൂർ

May 02, 2021, 8:27 pm

ലൈഫ് പദ്ധതി തകർക്കാൻ ശ്രമിച്ചവർക്ക് കനത്ത തിരിച്ചടി

Janayugom Online

പാവങ്ങൾക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ലൈഫ് ഭവന പദ്ധതിയെ വ്യാജ പ്രചരണത്തിലൂടെ തകർക്കാൻ ശ്രമിച്ചവർക്കുള്ള ജനങ്ങളുടെ മറുപടിയായി തെരഞ്ഞെടുപ്പ് ഫലം. വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ പേരിൽ വിവാദമുണ്ടാക്കി സിബിഐ അന്വേഷണത്തിലേക്കെത്തിച്ച യുഡിഎഫ്- ബിജെപി അച്ചുതണ്ട് നിലംതൊട്ടില്ല. വടക്കാഞ്ചേരി എംഎൽഎ ആയിരുന്ന കോൺഗ്രസിലെ അനിൽ അക്കരെയായിരുന്നു വിവാദമുണ്ടാക്കിയത്. പിന്നീട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഏറ്റെടുത്ത് രഹസ്യധാരണയിലൂടെ സിബിഐ അന്വേഷണത്തിലെത്തിക്കുകയായിരുന്നു.
ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 15168 വോട്ടിന് അനിൽ അക്കരയെ എൽഡിഎഫിലെ സേവ്യർ ചിറ്റിലപ്പള്ളി തറപറ്റിച്ചു. വടക്കാഞ്ചേരി മാത്രമല്ല തൃശൂർ ജില്ലയിലാകമാനം എൽഡിഎഫ് വലിയ ഭൂരിപക്ഷമാണ് നേടിയത്.

വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദത്തിന്റെ മറവിൽ ലൈഫ് പദ്ധതി നിർത്തലാക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പ്രസ്താവിച്ചിരുന്നു. ഇത് സംസ്ഥാനത്തുടനീളം യുഡിഎഫിനെ കൈയൊഴിയാൻ പാവപ്പെട്ട ജനങ്ങളെ പ്രേരിപ്പിച്ചു. സർക്കാരിന്റെ ലൈഫ് പദ്ധതിക്ക് എതിരെ കേസ് കൊടുത്ത അനിൽ അക്കരയെ നിയമസഭ കാണിക്കരുത് എന്ന വാശിയിലായിരുന്നു വടക്കാഞ്ചേരിയലെ വോട്ടർമാർ. രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കിയ അഭിമാന നിമിഷത്തിൽ പിണറായി സർക്കാർ നിൽക്കുമ്പോഴാണ് സ്വർണക്കടത്ത് കേസിന് പിന്നാലെ അക്കര ലൈഫ് മിഷൻ വിവാദം തുറന്നുവിട്ടത്.

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയിൽനിന്നാണ് വിവാദം ആരംഭിച്ചത്. സ്വപ്നയുടെ അക്കൗണ്ടിൽ കണ്ട ഒരു തുകയുടെ ഉറവിടം ലൈഫ് മിഷനുവേണ്ടി റെഡ് ക്രെസെന്റ് നിര്‍മ്മിച്ചു നൽകാനുദ്ദേശിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാറുമായി ബന്ധപ്പെട്ട് അവർക്ക് ലഭിച്ച കൈക്കൂലിയാണ് എന്നായിരുന്നു മൊഴി. ഇത് ഏറ്റെടുത്താണ് അനിൽ അക്കര, ലൈഫ് മിഷനിൽ തിരിമറി ഉണ്ടെന്ന് ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനില്‍ അക്കര തുറന്നുവിട്ട ലൈഫ് മിഷന്‍ ഭൂതം കേരളമാകെ പടര്‍ന്നുപിടിച്ചു. ഭരണ, പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ വാക്പോരുകള്‍ പതിവായി. സർക്കാർചെയ്ത ഏറ്റവും വലിയ അഴിമതിയായി പ്രതിപക്ഷം ലൈഫ് മിഷനെ ഉയർത്തിക്കാട്ടി. അങ്ങനെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷൻ പിരിച്ചുവിടും എന്ന എംഎം ഹസ്സന്റെ പ്രസ്താവനയിലേക്ക് കാര്യങ്ങളെത്തിയത്.

കയറിക്കിടിക്കാൻ ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നം അനിൽ അക്കര തകർക്കാൻ നോക്കി എന്ന പ്രചാരണമാണ് വടക്കാഞ്ചേരിയിലെ ജനം ഏറ്റെടുത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 43 വോട്ടിനാണ് അനിൽ അക്കര നിയമസഭയിലെത്തിയത്. സിപിഐഎമ്മിന്റെ മേരി തോമസ് പിടിച്ചത് 65,492 വോട്ട്. അനിൽ നേടിയത് 65,535വോട്ട്. ബിജെപിയുടെ ടി എസ് ഉല്ലാസ് ബാബു 26,652വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഇത്തവണ ബിജെപി വോട്ട് അനിൽ അക്കരക്ക് മറിച്ചിട്ടും വിജയം എൽഡിഎഫിനായി. എൽഡിഎഫിന് 81,026 വോട്ട് കിട്ടിയപ്പോൾ അനിലിന് ബിജെപി വോട്ട് ഉൾപ്പെടെ 65,858 വോട്ടാണ് കി്ട്ടിയത്. ബിജെപി വോട്ട് 21,747 ആയി കുറഞ്ഞു.

you may also like this video;