19 April 2024, Friday

Related news

December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
October 31, 2023
October 31, 2023
October 30, 2023
October 29, 2023
October 29, 2023

വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി മാതൃകകാട്ടുന്ന സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
October 16, 2023 8:45 pm

തലചായ്ക്കാനിടമില്ലാത്ത ആശയറ്റവര്‍ക്ക് അടച്ചുറപ്പുള്ള വീട് എന്നും സ്വപ്നമാണ്. പ്രകൃതി ദുരന്തങ്ങളുടേയും ജീവിത ദുരിതങ്ങളുടേയും ഭാരവും പേറി നടക്കുന്നവര്‍ക്ക് സുരക്ഷിത ഭവനങ്ങളൊരുക്കി അവരെ ചേര്‍ത്തു പിടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷനിലൂടെ 3,54,712 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ സെപ്തംബര്‍ 30 വരെ സര്‍ക്കാര്‍ തണലൊരുക്കിയത്. ഇതോടൊപ്പം 1,20,579 വ്യക്തിഗത ഭവനങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആരേയും മാറ്റിനിര്‍ത്താതെ ഒപ്പം ചേര്‍ത്ത് നിശ്ചയദാര്‍ഢ്യത്തോടെ ജനതാല്‍പര്യത്തിനൊപ്പം ജനനന്‍മക്കായി മുന്നേറുകയാണ് ജനകീയ സര്‍ക്കാരും.

നവകേരളം സൃഷ്ടിക്കുന്നതിനായി രൂപംകൊടുത്ത നവകേരളം കര്‍മ്മപരിപാടിയിലെ സുപ്രധാന മിഷനാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍. കേരളത്തിലെ പാര്‍പ്പിട രംഗം നേരിടുന്ന ബഹുവിധമായ പ്രശ്നങ്ങള്‍ക്ക് തനതായ പരിഹാര സമീപനങ്ങളാണ് ലൈഫ് മിഷനിലൂടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പു പദ്ധതികളിലൂടെ തുടങ്ങിവച്ചിരുന്നതും പൂര്‍ത്തിയാകാത്തതുമായ ഭവന നിര്‍മാണങ്ങളും സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയിലേക്ക് ഏറ്റെടുത്ത് ജീവനോപാധി കൂടി ഉറപ്പാക്കിക്കൊണ്ടുള്ള ബൃഹത് പദ്ധതിയാണ് ലൈഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സര്‍ക്കാരിന്‍റേയും നേതൃത്വത്തിലുള്ള സംയുക്ത പദ്ധതിയാണിത്. കേന്ദ്ര ഭവന പദ്ധതികളിലെ സബ്സിഡി തുക കുറവായതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ബാക്കി തുക കണ്ടെത്തി വേര്‍തിരിവില്ലാതെ സംസ്ഥാന നിരക്കിലാണ് ധനസഹായം നല്‍കുന്നത്. ലൈഫ് മിഷന്‍ മുഖേന 4,75,291 ഗുണഭോക്താക്കള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി നാളിതുവരെ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

വാര്‍ദ്ധക്യ രോഗികളും ക്ലേശമനുഭവിക്കുന്നവരുമായ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും വരുംതലമുറയെ സാമൂഹിക ബോധമുള്ള നല്ല പൗരജനങ്ങളായി വളര്‍ത്തിയെടുക്കാനും ഉതകുന്ന ഇടങ്ങളുണ്ടാകണമെന്ന സമീപനത്തില്‍ അധിഷ്ഠിതമാണ് ലൈഫ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍. ഇതിനുപുറമെ സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള ശാക്തീകരണ പ്രക്രിയ ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

ലൈഫ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലൂടെ ഭവന നിര്‍മ്മാണം ആരംഭിക്കുകയും നിര്‍മ്മാണം നിലച്ച ഭവനങ്ങളുടെ പൂര്‍ത്തീകരണവുമായിരുന്നു ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടത്. ഈ ഘട്ടത്തില്‍ നിര്‍മ്മാണം നിലച്ച 54,116 ഭവനങ്ങളെ കണ്ടെത്തുകയും ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുയും ചെയ്തു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പിലാക്കിവരുന്നത്. ഇതിലൂടെ ഇതുവരെ 2,77,777 കുടുംബങ്ങള്‍ സുരക്ഷിത ഭവനങ്ങള്‍ക്കുടമയായി. 1,20,579 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമായിരുന്നു ലൈഫ് മൂന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടത്. ഇതില്‍ അര്‍ഹരായ ഗുണഭോക്താക്കളില്‍ 34,488 പേര്‍ സ്വന്തമായോ വകുപ്പ് മുഖേനയോ ഭൂമി ആര്‍ജ്ജിച്ച് ഭൂമിയുള്ള ഭവനരഹിതരായി മാറി. ഇത്തരത്തില്‍ ഭൂമിയുള്ള ഭവനരഹിതരായവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കിയതിലൂടെ 23,612 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

11 ഭവന സമുച്ചയങ്ങളിലൂടെ 643 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 2 ഭവന സമുച്ചയങ്ങള്‍ പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയിലും 3 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരെണ്ണം സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയിലും ബാക്കിയുള്ള 5 എണ്ണം ലൈഫ് മിഷന്‍ നേരിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഭിന്നശേഷിക്കാര്‍ക്കും അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയിലൂടെ കണ്ടെത്തിയ അതിദരിദ്രര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കിയത് ലൈഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി. പെയിന്‍റ്, സിമന്‍റ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, സാനിട്ടറി ഉപകരണങ്ങള്‍, വാട്ടര്‍ ടാങ്ക് തുടങ്ങിയവ വിലക്കുറവിലാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നത്. ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ 24.55 ഏക്കര്‍ ഭൂമി ലൈഫ് മിഷന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ 1000 ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് പരമാവധി 2.5 ലക്ഷം രൂപ നിരക്കില്‍ 25 കോടി ധനസഹായം നല്‍കുന്നതിന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അതിന്‍പ്രകാരം 450 ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ അനെര്‍ട്ടിന്‍റെ ‘ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയില്‍’ ലൈഫ് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാന്‍റുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഭവനങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതോടൊപ്പം അധിക വൈദ്യുതി കെഎസ്ഇബിക്ക് നല്‍കി വരുമാനം നേടാനും സാധിക്കും. സൗരോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് ഇന്‍ഡക്ഷന്‍ സ്റ്റൗവ് കൂടി ലഭ്യമാക്കുന്നുണ്ട്.

ലൈഫ് ഗുണഭോക്താക്കളുടെ ജീവിതശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിവിധങ്ങളായ തുടര്‍പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. വയോജന പരിപാലനം ഉറപ്പാക്കുകയും സ്വയംതൊഴില്‍-സംരംഭകത്വ വികസന പരിശീലനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. സുരക്ഷാ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഊന്നല്‍. ഇതിന്‍റെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച ഭവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. 

വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ ചെറുചിരികള്‍ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നില്‍ മാതൃകയാകുകയാണ് സംസ്ഥാന സര്‍ക്കാര്‍. സമൂഹിക സപ്ന്ദനം തിരിച്ചറിഞ്ഞ് സുരക്ഷിത ഭവനത്തോടൊപ്പം കരുതലും സേവനങ്ങളും ഉറപ്പാക്കി ജനജീവിതത്തിന് സുരക്ഷയുടെ കവചമൊരുക്കുകയാണ് ലൈഫ് മിഷനിലൂടെ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.