Janayugom Online
Malathi-Holla

ലോകം അവള്‍ക്കുമുന്നില്‍ നമിച്ചു

Web Desk
Posted on November 25, 2018, 7:20 am

ഇളവൂര്‍ ശ്രീകുമാര്‍

ഇത് മാലതി കൃഷ്ണമൂര്‍ത്തി ഹൊല്ല. വിവിധ മത്സരങ്ങളിലായി നാനൂറിലധികം മെഡലുകള്‍ നേടി. അര്‍ജുന അവാര്‍ഡും പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. ബാങ്ക് മാനേജരായി ജോലിയും. ഇനി മറുവശം നോക്കൂ; കുട്ടിക്കാലത്തേ കഴുത്തിനുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. ശരീരത്തില്‍ മുപ്പത്തിരണ്ട് ശസ്ത്രക്രിയകള്‍ നടത്തി. പണമില്ലാത്തതിനാല്‍ ചക്രക്കസേര വാടകയ്‌ക്കെടുത്തായിരുന്നു മത്സരങ്ങള്‍ക്കിറങ്ങിയത്. .…ഇങ്ങനെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും പരമ്പരകൊണ്ട് നിറഞ്ഞതാണ് മാലതി ഹൊല്ലയുടെ സംഭവ ബഹുലമായ ജീവിതം.

ദു:ഖിച്ചിരിക്കുവാനുള്ളതല്ല, എഴുന്നേറ്റ്‌നിന്ന് വെട്ടിപ്പിടിക്കാനുള്ളതാണ് ജീവിതമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു മാലതി ഹൊല്ല. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത് സഹതാപമല്ല അവസരങ്ങളാണ്. ആ അവസരങ്ങളുടെ വഴി അവര്‍ക്കുമുന്നിലേക്ക് എത്തിയില്ലെങ്കില്‍ തേടിപ്പിടിക്കണം. അതേസമയം പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തും അവര്‍ക്കുണ്ടാകണം. ഒരാളുടെ ജീവിതത്തെ മാറ്റിത്തീര്‍ക്കുന്നതിന് അതിതീവ്രമായ ആഗ്രഹത്തെക്കാള്‍ ശക്തി മറ്റൊന്നിനുമില്ല. ഈ തിരിച്ചറിവുകളായിരുന്നു അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച് മുന്നേറാന്‍ മാലതിയെ സഹായിച്ചത്.
1958 ജൂലൈ 6 ന് ബാംഗ്ലൂരിലായിരുന്നു മാലതി ജനിച്ചത്. 14 മാസം പ്രായമുള്ളപ്പോള്‍ ബാധിച്ച കടുത്ത പനിയിലായിരുന്നു രോഗത്തിന്റെ തുടക്കം. തുടര്‍ന്ന് കഴുത്തിനു താഴോട്ട് പൂര്‍ണമായും തളര്‍ത്തിക്കൊണ്ടായിരുന്നു പോളിയോ അവളുടെ കുട്ടിക്കാലത്തെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞത്. പിന്നീട് പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായ ചികിത്സ. ഇലക്ട്രിക് ഷോക്ക് ഉപയോഗിച്ചുള്ള ചികിത്സയായിരുന്നു രണ്ടുവര്‍ഷം. ഇതിലൂടെ അരയ്ക്ക് മുകളിലോട്ടുള്ള ഭാഗത്ത് ചലനശേഷി തിരിച്ചുകിട്ടി. മാലതി പറയുന്നത് നോക്കുക; ”കുട്ടിക്കാലത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് പറന്നുപോകുന്നത് ഞാന്‍ ഭാവനയില്‍ കാണുമായിരുന്നു. ക്രമേണ എനിക്കത് സാധ്യമാകില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ പിന്‍മാറാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. മറ്റുള്ളവരില്‍നിന്നും ഞാന്‍ വ്യത്യസ്തയാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞാന്‍ സ്‌പോര്‍ട്‌സ് തെരഞ്ഞെടുത്തത്.”

Malathi-Holla 3

ഒട്ടും സാമ്പത്തിക ഭദ്രതയില്ലാത്ത ചുറ്റുപാടായിരുന്നു മാലതിയുടേത്. അച്ഛന്റെ ഹോട്ടല്‍ ജോലിയില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ആകെയുള്ളത്. പതിനഞ്ചു വര്‍ഷത്തെ വേദന നിറഞ്ഞ ചികിത്സാമുറകളും നിരന്തരമായ ശസ്ത്രക്രിയകളും ആശുപത്രിവാസവുമെല്ലാം അതിജീവിച്ച് അരയ്ക്കുതാഴെ തളര്‍ന്ന ശരീരവുമായി വീട്ടിലെത്തിയപ്പോള്‍ ചുറ്റുപാടുമുള്ളവരുടെ അനുകമ്പ നിറഞ്ഞ നോട്ടവും സഹതാപവാക്കുകളും അവളെ മാനസികമായി വീണ്ടും തളര്‍ത്തി. അതില്‍നിന്ന് അവള്‍ രക്ഷപ്പെട്ടത് സ്‌പോര്‍ട്‌സിലൂടെയായിരുന്നു. ഭിന്നശേഷിക്കാര്‍ ആദ്യം ചെയ്യേണ്ടത് അപകര്‍ഷതാബോധം വെടിഞ്ഞ് ആത്മവിശ്വാസം നേടുകയാണെന്ന് മാലതി പറയുന്നു.
പരിശീലനത്തിന് സ്വന്തമായി ഒരു വീല്‍ചെയര്‍ വാങ്ങാന്‍പോലും കഴിയാതിരുന്ന മാലതി അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുപോലും മറ്റുള്ളവരില്‍നിന്നും കടം വാങ്ങിയ വീല്‍ചെയറായിരുന്നു ഉപയോഗിച്ചിരുന്നത്. ശാരീരിക പരിമിതികള്‍ തന്റെ ഒരു ലക്ഷ്യത്തിനും തടസമല്ലെന്ന് തെളിയിക്കാന്‍ മനസ്സിലുറപ്പിച്ച മാലതിയുടെ പിന്നീടുള്ള നാളുകള്‍ കഠിനമായ പരിശീലനത്തിന്റെയും പോരാട്ടത്തിന്റേതുമായിരുന്നു. അതവളെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വീല്‍ചെയര്‍ അത്‌ലറ്റാക്കി മാറ്റി. പിന്നീട് അംഗീകാരങ്ങളുടെയും വിജയങ്ങളുടെയും പെരുമഴയായിരുന്നു മാലതി ഹൊല്ലയുടെ ജീവിതത്തില്‍. ദക്ഷിണ കൊറിയയിലും ബാഴ്‌സലോണയിലും ഏഥന്‍സിലും ബീജിംഗിലും നടന്ന പാരാലിമ്പിക്‌സില്‍ മാലതി ഇന്ത്യയെ പ്രതിനിധീകരിച്ചു. ആസ്‌ത്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഡെന്‍മാര്‍ക്കിലും ആസ്‌ത്രേലിയയിലും നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സിലും ബാങ്കോക്ക്, ദക്ഷിണകൊറിയ, ബീജിംഗ്, കോലാലംബൂര്‍ എന്നിവിടങ്ങളിലെ ഏഷ്യന്‍ ഗയിംസിലും വിവിധ രാജ്യങ്ങളില്‍ നടന്ന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പുകളിലും മാലതി ഹൊല്ല ഇന്ത്യയുടെ അഭിമാനതാരമായി. ദേശീയ‑അന്തര്‍ദ്ദേശീയ മത്സരങ്ങളിലടക്കം നാനൂറ്റിമുപ്പതോളം മെഡലുകളാണ് മാലതി വാരിക്കൂട്ടിയത്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടം. ഷോട്ട്പുട്ടിലും ജാവലിന്‍ ത്രോയിലും മാലതി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്!
പക്ഷേ മാലതിയുടെ യാത്ര അവിടെയും നിന്നില്ല. തന്നെപ്പോലെ ഭിന്നശേഷിക്കാരായ ധാരാളമാള്‍ക്കാര്‍ ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കുന്നുണ്ടെന്നും ഒരു കൈത്താങ്ങ് കിട്ടിയാല്‍ അവരില്‍ പലരും തങ്ങളുടെ ജീവിതത്തെ പ്രകാശപൂര്‍ണമാക്കുമെന്നും മനസിലാക്കിയ മാലതി മാതൃ ഫൗണ്ടേഷന്‍ എന്നൊരു ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കി. ഗ്രാമപ്രദേശങ്ങളിലെ പോളിയോ ബാധിതരായ കുട്ടികളിലാണ് മാതൃഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. പ്രത്യേകിച്ചും കുട്ടികളെ സ്‌കൂളിലയക്കാനോ ചികിത്സ നല്‍കാനോ ശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരെയാണ് ട്രസ്റ്റ് ഏറ്റെടുക്കുന്നത്.
1995 ല്‍ അര്‍ജുന അവാര്‍ഡ് മാലതിയെത്തേടിയെത്തി. ഭിന്നശേഷിക്കാര്‍ക്ക് അര്‍ജ്ജുന അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെന്ന നിയമത്തിനെതിരെ പോരാടി വിജയിച്ച ആള്‍ കൂടിയായിരുന്നു മാലതിയെന്നത് ഈ അംഗീകാരത്തിന് ചരിത്ര പ്രാധാന്യം നല്‍കുന്നു. 2001 ല്‍ രാജ്യം പത്മശ്രീ നല്‍കി മാലതി ഹൊല്ലയെ ആദരിച്ചു. പത്മശ്രീ ലഭിക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരിയായിരുന്നു മാലതി. കെ.കെ. ബിര്‍ല അവാര്‍ഡ്, ഏകലവ്യ അവാര്‍ഡ് എന്നിവയും മാലതിയുടെ അക്ഷീണ പരിശ്രമങ്ങള്‍ക്കു കിട്ടിയ അംഗീകാരങ്ങളായിരുന്നു. 1999 ല്‍ ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് അന്തര്‍ദ്ദേശീയതലത്തില്‍ കിട്ടിയ മറ്റൊരംഗീകാരമായിരുന്നു. മാലതിയുടെ ‘എ ഡിഫറന്റ് സ്പിരിറ്റ്’ എന്ന ആത്മകഥ ലോകത്തെമ്പാടുമുള്ള ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനമേകിക്കൊണ്ടിരിക്കുന്നു.
ഭിന്നശേഷിക്കാരായ അനേകര്‍ക്ക് എക്കാലവും പ്രത്യാശയും വെളിച്ചവുമാണ് മാലതി ഹൊല്ല. മാലതി തന്നെ പറയുന്നത് നോക്കൂ; ”ശാരീരികമായ ബുദ്ധിമുട്ട് എത്രത്തോളമുണ്ടോ അത്രത്തോളം നിങ്ങളുടെ മനസ്സ് ശക്തമാകും. ഒരിക്കല്‍ നിങ്ങള്‍ മാനസികമായി കരുത്താര്‍ജിച്ചാല്‍ പിന്നീട് ലോകം നിങ്ങളുടെ കാല്‍ച്ചുവട്ടില്‍ നമിക്കും.” മാലതി ഹൊല്ലയുടെ ജീവിതം ഇത് സത്യമാണെന്ന് തെളിയിക്കുന്നു.

Malathi Holla