എല്ലാവര്ക്കും ഭവനം എന്നത് ലോകത്തെവിടെയും, വികസിത സമ്പദ്ഘടനകള്‍ മുതല്‍ ദരിദ്രരാഷ്ട്രങ്ങള്‍ വരെ, അപരിഹാര്യമായി നിലനില്‍ക്കുന്ന അടിസ്ഥാന മാനുഷിക പ്രശ്നങ്ങളില്‍ ഒന്നാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ അടിസ്ഥാന ജീവിത ആവശ്യങ്ങളാണ്. അവ ആവശ്യാനുസൃതം, ഗുണമേന്മയോടെ ലഭ്യമാക്കുക എന്നത് മനുഷ്യന്റെ ഭൗതിക, ഉല്പാദന ക്ഷമത ഉറപ്പുവരുത്തുന്ന അടിസ്ഥാനഘടകമാണ്. മനുഷ്യവിഭവശേഷിയുടെ വികസനത്തിന് പാര്‍പ്പിട ലഭ്യത അനിവാര്യമാണ്. എന്നാല്‍ ലോകത്ത് ഏതാണ്ടെല്ലായിടത്തും ഭരണകൂടങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ ഏറ്റവും പ്രമുഖമാണ് ആവശ്യമായത്ര പാര്‍പ്പിടങ്ങളുടെ അഭാവം. ഇന്ത്യ രണ്ടുകോടി പാര്‍പ്പിടങ്ങളുടെ എങ്കിലും അഭാവം നേരിടുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഭവനരാഹിത്യത്തിന്റെ തോത് തുലോം തുച്ഛമെന്ന് കാണാനാവും. എന്നാല്‍ സ്വന്തം വരുമാനംകൊണ്ടുമാത്രം വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത കുടുംബങ്ങളെ മാന്യമായി ജീവിക്കാനും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനും പ്രാപ്തരാക്കുക എന്നത് ക്ഷേമരാഷ്ട്രത്തിന്റെ ധാര്‍മ്മികവും രാഷട്രീയവുമായ ഉത്തരവാദിത്വമാണ്. കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായും ആഗോളതലത്തില്‍ വിവിധ സമൂഹങ്ങളുമായുമുള്ള താരതമ്യത്തില്‍ ആ ദിശയില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് നിസംശയം അഭിമാനിക്കാം.
അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം കേരളത്തിലെ പുരോഗമന-ജനാധിപത്യ ശക്തികള്‍ നിര്‍ണായക പങ്കാണ് നിര്‍വഹിച്ചു പോന്നിട്ടുള്ളത്. ജന്മിത്വത്തിന് അറുതിവരുത്തി ഭൂപരിഷ്കരണം നടപ്പാക്കിയത് പാര്‍പ്പിട രാഹിത്യത്തിനെതിരായ കേരള സമൂഹത്തിന്റെ ആദ്യത്തെ ചുവടുവയ്പാണ്. 1971 ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഭവനനിര്‍മ്മാണ വകുപ്പിന്റെ ചുമതലകൂടി വഹിച്ച മന്ത്രി എം എന്‍ ഗോവിന്ദന്‍ നായര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ‘ലക്ഷം വീട് പദ്ധതി‘യാണ് ഭവനനിര്‍മ്മാണ രംഗത്ത് പൊതു ഇടപെടലിന് വിപ്ലവകരമായ തുടക്കം കുറിച്ചത്. അച്യുതമേനോന്‍ സര്‍ക്കാര്‍ 1971 ല്‍ കൊണ്ടുവന്ന ഭവനനിര്‍മ്മാണ നിയമപ്രകാരം കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന് രൂപം നല്കി. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ രൂപീകരണത്തോടെ പാര്‍പ്പിട നിര്‍മ്മാണ രംഗത്ത് സര്‍ക്കാരിന്റെ നേരിട്ടുള്ള സംഘടിത ഇടപെടലിന് തുടക്കം കുറിച്ചു. അതിന്റെ ഫലമായി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കുടുംബങ്ങളാണ് സ്വന്തം വീടുകള്‍ക്ക് ഉടമകളായി മാറിയത്. അവരില്‍ ഏറെയും സമൂഹത്തിലെ ദുര്‍ബലരും താഴ്ന്ന വരുമാനക്കാരുമായ കുടുംബങ്ങളുമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനങ്ങള്‍ക്കും കൈവരിക്കാനാവാത്ത നേട്ടത്തിനാണ് ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന് കൈവരിക്കാനായത്. ലക്ഷം വീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്കിയ ഇരട്ടവീടുകള്‍ ഒറ്റവീടാക്കി പുനര്‍നിര്‍മ്മിച്ചത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. ആ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് ഭവനനിര്‍മ്മാണ ബോര്‍ഡ് വഴി ആയിരുന്നു. കേരളത്തില്‍ ഭവനരാഹിത്യത്തിനെതിരായ ക്രിയാത്മക പ്രവര്‍ത്തനത്തിന്റെ ചരിത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ക്ഷേമരാഷ്ട്ര സങ്കല്പത്തോടും അത്തരം സംരംഭങ്ങളിലുള്ള ജനപങ്കാളിത്തത്തോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
സമൂഹത്തില്‍ സാമ്പത്തിക ഉച്ചനീചത്തങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഭവനരാഹിത്യത്തിനെതിരായ സമരത്തില്‍ ഭരണകൂടത്തിനും ഭവനനിര്‍മ്മാണ ബോര്‍ഡുപോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ണായക പങ്കാണ് നിര്‍വഹിക്കാനുള്ളത്. അതുകൊണ്ടുതന്നെ ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജം പകരാന്‍ ഭരണകൂടം പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നുപോയ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിയായ നവകേരള മിഷന്റെ ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലൈഫ് പദ്ധതി. അതിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട രണ്ടു ലക്ഷം ഭവനങ്ങളുടെ ഗൃഹപ്രവേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കുന്നത്. കേവലം ഒരു വീട് എന്നതിലുപരി ഓരോ കുടുംബത്തിനും അന്തസുറ്റ ജീവിതം കൂടിയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വീടുനല്‍കുന്നതോടെ സര്‍ക്കാര്‍ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി പിന്‍വാങ്ങുകയല്ല ചെയ്യുന്നത്. വിദ്യാഭ്യാസവും തൊഴിലും അടക്കം ഐശ്വര്യപൂര്‍ണമായ തുടര്‍ജീവിതം കൂടിയാണ് ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിഭാവനം ചെയ്യുന്നത്. സമൂഹത്തില്‍ അരികുവല്ക്കരിക്കപ്പെട്ടുപോയ ഒരു ജനവിഭാഗത്തെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ആനയിക്കുക എന്ന ദീര്‍ഘവീക്ഷണമാണ് പദ്ധതിയെ ശ്രദ്ധേയവും മാതൃകാപരവുമാക്കി മാറ്റുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.