യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം

Web Desk
Posted on May 24, 2018, 10:59 pm

കൊല്ലം: ചാരായ കച്ചവടത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയ വിരോധം മൂലം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും.
ചവറ തെക്കുംഭാഗം തേവലക്കര അരിനല്ലൂര്‍ ആഞ്ചലോസ് ഭവനത്തില്‍ ആഞ്ചലോസി(30)നെ കൊലപ്പെടുത്തിയ മണ്‍ട്രോതുരുത്ത് പള്ളിച്ചേരിക്കടവ് മാമൂട്ടികടവില്‍ വീട്ടില്‍ തോമസ്(27), തേവലക്കര അരിനല്ലൂര്‍ കാരംകോട്ടു പടിഞ്ഞാറ്റതില്‍ വീട്ടില്‍ ബിജു(30), തേവലക്കര അരിനല്ലൂര്‍ വടക്കടത്ത് കിഴക്കതില്‍ സാബു(30) എന്നിവരെയാണ് കൊല്ലം മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ആര്‍ രാമബാബു ശിക്ഷിച്ചത്. പിഴയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ആഞ്ചലോസിന്റെ അവകാശികള്‍ക്ക് നല്‍കണം.
അരിനല്ലൂര്‍ ലോകരക്ഷക ആശുപത്രിക്ക് സമീപം കൊച്ചുപുല്ലിക്കാട് ജംഗ്ഷനില്‍ 2007 മാര്‍ച്ച് മൂന്നിന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ആഞ്ചലോസ് പ്രതികളുടെയും മറ്റും ചാരായക്കച്ചവടത്തിനെതിരെ ചവറ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിരോധം മൂലം പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുമെന്ന ഭയം മൂലം ആഞ്ചലോസ് കൊല്ലത്തുള്ള ഭാര്യവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സംഭവദിവസം അരിനല്ലൂരെ ലോകരക്ഷക ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ച വല്യമ്മ വിക്‌ടോറിയയെ കാണാനായി വന്നപ്പോഴാണ് പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പത്തല്‍ ഉപയോഗിച്ച് മാരകമായി ആക്രമിച്ചശേഷം ആഞ്ചലോസ് വന്ന മോട്ടോര്‍സൈക്കിള്‍ പൊക്കിയെടുത്ത് ദേഹത്തേയ്ക്ക് ഇടുകയായിരുന്നു. കണ്ടുനിന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദൃക്‌സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടത്തിയ വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവുകൂടി അനുഭവിക്കണം.
ചവറ തെക്കുംഭാഗം പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ചവറ സിഐയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാലയ്ക്കത്തറ ബി ശ്യാമപ്രസാദ് കോടതിയില്‍ ഹാജരായി.