25 April 2024, Thursday

അങ്കണവാടി ജീവനക്കാരുടെ ജീവിതസമരം

Janayugom Webdesk
March 4, 2022 5:00 am

രാജ്യത്തെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗത്തിന്റെ സാമൂഹ്യവും ആരോഗ്യപരവുമായ ഉന്നതി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ പ്രായോഗികതലത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള തൊഴില്‍ വിഭാഗമാണ് അങ്കണവാടിവര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും. ഇവരോടൊപ്പം ആരോഗ്യമേഖലയിലുള്ള ആശാവര്‍ക്കര്‍മാരും സുപ്രധാന പങ്കുവഹിക്കുന്നവരാണ്. കോവിഡിന് മുമ്പുളള കണക്കനുസരിച്ച് രാജ്യത്ത് 7000 ബ്ലോക്കുകളിലായി 14 ലക്ഷം അങ്കണവാടികളും വര്‍ക്കര്‍മാരും ഹെല്‍പര്‍മാരുമായി 25 ലക്ഷത്തോളം ജീവനക്കാരുമുണ്ടെന്നാണ് കണക്ക്. എല്ലാം അടച്ചിട്ട കോവിഡ് മഹാമാരിക്കാലത്തുപോലും അടിസ്ഥാന ജനവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവനസന്നദ്ധരായവരായിരുന്നു അങ്കണവാടി ജീവനക്കാര്‍. എന്നാല്‍ സ്ത്രീജനങ്ങളായ ഈ വിഭാഗത്തിന് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും വളരെ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കുന്ന കുറഞ്ഞ തുക പോലും കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കാത്തതിനാല്‍ വൈകുകയോ മുടങ്ങുകയോ ചെയ്യുന്നതും പതിവാണ്. അതുകൊണ്ടുതന്നെ വേതന വര്‍ധനയെന്നതിനപ്പുറം പലപ്പോഴും നിശ്ചയിച്ച വേതനം ലഭിക്കുകയെന്ന ആവശ്യമാണ് അവരുടെ പ്രക്ഷോഭങ്ങളില്‍ പ്രധാനമായും ഉന്നയിക്കപ്പെടാറുള്ളത്. കൂടാതെ സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് നല്കേണ്ട പോഷകാഹാരവും മറ്റും ലഭിക്കാതെ വന്നാലുള്ള ജനങ്ങളുടെ രോഷം നേരിടേണ്ടിവരുന്നവരും ഇവരാണ്. ഈ വിധത്തില്‍ സമയക്രമം പോലുമില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ വേതനമെന്നത് പലപ്പോഴും സ്വപ്നം മാത്രമായി മാറിയ സാഹചര്യത്തിലാണ് പല സംസ്ഥാനങ്ങളിലും അവരുടെ സംഘടനകള്‍ പ്രക്ഷോഭത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കുന്നത്. എഐടിയുസി, സിഐടിയു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രക്ഷോഭം പല സംസ്ഥാനങ്ങളിലും നടക്കുന്നത്. 9,678 രൂപയാണ് ഡല്‍ഹിയില്‍ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത്. ഹെല്‍പ്പര്‍മാര്‍ക്ക് 4,839 രൂപയും. പല സംസ്ഥാനങ്ങളിലെയും വരുമാനം ഇതിന് സമാനമാണ്. പല സംസ്ഥാനങ്ങളിലും ഇതിനുസമാനമായി 4,500 രൂപ മുതല്‍ 10,000 രൂപ വരെയാണ് വേതനമായി നല്കപ്പെടുന്നത്. കേരളം പോലെ അപൂര്‍വം സംസ്ഥാനങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട വേതന നിലയുള്ളത്. ഇവിടെ 66,000ത്തിലധികം വരുന്ന ഈവിഭാഗക്കാര്‍ക്ക് പ്രതിമാസം യഥാക്രമം 12,000 രൂപ, 8,500 രൂപ വീതം നല്കിവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേതന വര്‍ധനയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നത്.

 


ഇതുംകൂടി വായിക്കാം;കുട്ടികളുടെ പോഷകാഹാരക്കുറവ് വെല്ലുവിളിയാകുമോ?


 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡിഷ, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഛത്തീസ്ഗഡ്, പഞ്ചാബ് തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം അവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സമരത്തിന്റെ പാതയിലാണ്. ഏറ്റവും ഒടുവില്‍ ഡല്‍ഹിയിലാണ് അങ്കണവാടി ജീവനക്കാരുടെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത്. സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ മാനുഷികമായി സമീപിക്കുന്നതിനു പകരം പൊലീസിനെയും മറ്റ് സംവിധാനങ്ങളെയും ഉപയോഗിച്ച് നേരിടുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാരുകള്‍ നടത്തുന്നുണ്ട്. മറ്റുള്ളവരുടെ കുട്ടികള്‍ക്ക് പോഷകാഹാരമെത്തിക്കുകയും വിദ്യാഭ്യാസത്തിലേയ്ക്കുള്ള വാതായനം തുറന്നു നല്കുകയും ചെയ്യുന്ന വിഭാഗമാണ് തങ്ങളുടെ കുട്ടികളടക്കമുള്ള കുടുംബത്തിന് ഭക്ഷണം വാങ്ങുന്നതിനുള്ള തുകയെങ്കിലും വേതനമായി നല്കണമെന്ന് ആവശ്യപ്പെടുന്നത്. പല സംസ്ഥാനങ്ങളില്‍ നിന്നും ഈ വിഭാഗത്തിന്റെ പരിതാപകരമായ ജീവിതാവസ്ഥയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പരിമിതമായ വേതനത്തെ തുടര്‍ന്ന് സൗജന്യ ഭക്ഷണ വിതരണകേന്ദ്രങ്ങളില്‍ വരിയില്‍ നില്‍ക്കേണ്ടിവരുന്നവരുടെ കദന കഥകളുണ്ടതില്‍. ഇവിടെ നിന്ന് ലഭിക്കുന്ന വേതനം തികയാതെ വരുന്നതിനാല്‍ രാത്രി മറ്റ് ജോലികള്‍ ചെയ്യേണ്ടിവരുന്നവരുമുണ്ട്. ഇത്തരമൊരു പരിതോവസ്ഥയില്‍ നിന്നാണ് അവര്‍ പല സംഘടനകളുടെ കൊടികളേന്തി തെരുവിലിറങ്ങിയിരിക്കുന്നത്.

 


ഇതുംകൂടി വായിക്കാം;വീട്ടിലെത്തുന്ന അങ്കണവാടികള്‍


 

കോവിഡിന്റെ ദുരിതകാലത്തും പ്രളയത്തിന്റെ മാരിപ്പെയ്ത്തിലും കുട്ടികളുടെയും ഗര്‍ഭിണികളുടെയും ക്ഷേമമന്വേഷിച്ച് പിപിഇ കിറ്റ് ധരിച്ചും കുട ചൂടിയും നടന്നവരാണവര്‍. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നുംതന്നെ അധികമല്ല. സര്‍ക്കാരിന്റെ കുറഞ്ഞ വേതനത്തിന്റെയോ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രതിദിന വേതനത്തിന്റെയോ തൊട്ടടുത്തുപോലുമെത്താത്ത വേതനം പരിഷ്കരിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. അതുപോലെ ഇന്‍ഷുറന്‍സ് പോലുള്ള ജീവന്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നതും. നമ്മുടെ നാടിന്റെ ദുരിതകാലത്ത് സാധാരണക്കാരുടെ ഭവനങ്ങളിലെ നിത്യസന്ദര്‍ശകരായിരുന്ന ഈ വിഭാഗം തങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരങ്ങളില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്, അടിച്ചമര്‍ത്തുകയല്ല. ഈ സമരങ്ങള്‍ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നുണ്ട്, അര്‍ഹിക്കുന്നുമുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.