പല്ലിലെ ഈ വൃത്തികേട് ഇനിയുണ്ടാകില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

Web Desk
Posted on February 13, 2020, 12:54 pm

മനുഷ്യന് മാത്രമായ സവിശേഷതകളിൽ ഒന്നാണ് ചിരി എന്നത്. എന്നാൽ പലപ്പോഴും മനോഹരമായ ചിരിയ്ക്ക് വിലങ്ങുതടിയാകുന്നത് പല്ലിൽ അടിഞ്ഞ് കൂടുന്ന പ്ലേക്ക് അഥവാ കറയാണ്. ഒരാളാേട് സംസാരിക്കാനും ചിരിക്കാനുമുള്ള ആത്മവിശ്വാസക്കുറവ് നേരിടുന്നവരായിരിക്കും നിങ്ങൾ. താഴ്ഭാഗത്തെ പല്ലുകളിലാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത്. ഒരു പല്ലിൽ ഉണ്ടാകുന്ന കറ പിന്നീട് മറ്റു പല്ലുകളിലേയ്ക്കും വ്യാപിക്കുകയാണ ചെയ്യുക. ഏറെ ശ്രദ്ധയോടെ തന്നെ ഇതിനെ നേരിടേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം എന്തുകൊണ്ടാണ് പല്ലിൽ കറ ഉണ്ടാകുന്നതെന്ന് അറിയണം.

പല്ലിലെ കറക്ക് പ്രധാന കാരണം പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. മധുരം കഴിച്ചതിന് ശേഷം വായ അപ്പോൾ തന്നെ കഴുകണമെന്ന് നമ്മുടെ അമ്മമാരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പലപ്പോഴും അവ ഗൗനിക്കാറേയില്ല. കാർബോഹൈഡ്രേറ്റ് (പഞ്ചസാര, അന്നജം) അടങ്ങിയ ഭക്ഷണങ്ങളായ പാൽ, ശീതളപാനീയങ്ങൾ, ഉണക്കമുന്തിരി, ദോശ, മിഠായി എന്നിവയെല്ലാം കഴിച്ച ശേഷം വായ് വൃത്തിയാക്കിയില്ലെങ്കിൽ അത് പല്ലിൽ പ്ലേഖ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും വായിൽ ഉണ്ടാവുന്ന ബാക്ടീരിയകൾ ഈ ഭക്ഷണങ്ങാവശിഷ്ടങ്ങളിൽ പ്രവർത്തിക്കുകയും അതിന്റെ ഫലമായി ആസിഡുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് വേഗം വൃത്തിയാക്കിയില്ലെങ്കിൽ പലപ്പോഴും ഒരു നിശ്ചിത കാലയളവിന് ശേഷം ഈ ആസിഡുകൾ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുക വഴി പല്ലുകൾ നശിക്കുകയും ചെയ്യുന്നു.

 

ദിവസവും രണ്ടു നേരം പല്ലു തേയ്ക്കുക എന്നത് തന്നെയാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളിൽ ഒന്ന്. അതിന് വേണ്ടി മൃദുവായതും വൃത്താകൃതിയിലുള്ളതുമായ ടിപ്പ് ബ്രിസ്റ്റഡ് ടൂത്ത് ബ്രഷ് ഉപയോഗിക്കണം. മോണകളും പല്ലുകളും കൂടിച്ചേരുന്ന സ്ഥലത്തും താഴ് ഭാഗത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഫലകത്തിനും മോണരോഗത്തിനും കാരണമാകുന്ന ബാക്ടീരിയകൾ കുറയ്ക്കുന്നതിന് വേണ്ടി ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് വായ് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ പരിശോധനയ്‌ക്കും പല്ലുകൾ‌ വൃത്തിയാക്കുന്നതിനും ഓരോ 6 മാസത്തിലും നിങ്ങളുടെ ദന്തരോഗവിദഗ്ധനെ കാണുന്നതും ഉത്തമമാണ്.

സമീകൃതാഹാരം കഴിക്കുകയും ലഘുഭക്ഷണം ആവശ്യമുണ്ടെങ്കിൽ, പ്ലെയിൻ തൈര്, ചീസ്, പഴം അല്ലെങ്കിൽ അസംസ്കൃത പച്ചക്കറികൾ പോലുള്ള പോഷകാഹാരങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യാം. വായിൽ ഉമിനീർ വർദ്ധിക്കുന്നത് വായുടെ ആരോഗ്യത്തിനും ദന്ത സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതിനായി സെലറി പോലുള്ള പച്ചക്കറികൾ ഉപയോഗിക്കുക. എന്നാൽ വീട്ടിലെ ചില പൊടിക്കൈകളിലൂടെ പല്ലിലെ കറയെ അകറ്റാൻ സാധിക്കും.

ഉമിക്കരി : പഴമക്കാർ പല്ലുതേയ്ക്കാൻ ഉപയോഗിച്ചിരുന്നതാണ് ഉമിക്കരി. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് അറിയാത്തതും കേട്ടുകേൾവി ഇല്ലാത്തതുമായ ഒന്ന്. ഉമിക്കരിയിട്ട് രണ്ടു നേരം പല്ലു തേച്ചാൽ നിങ്ങളുടെ പല്ലിലെ കറ പൂർണമായും ഇല്ലാതാകും.

വെളിച്ചെണ്ണ : എല്ലാ ദിവസവും വെളിച്ചെണ്ണ കൊണ്ട് ബ്രഷ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. വെളിച്ചെണ്ണ ദിവസവും കവിൾ കൊള്ളുന്നതിലൂടെ നിങ്ങളുടെ പല്ലിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുകയുെ ചെയ്യും.

ഓറഞ്ചിന്റെ തൊലി : ഓറഞ്ചിന്റെ തൊലി എടുത്ത് അത് കൊണ്ട് പല്ലില്‍ നല്ലതു പോലെ ഉരക്കുക. ദിവസവും രാവിലെ ഇത് കൊണ്ട് പല്ല് തേക്കാവുന്നതാണ്. ഇത് രാവിലേയും രാത്രിയും പല്ല് തേക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പല്ലിലെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ദിവസവും ഇതെല്ലാം ശീലമാക്കിയാൽ ഏത് ഇളകാത്ത കറയും ഇളകും എന്ന കാര്യത്തിൽ സംശയം വേണ്ട.

പേരക്ക : ഒരുപാട് ഗുണങ്ങളുള്ള പഴങ്ങളിൽ ഒന്നാണ് പേരക്ക. നമ്മുടെ വീട്ടുപറമ്പിൽ തന്നെ സുലഭമായി പേരക്ക കാണാറുണ്ട്. പേരക്കയുടെ ഇലകള്‍ കൊണ്ട് പല്ല് തേയ്ക്കുകയോ അല്ലെങ്കില്‍ പേരക്ക കഴിക്കുകയോ ചെയ്യാം. ഇത് പല തരത്തിലും പല്ലിലെ കറയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും.

വാകയില : പല്ലിലെ കറയെ ഇല്ലാതാക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്നാണ് വാകയില. ഇത് കൊണ്ട് പല്ല് തേച്ചാൽ പല്ലിൽ അടിഞ്ഞ് കൂടിയിട്ടുള്ള കറയെ പൂർണമായും ഇല്ലാതാക്കാം. പല്ലിന് നല്ല കരുത്തും നൽകും. ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എല്ലാ ദിവസവും ഈ വാകയില കൊണ്ട് പല്ല് തേക്കാവുന്നതാണ്.

you may also like this video;