23 April 2024, Tuesday

ജീവിതശൈലീ രോഗനിര്‍ണയ പരിശോധന ഒരു കോടി കടന്നു

Janayugom Webdesk
തിരുവനന്തപുരം
March 28, 2023 10:55 pm

സംസ്ഥാനത്ത് ജീവിതശൈലീ രോഗനിര്‍ണയ പരിശോധന ഒരു കോടി കഴിഞ്ഞു. രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ വഴിയാണ് 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ പരിശോധന പൂര്‍ത്തിയാക്കിയത്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്.
ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന ക്യാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ ഇത് അടുത്തിടെ അവതരിപ്പിച്ചു. രാജ്യത്തെ ഏക സാംക്രമികേതര രോഗപദ്ധതിയായ ഈ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപയാണ് ഈ ബജറ്റില്‍ അനുവദിച്ചത്.

നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രക്താതിമര്‍ദ്ദം, പ്രമേഹം, കാന്‍സര്‍, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയുക എന്നതാണ് പ്രധാനമായും ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്.
പ്രമേഹം, രക്താതിമര്‍ദ സാധ്യതയുള്ള വ്യക്തികളുടെ സബ്‌സെന്റര്‍തല സ്‌ക്രീനിങ് നടത്തി പ്രമേഹത്തിന്റെ അളവും രക്തസമ്മര്‍ദവും രേഖപ്പെടുത്തുവാനുള്ള സംവിധാനവും ശൈലി ആപ്പില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുണ്ട്.
കാന്‍സര്‍ സാധ്യത കണ്ടെത്തി റഫര്‍ ചെയ്ത വ്യക്തികളുടെ കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും കാര്യക്ഷമമാക്കുന്നതിനായി കാന്‍സര്‍ സ്‌ക്രീനിങ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ജില്ലകളില്‍ നടക്കുന്നുണ്ട്. 

സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയവരില്‍ 19.86 ശതമാനത്തിന് രോഗസാധ്യത 

ഇതുവരെ ആകെ 1,00,00,475 പേരുടെ പരിശോധന പൂര്‍ത്തിയാക്കിയതില്‍ 19.86 ശതമാനം (19,86,398) പേര്‍ക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാന്‍സര്‍ പരിശോധനയിലൂടെ 6.38 ശതമാനം പേരെ (6,38,882) കാന്‍സര്‍ സാധ്യത കണ്ടെത്തി കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കിടപ്പ് രോഗികളായ 72,949 (0.7 ശതമാനം) പേരുടെയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത 1,30,175 (1.3 ശതമാനം) വ്യക്തികളുടേയും 30,14,538 (30 ശതമാനം) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്. ആവശ്യമായവര്‍ക്ക് വയോജന സാന്ത്വന പരിചരണ പദ്ധതി വഴി ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 

Eng­lish Sum­ma­ry: Lifestyle diag­no­sis tests crossed one crore

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.