Web Desk

March 14, 2020, 7:47 pm

അനുസരണ പഠിപ്പിക്കാൻ കുഞ്ഞുങ്ങളെ തല്ലുകയാണോ വേണ്ടത്? രക്ഷിതാക്കള്‍ മനസിലാക്കാന്‍ ചില കാര്യങ്ങള്‍

Janayugom Online

കുറുമ്പു കാട്ടുന്ന കുട്ടികളെ അനുസരണ പഠിപ്പിക്കുന്നത് ഏതൊരു രക്ഷിതാവിനും ബാലികേറാമലയാണ്. ചില കുട്ടികള്‍ വളരുന്നത് തന്നെ രക്ഷിതാക്കളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടായിരിക്കും. കുട്ടികള്‍ ചെറിയതോതില്‍ അനുസരണക്കേട് കാണിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം കുറുമ്പുകള്‍ കാണുമ്പോള്‍ വടിയെടുക്കാന്‍ ഓടുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ആലോചിക്കണം. ശിക്ഷയാവാം എന്നാല്‍ തല്ലി വളര്‍ത്തുന്നതല്ല ശിക്ഷ എന്നു മനസിലാക്കുക. കുട്ടികള്‍ ചെയ്യുന്ന തെറ്റ് എന്താണെന്ന് അവരെ പറഞ്ഞു മനസിലാക്കണം. സ്നേഹത്തോടെയുള്ള വാക്കുകളിലൂടെയും ലാളനകളിലൂടെയും അവരെ അടക്കിനിര്‍ത്താവുന്നതാണ്.

കൊച്ചുകുട്ടികളെ ശാരീരികമായി ശിക്ഷിച്ച്‌ വളര്‍ത്തിയാല്‍ നന്നാവുമെന്ന് കരുതുന്ന മാതാപിതാക്കളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത്തരത്തിൽ കുട്ടികളെ ശിക്ഷിച്ച് വളർത്തുന്നതിലൂടെ കുട്ടികൾ കൂടുതൽ അക്രമവാസനയുള്ളവരായി തീരും. മറ്റുള്ളവരുടെ മുന്നിൽ നിന്ന് കുട്ടികളെ ശിക്ഷിക്കുന്നതും ഏറെ ദോഷകരമാണ്. ചെറിയ കുറ്റങ്ങള്‍ക്കുപോലും കുട്ടികളെ തല്ലി ശിക്ഷിക്കുന്നതിലൂടെ കുട്ടികളിൽ വാശി വളര്‍ത്തുന്നതിനേ ഉപകരിക്കൂ. ഇത്തരം ശിക്ഷാരീതികള്‍ കുട്ടികളെ മാനസികമായി വേദനിപ്പിക്കും.

ഭീതി ഉയര്‍ത്തി പിടിച്ചുപറ്റാനുള്ളതല്ല ബഹുമാനം. നമ്മുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും കിട്ടേണ്ട ഒന്നാണത്. ശിക്ഷണം എന്നത് മോശമായ കാര്യമായിട്ടാണ് കുട്ടികള്‍ മനസിലാക്കുന്നത്. അതിനാല്‍ ഭാവിയില്‍ തെറ്റായ ധാര്‍മിക ബോധം അവരില്‍ ഉളവാക്കാന്‍ ഇത് വഴിവയ്ക്കും. താന്‍ ചെയ്ത ചെറിയ തെറ്റിനുപോലും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത് കുട്ടികളിൽ രക്ഷിതാക്കളോടുള്ള ദേഷ്യം വര്‍ധിക്കാന്‍ കാരണമാകും. ഇതിലൂടെ വീണ്ടും വീണ്ടും രക്ഷിതാക്കളെ ധിക്കരിക്കാന്‍ അവർ മുതിരും. രക്ഷിതാക്കള്‍ ദേഷ്യം തീര്‍ക്കാനായി നല്‍കുന്ന ശിക്ഷാവിധികള്‍ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. രക്ഷിതാക്കള്‍ കുട്ടികളുടെ തെറ്റിനെയാണ് തിരുത്തിക്കേണ്ടത് എന്നറിഞ്ഞ് പെരുമാറുക.

ചെറുപ്പക്കാലത്ത് കുട്ടികളിലുണ്ടാകുന്ന വിഷമങ്ങൾ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ശാരീരിക ശിക്ഷാരീതികള്‍ കൊച്ചുകുട്ടികളില്‍ ആത്മവിശ്വാസം കുറയുക, സ്വയംനിന്ദ തോന്നുക, സ്വഭാവ വൈകല്യങ്ങള്‍, വിഷാദം, ഉത്കണ്ഠ, തുടങ്ങിയ അസ്ഥകള്‍ക്ക് കാരണമായേക്കാം. മാനസികവും ബൗദ്ധികവുമായ വളര്‍ച്ച കുറയുക, ആത്മഹത്യാപ്രവണത ഏറുക, മടി കാണിക്കുക, പഠനത്തില്‍ പിന്നോട്ടാവുക എന്നിവയെല്ലാം സംഭവിച്ചേക്കാം. മിക്കയിടങ്ങളിലും നാം കണ്ടുവരുന്നതാണ് രക്ഷിതാക്കളുടെ വഴക്കോ അടിയോ കിട്ടിയ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടുന്നത്. ശാരീരിക ശിക്ഷാരീതികള്‍ കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.

രക്ഷിതാക്കളോടുള്ള പ്രതിഷേധമെന്നോണം അവർ പീഡിപ്പിക്കുന്നത് അവരുടെ തന്നെ ശരീരത്തെയാ. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെയുമുള്ള സമീപനമാണ് വേണ്ടത്. ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടിയെ അടിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ ഭവിഷ്യത്ത് പറഞ്ഞു മനസിലാക്കുന്നതാണ്. ഒരു തവണ കുട്ടിക്ക് സ്കൂളിൽ നിന്ന് ഹോംവർക്ക് ചെയ്യാതെ വന്നാലെന്തുണ്ടാകുമെന്നു മനസിലാക്കാൻ അവസരം നൽകാം. അപ്പോൾ ആ ദുരനുഭവം ആവർത്തിക്കാതിരിക്കാൻ അവർ തന്നെ ശ്രമിച്ചുകൊള്ളും.

പല പഠനങ്ങളിലും പറയുന്നത് കുട്ടികളെ ശാരീരികമായല്ല ശിക്ഷിക്കേണ്ടത്. മാനസികമായ ചെറിയശിക്ഷകളിലൂടെ ശരി എന്ത് തെറ്റ് എന്ത് എന്ന് അവരിൽ ബോധ്യമുണ്ടാക്കി കൊടുക്കണം. ഉദാഹരണത്തിന് മോശമായി പെരുമാറിയ ഒരു കുട്ടിയെ ഉടനെ രണ്ടെണ്ണം പൊട്ടിച്ച് നാല് ചീത്ത പറയുന്നതിന് പകരം അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കുറച്ച് കാലയളവിലേക്കെങ്കിലും നിഷേധിക്കുക. ഉദാഹരണത്തിന് ടി വി കാണുന്നത് കംമ്പ്യൂട്ടറിന്റെ ഉപയോഗം,കളിക്കാൻ വിടുന്നത് എന്നിവയെല്ലാം. . താൻ തെറ്റ് ചെയ്തതുകൊണ്ടാണ് ഇതെല്ലാം നിഷേധിക്കപ്പെട്ടത് എന്ന് കുഞ്ഞിന് ബോധ്യപ്പെടുത്തിക്കൊടുക്കണം. ഇനി ഇതാവർത്തിച്ചാൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നു മനസിലാകുമ്പോൾ അവർ സാവകാശം ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും.

കുട്ടികളുടെ ദുർവാശികൾ ഉപദേശത്തിലൂടെയും മറ്റും മാറുന്നില്ല എന്നുണ്ടെങ്കിൽ ചെയ്തു വരുന്ന മറ്റൊരു ശിക്ഷ രീതിയാണ് ടൈം ഔട്ട്. ഒരിക്കൽ പോലും വെറുതെയിരിക്കാൻ കൂട്ടാക്കാത്ത കുട്ടികളെ ഒന്നു ചെയ്യാനനുവദിക്കാതെ ഒരിടത്ത് ഇരുത്തുക. കളിക്കാൻ വിടുകയോ, മറ്റുള്ളവരുമായി സംസാരിക്കാൻ അനുവദിക്കുകയോ ഒന്നും ചെയ്തില്ലെങ്കിൽ അവർക്കത് കനത്ത ശിക്ഷയായി തന്നെയാണ് അനുഭവപ്പെടുക. തെറ്റായ പെരുമാറ്റ രീതികളില്‍ നിന്ന് കുട്ടികൾ മാറി നില്‍ക്കാന്‍ ടൈം ഔട്ട് ഫലപ്രദമായ ഒരു ശിക്ഷാ രീതി തന്നെയാണ്. കുട്ടികളെ നല്ലതു പഠിപ്പിക്കാനുള്ള നല്ല മാർഗം അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതേ രീതിയിൽ ആദ്യം നമ്മൾ അവരോട് പെരുമാറുക. തല്ലി വേദനിപ്പിച്ച് മാതാപിതാക്കളോട് മാനസികമായി വെറുപ്പും ദേഷ്യവുമുള്ളവരായി കുഞ്ഞുങ്ങൾ വളരാതിതിരിക്കാൻ ഇത് കൂടുതൽ ഉപകാരപ്പെടും.

Eng­lish Sum­ma­ry: lifestyle focus parenting

You may also like this video