വിദേശ വനിതയുടെ കൊലപാതകം: നിര്‍ണ്ണായക തെളിവുശേഖരണം ഇന്ന്

Web Desk
Posted on May 05, 2018, 8:20 am

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവുകള്‍ ശേഖരിക്കും. വിശദമായ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായാണ്, പ്രതികളെ അന്വേഷണസംഘം, 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

യുവതിഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കോവളത്തെ റിസോര്‍ട്ടിലാണ് പ്രതികളെ ആദ്യം തെളിവെടുപ്പിനായി എത്തിക്കുക. അതിനുശേഷം പനത്തുറയിലെ ക്ഷേത്രപരിസരത്തും കല്യാണ മണ്ഡപത്തിലും ഫൈബര്‍ബോട്ടിലും പൊലീസ് തെളിവെടുക്കും. .കേസിലെ നിര്‍ണ്ണായക തെളിവുകളായ വിദേശവനിതയുടെ ചെരുപ്പും വസ്ത്രവും ഉള്‍പ്പെടെയുള്ളവ പ്രതികള്‍ പോലീസിന് കാട്ടിക്കൊടുക്കും. ബലാല്‍സംഗത്തിന് ഇരയായ സ്ഥലം,എങ്ങനെയാണ് ഇവരെ കൊലപ്പെടുത്തിയത്,കൃത്യം നടത്തിയ ശേഷം ഉമേഷും ഉദയനും രക്ഷപ്പെട്ട വഴി,മൃതദേഹം കെട്ടിതൂക്കിയതെങ്ങനെ തുടങ്ങിയ വിവരങ്ങള്‍ പോലീസ് ചോദിച്ചറിയും.

വിദേശ വനിതയുടെ കൊലപാതകക്കേസില്‍ പ്രതികളെ ഈ മാസം 17 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുളളത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേ സമയം പ്രതി ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. ഏപ്രില്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രതികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.