Web Desk

തിരുവനന്തപുരം

June 09, 2021, 8:22 am

കെഎസ്ആര്‍ടിസിയുടെ പരിമിത ദീർഘദൂര സർവീസുകൾ ഇന്നു മുതൽ

Janayugom Online

ലോക്ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവീസുകൾ ഇന്നു മുതല്‍ പുനരാരംഭിക്കും. യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ചാകും സര്‍വീസ് നടത്തുക. യാത്രാക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ബസുകളിൽ ഇരുന്നും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കയ്യിൽ കരുതണം. 

നാഷണൽ ഹൈവേ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവടങ്ങളിലൂടെയാണ് പ്രധാനമായും ​ദീർഘദൂര സർവീസുകൾ നടത്തുന്നത്. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടായിരിക്കില്ല. എന്നാൽ ആവശ്യ സർവീസുകൾക്കായുള്ള ബസുകൾ സര്‍വീസ് നടത്തും. 

പതിമൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസുകൾ പുനരാരംഭിക്കുകയും ചെയ്യും. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം പൂർണമായും ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്പ്, www. ker­alartc. com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ് ചെയ്യാനുമാകും.

ENGLISH SUMMARY:Limited long dis­tance ser­vices of KSRTC from today
You may also like this video