Web Desk

July 06, 2021, 2:57 pm

ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികള്‍

Janayugom Online

കോൺഗ്രസ് പുന:സംഘടന ചർച്ചകൾക്കായി ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഷ്ട്രീയകാര്യ സമിതിയിൽ കൈക്കൊണ്ട തിരുമാനങ്ങളിൽ അംഗീകാരം നേടിയെടുക്കുകയാണ് ലക്ഷ്യം. സുധാകരൻ തിരിച്ചെത്തുന്നതോടെ പുന;സംഘടന നടപടികളിലേക്ക് കോൺഗ്രസ് കടക്കും. കെപിസിസി ഭാരവാഹികളെ നിയിക്കുന്നതിന് മുൻപ് ഡിസിസി പുനസംഘടന നടത്തുകയാണ് കോൺഗ്രസ് ലക്ഷ്യം. 14 ഡിസിസി പ്രസിഡന്റുമാരേയും മാറ്റാനാണ് നിലവിൽ തിരുമാനം. ജംബോ കമ്മിറ്റികള്‍ക്കും മാറ്റം വരുത്തുവാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഗ്രൂപ്പുകള്‍ ഒരു കാരണവശാലും അംഗീകരിക്കത്തില്ല എന്ന നിലപാടിലുമാണ്. നിലവിൽ 9 ഡിസിസികൾ എ ഗ്രൂപ്പിനും 5 ഡിസിസികൾ ഐ ഗ്രൂപ്പിന്റേയും കൈയ്യിലാണ്.

ഇതേ വീതം വയ്പ്പ് തന്നെ തുടരണമെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരുവിഭാഗം. എന്നാൽ ഗ്രൂപ്പ് വീതം വെയ്പ്പുകൾ അനുവദിക്കില്ലെന്ന കർശനമായ നിർദ്ദേശം കെ സുധാകരൻ നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയോടും ഉമ്മൻചാണ്ടിയോടും സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഗ്രൂപ്പു മാനേജര്‍മാര്‍ സുധാകരന്‍റെ നിര്‍ദ്ദേശത്തെ തള്ളി കളഞ്ഞിരിക്കുന്നു. ഇതേസമയം പ്രായപരിധി, ഇരട്ട പദവി എന്നീ മാനദണ്ഡങ്ങൾ പരിഗണിച്ചേക്കും കഴിഞ്ഞ തവണ 60 വയസ് കഴിഞ്ഞവരെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി സ്വീകരിച്ചത്. എന്നാൽ ഇത്തവണ പ്രായപരിധി നിശ്ചയിക്കേണ്ടതില്ലെന്നാണ് കെ സുധാകരന്റെ നിലപാട്.

കഴിഞ്ഞവരായാലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന നേതാക്കളാണെങ്കിൽ അവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശമാണ് സുധാകരൻ മുന്നോട്ട് വെയ്ക്കുന്നത്. ഒപ്പം യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പരിഗണനയെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. ഇതിനോടകം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി സാധ്യത പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വടകര എംപി കൂടിയായ കെ മുരളീധരൻ. ജില്ലയിൽ അധ്യക്ഷ സ്ഥാനത്തേക്ക് കഴിവുള്ള യുവ നേതാക്കൾ വരണമെന്ന് മുരളീധരൻ പറഞ്ഞു. നിലവിൽ യു രാജീവ് ആണ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു നിയമനം. കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ദിഖ് കെപിസിസി വൈസ് പ്രസിഡന്റ്‌ ആയ സാഹചര്യത്തിലായിരുന്നു എ ഗ്രൂപ്പ് അംഗമായ രാജീവിന് നറുക്ക് വീണത്. വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനം എന്നതിനാൽ ഇത്തവണയും ഇതിനായുള്ള ചരടുവലികൾ നേതാക്കൾ നടത്തുന്നുണ്ട്. എന്നാൽ തലസ്ഥാനത്തേക്ക് എ ഗ്രൂപ്പിന് മുന്നോട്ട് വെയ്ക്കാൻ പേരുകളൊന്നുമില്ല. ഐ ഗ്രൂപ്പിലാകട്ടെ എൻ സുബ്രഹ്മണ്യൻ, കെ പ്രവീൺകുമാർ, പിഎം നിയാസ്, കെപി അനിൽകുമാർ , കെ ജയന്ത് തുടങ്ങിയ നേതാക്കളുടെ പേരുകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗ്രൂപ്പ് വീതം വെയപ്പിനെ മുരളീധരൻ എതിർക്കുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്, എംപിമാരായ കെ മുരളീധരൻ, എംകെ രാഘവൻ, മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും തിരുമാനം.

അതേസമയം സമവായത്തിലൂടെയാകണം തിരുമാനം എന്ന് മുരളീധരൻ പ്രതികരിച്ചു. താന്‍ ആരുടേയും പേര് താൻ മുന്നോട്ട് വയ്ക്കില്ല. ഹൈക്കമാന്റ് അഭിപ്രായം ചോദിച്ചാൽ ഇക്കാര്യത്തിൽ മറുപടി പറയും. എന്നാൽ എംപിമാരുടെ കൂടി അഭപ്രായം കൂടി തേടിയിട്ടാകണം നിയമനമെന്നും മുരളീധരൻ പറഞ്ഞു. 2001 ന് ശേഷം കോഴിക്കോട് നിന്ന് നിയമസഭയിലേക്ക് ഒരംഗത്തെ പോലും വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയുടെ തിരിച്ച് വരവ് എന്നത് തന്നെയാകും ഡിസിസി അധ്യക്ഷനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ യുവാക്കള്‍ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നതാണ് തന്‍റെ ലക്ഷ്യമെന്നും മുരളീധരന്‍ അഭിപ്രായപ്പെടുന്നു.

Eng­lish sum­ma­ry; lines-for-the-position-of-dcc-president

you may also like this video;