Tuesday
18 Jun 2019

“വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് എറ്റെടുത്തോട്ടെ”; പാര്‍വതി എന്നോട് ചോദിച്ചു

By: Web Desk | Monday 27 May 2019 12:25 PM IST


നിപ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കാന്‍ നടി പാര്‍വതി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ്. ലിനി മരിച്ച് മൂന്നാം ദിവസം പാര്‍വതി തന്നെ വിളിച്ചിരുന്നുവെന്നും ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ട്. പക്ഷെ ഒരിക്കലും തളരരുത്. ഞങ്ങള്‍ ഒക്കെ നിങ്ങടെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എറ്റെടുക്കാം, ആലോചിച്ച് പറഞ്ഞാല്‍ മതി” എന്നായിരുന്നു പാര്‍വതി പറഞ്ഞതെന്നും ഫേസ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പില്‍ സജീഷ് പറയുന്നു.

പക്ഷെ അന്ന് താന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിക്കുകയായിരുന്നുവെന്നും പിന്നീട് പാര്‍വ്വതി തന്നെ മുന്‍കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രൂപ്പ് ഡോക്ടര്‍മാര്‍ ഇതേ ആവശ്യവുമായി തന്നെ സമീപിച്ചിരുന്നുവെന്നും സജീഷ് പറയുന്നു. ‘

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉയരെ…. ഉയരെ… പാര്‍വ്വതി

പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ.

സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത് ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്.

പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു.

ഒരുപാട് സ്‌നേഹത്തോടെ Parvathy Thiruvothu ന് ആശംസകള്‍.

 

Related News