ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കല്‍: അപകടകരമായ നീക്കം

Web Desk
Posted on August 23, 2019, 10:39 pm

കെ രവീന്ദ്രന്‍

വ്യാജ വാര്‍ത്തകള്‍, അപകീര്‍ത്തികരമായ ലേഖനങ്ങള്‍, അശ്ലീല വസ്തുക്കള്‍, ദേശവിരുദ്ധ- തീവ്രവാദ ഉള്ളടക്കങ്ങള്‍ എന്നിവ തടയുന്നതിന് എന്ന പേരില്‍ ഉപയോക്താക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് മുതലായവയുമായി ആധാര്‍ ലിങ്കുചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ മോഡി സര്‍ക്കാര്‍ തുടരുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹാജരാകുന്ന ഘട്ടത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാല്‍  മുന്നോട്ടുവയ്ക്കുകയുണ്ടായി. മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നിലവിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെടുക്കണമെന്ന ഫെയ്‌സ്ബുക്ക് മേധാവികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഈ ആവശ്യമുന്നയിച്ചത്.

ബ്ലൂവെയില്‍ പോലുള്ള അപകടകരമായ ഓണ്‍ലൈന്‍ കളികള്‍ മാതാപിതാക്കളെ ഭയപ്പെടുത്തുകയും നിരവധി യുവ ഇന്ത്യന്‍ ചെറുപ്പക്കാരുടെ ജീവന്‍ തന്നെ അപഹരിക്കുകയും ചെയ്ത സാഹചര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി ഉന്നയിക്കപ്പെട്ടതാണെങ്കിലും പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്ന കാര്യത്തില്‍ സംശയമില്ല. അഡ്വക്കേറ്റ് ജനറലും ബെഞ്ചും നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളുപയോഗിക്കുന്ന വലിയ വിഭാഗത്തെ ദോഷകരമായി ബാധിക്കുന്നതാണെന്ന കാര്യവും സംശയരഹിതമാണ്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ഘോസെ എന്നിവരടങ്ങിയ ബെഞ്ച് സമൂഹമാധ്യമങ്ങളുടെ ഇരുണ്ട ഉപയോഗത്തിന്റെ അപകടങ്ങളും അതുവഴിയുണ്ടാകുന്ന സംഭവങ്ങളെ കുറിച്ചുള്ള ഭീതിയുമാണ് പരാമര്‍ശിച്ചത്.
എങ്ങനെയാണ് ഇതില്‍ പ്രവേശിക്കേണ്ടതെന്ന് എനിക്ക് അറിയില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഇരുണ്ട അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. സംഭവിക്കുന്നതിനേക്കാള്‍ മോശമാണ് ഇതെന്നാണ് ജസ്റ്റിസ് ഗുപ്ത അഭിപ്രായപ്പെട്ടത്.

ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് വ്യക്തിജീവിതവും അന്തസുമായി ബന്ധപ്പെട്ടതാണെന്നതിനാല്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം സ്വകാര്യതയെ മൗലികാവകാശമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ ദേശീയമായ ഭീഷണിയെന്ന പേരില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം അവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന നിരന്തര ശ്രമങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സമീപകാലത്തുണ്ടായ ചില വിധിന്യായങ്ങള്‍ സ്വകാര്യതയെ സംബന്ധിച്ച കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടായേക്കുമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. സ്വകാര്യതയ്ക്കുള്ള മൗലികാവകാശം പൂര്‍ണ്ണമായി കണക്കാക്കാനാവില്ലെന്നും പൊതുതാല്‍പര്യം കൂടി പരിഗണിച്ചുള്ള നിര്‍വചനത്തിനകത്തുള്ളതായിരിക്കണമെന്നും സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് ഈ മാസം ആദ്യം വിധി പ്രസ്താവിച്ചിരുന്നു. ആ സമയത്തിന്റെ പ്രത്യേകതകാരണം പ്രസ്തുത വിധിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. പക്ഷേ സ്വകാര്യത സംബന്ധിച്ച സംശയങ്ങളുടെ പ്രവാഹം സൃഷ്ടിക്കുന്നതിന് കാരണമായി. രസകരമെന്ന് പറയട്ടെ, ഇത്തവണത്തെ ബെഞ്ചില്‍ അംഗമായിരുന്നുകൊണ്ട് വെബ്ബിന്റെ ഇരുളിനെ കുറിച്ചും പോരുകളെ കുറിച്ചും ആശങ്ക ഉന്നയിച്ച ജസ്റ്റിസ് ഗുപ്തയും അന്നത്തെ ബെഞ്ചില്‍ അംഗമായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയിയും ഉള്‍പ്പെടുന്നതായിരുന്നു അന്നത്തെ ബെഞ്ച്.

ഒരു കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു വ്യക്തിയുടെ ശബ്ദത്തിന്റെ മാതൃക നല്‍കണമെന്ന് ഉത്തരവിടാന്‍ ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് കഴിയുമോ എന്നതായിരുന്നു കേസില്‍ ഉന്നയിച്ച പ്രധാന വിഷയം. ബെഞ്ചിന്റെ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പ്രശ്‌നം താല്‍പര്യജനകവും സംവാദാത്മകവുമാണ്, പക്ഷേ ഞങ്ങളുടെ മുമ്പാകെ വാദിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം പൊതുവായ അഭിപ്രായം കണക്കിലെടുത്താല്‍ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം പൂര്‍ണ്ണമായി കണക്കാക്കാനാവില്ല. അത് പൊതുതാല്‍പര്യത്തിന് അനുസരിച്ചായിരിക്കണമെന്നുണ്ട് എന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. വിഷയം കൃത്യമായി തങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കപ്പെടാതിരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും കൂടുതല്‍ നിരീക്ഷണം രേഖപ്പെടുത്താതിരിക്കുന്നതും ഉചിതമാണെന്ന് ഞങ്ങള്‍ കരുതുന്നുവെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സമൂഹമാധ്യമത്തെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കോടതി അന്തിമമായി വിധിച്ചാല്‍, പ്രായോഗികമായി നടപ്പിലാക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ അത് വിവാദത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം കോടതിതന്നെ പറഞ്ഞതുപോലെ സമൂഹമാധ്യമമെന്നത് ലോകം മുഴുവന്‍ വ്യാപിച്ച് ശാഖോപശാഖകളായി കിടക്കുകയാണ്.
ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ സ്വകാര്യതയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ആഗോള വീക്ഷണകോണില്‍ നിന്ന് മാത്രമേ പ്രശ്‌നത്തെ സമീപിക്കാന്‍ കഴിയൂ എന്ന് വാദിക്കുകയും ചെയ്തു. അവരുടെ വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. സമൂഹമാധ്യമ ഇടങ്ങളില്‍ ദശലക്ഷക്കണക്കിന് വ്യക്തികളാണുള്ളത്. അതിന്റെ വ്യാപ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകരൂപ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുക വലിയ യത്‌നമായിരിക്കും.

ഫെയ്‌സ്ബുക്കിനും മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഇന്ത്യയില്‍ ഒരു വലിയ മണ്ഡലം ഉണ്ട്, അത് അവരുടെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രധാനപ്പെട്ട വിപണിയുമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കൊപ്പം ബാക്കിയുള്ളവരുടെ ആവശ്യകതകള്‍ എന്തായിരിക്കുമെന്ന് അവര്‍ കണ്ടേ മതിയാകൂ.  വസുധൈവ കുടുംബകം’ എന്ന രീതിയില്‍ ആധാര്‍ സാര്‍വത്രികമാക്കുക എന്നത് എളുപ്പമുള്ള പരിഹാരമാണെന്ന് തോന്നാമെങ്കിലും നിര്‍ഭാഗ്യവശാല്‍ നമ്മുടെ പാര്‍ലമെന്റിനോ സുപ്രീം കോടതിക്കോ അതിനുള്ള മാര്‍ഗമില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിച്ചിരിക്കണമെന്ന് കര്‍ശനമായി തീരുമാനിച്ചാല്‍ തന്നെ അതിര്‍ത്തികളില്ലാത്ത വെബ്‌ലോകത്ത് എങ്ങനെയാണ് അത് കൈകാര്യം ചെയ്യുകയെന്ന ഗുരുതരമായ പ്രശ്‌നമുണ്ട്. അല്ലെങ്കില്‍ അമേരിക്കയുടെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേകസംഘം (ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്) പോലുള്ള ഒന്നിന് ഇന്ത്യ രൂപം നല്‍കുകയും എല്ലാ രാജ്യങ്ങളെയും അതില്‍ ഒപ്പിടാന്‍ അനുവദിക്കുകയും വേണം. അപ്പോള്‍ ആധാര്‍ എന്നത് ആഗോള അടയാളമായി മാറും. അതില്‍ നമ്മുടെ പുരാതന ഋഷിമാര്‍ യജമാനന്മാരായിത്തീരുകയും ചെയ്യും. നമുക്ക് ഇപ്പോള്‍ ശല്യമായി തോന്നുന്ന മഹത്തായ ഭാരതത്തിന്റെ പുനരന്വേഷണത്തിനുള്ള അവസരവും ലഭിച്ചേക്കും.
അത്തരം മഹത്വം കൈവരിക്കാന്‍ നമുക്ക് കഴിയാത്ത കാലത്തോളം, ഒന്നും തടയാന്‍ കഴിയില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പല വേഷങ്ങളിലും രൂപത്തിലുമെത്തുന്ന ആപ്ലിക്കേഷനുകള്‍, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ നിര്‍ണയിക്കാനാവാത്ത ഉപകരണങ്ങളുടെ ബാഹുല്യം, ഇവയെല്ലാം ഉപയോഗിച്ച് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ അവര്‍ തുടരും.
കൈകളും വായയും പ്ലാസ്റ്റര്‍ കെട്ടി അടയ്ക്കാന്‍ ശ്രമിക്കുന്നതിനുപകരം ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ സ്വന്തം അപകടസാധ്യതകള്‍ നീക്കം ചെയ്യുക എന്നതാണ് ഏറ്റവും മികച്ച പ്രതിവിധി. അസാധ്യമായതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കു പകരം സാധ്യമായ നിയന്ത്രണങ്ങള്‍ കൈക്കൊള്ളുകമാത്രമേ കരണീയമായിട്ടുള്ളൂ. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുന്നത് ആധാര്‍ ബന്ധിപ്പിച്ചായിരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നടപ്പിലാക്കുകയെന്നത് ഒരു ദിവാസ്വപ്‌നമാണെങ്കിലും അത്തരമൊരു ചിന്തപോലും അപകടകരമാണ്.

(ഇന്ത്യ പ്രസ് ഏജന്‍സി)