Tuesday
17 Sep 2019

ലിങ്കണ്‍ മുതല്‍ കെന്നഡിയും ട്രംപും വരെ

By: Web Desk | Saturday 25 May 2019 11:08 PM IST


lokajalakam

മേരിക്ക എന്നത് അറ്റ്‌ലാന്റിക്ക് – പസഫിക്ക് മഹാസമുദ്രങ്ങള്‍ക്കിടയില്‍ തൊട്ടുതൊട്ട് സ്ഥിതിചെയ്യുന്ന രണ്ട് മഹാഭൂഖണ്ഡങ്ങള്‍ക്കുള്ള പേരാണെങ്കിലും ഇപ്പോള്‍ ആ പേര് അമേരിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന യുഎസ്എ (അമേരിക്കന്‍ ഐക്യനാടുകള്‍)യുടെ പേരായി മാറിയിരിക്കുകയാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തില്‍ (1494) സ്‌പെയിനില്‍ നിന്നുള്ള സാഹസിക നാവികനായ കൊളംബസ് ആ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ തീരത്തുള്ള ദ്വീപുകളില്‍ കാലുകുത്തിയതോടെയാണ് വിസ്തൃതമായ ആ പ്രദേശം യൂറോപ്യരുടെ ദൃഷ്ടിയില്‍പ്പെടുന്നത്. അതിനുശേഷമാണ് സ്‌പെയിനിലും പോര്‍ച്ചുഗലിലും ഇംഗ്ലണ്ടിലും നിന്നുള്ള ഭാഗ്യാന്വേഷികള്‍ ആ വന്‍കരകളിലേക്ക് പാഞ്ഞെത്തുകയും അവിടങ്ങളിലെ ആദിവാസികളെ ഏതാണ്ട് പാടെ സംഹരിച്ച് അവിടമാകെ ഒരു യൂറോപ്യന്‍ വാസകേന്ദ്രമാക്കി മാറ്റിയതും യുഎസ്എ എന്ന ഭൂപ്രദേശം ഇംഗ്ലീഷുകാരുടെ കൈപ്പിടിയിലൊതുക്കിയതും. അങ്ങനെ കഷ്ടിച്ച് മൂന്നോ നാലോ നൂറ്റാണ്ടുകളുടെ മാത്രം ചരിത്രമുള്ള യുഎസ്എയാണ് ഇപ്പോള്‍ ലോകത്തിന്റെയാകെ മേലധികാരം പിടിച്ചെടുത്ത് ലോക ചക്രവര്‍ത്തിയായി വിലസുന്നത്.
ആ ഭൂഭാഗമാകട്ടെ ഇംഗ്ലണ്ടിന്റെ ഒരു കോളനിയായിരുന്നു. 1776 ല്‍ മാത്രമാണ് തദ്ദേശീയര്‍ കഠിനമായ പോരാട്ടത്തിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുത്തത്. ആഫ്രിക്കയില്‍ നിന്ന് ചങ്ങലയ്ക്കിട്ട് പിടിച്ചുകൊണ്ടുവന്ന കുതിരശക്തിയുള്ള കറുത്ത വര്‍ഗക്കാരായ അടിമകള്‍ എല്ല് നുറുകെ അധ്വാനിച്ചാണ് ആ രാജ്യം ഒരു വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നത്. മറ്റു യൂറോപ്യന്‍ ശക്തികളെപ്പോലെ ആഫ്രോ-ഏഷ്യന്‍-ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് കോളനികള്‍ സ്ഥാപിക്കാന്‍ അന്നൊന്നും അമേരിക്ക ഒരുമ്പെട്ടിരുന്നില്ല. ഫിലിപ്പൈന്‍സ് എന്ന ദ്വീപ് മാത്രമായിരുന്നു അവരുടെ ഒരേയൊരു കോളനി. അതും ഹ്രസ്വമായ കാലത്തേക്ക്.
എന്നു മാത്രമല്ല, ഇതുവരെയുള്ള 45 പ്രസിഡന്റുമാരില്‍ പലരും സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും പക്ഷത്തായിരുന്നു. 1789ല്‍ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ക്കുള്ളവര്‍ ജനാധിപത്യത്തിലും ജനകീയതയിലും ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ഭരണത്തില്‍ രണ്ടേരണ്ടു പാര്‍ട്ടികള്‍ക്ക് മാത്രം സ്ഥാനമുള്ള അവിടെ റിപ്പബ്ലിക്കന്‍ – ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. തുടക്കത്തില്‍ റിപ്പബ്ലിക്കന്മാരായിരുന്നു പുരോഗമന നടപടികള്‍ സ്വീകരിക്കുന്നതിന്റെ മുന്‍പന്തിയില്‍. ഉദാഹരണത്തിന് അടിമത്തം നിരോധിക്കാന്‍ ഒരു ആഭ്യന്തര യുദ്ധത്തിനുപോലും തയ്യാറായ എബ്രഹാംലിങ്കണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായിരുന്നു. അടിമകളെയും മനുഷ്യരായി കാണണമെന്ന് സ്ഥാപിച്ചെടുക്കാന്‍ ഏഴു തെക്കന്‍ സ്റ്റേറ്റുകള്‍ക്കെതിരായി അദ്ദേഹത്തിന് ഒരു യുദ്ധംതന്നെ നടത്തേണ്ടിവന്നു. അദ്ദേഹം രാജ്യത്തിന്റെ 16-ാമത്തെ പ്രസിഡന്റായത് 1865 ലാണ്. അടിമകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആ ‘വിപ്ലവ’കരമായ ദൗത്യം പൂര്‍ത്തിയാക്കിയ 35-ാമത്തെ പ്രസിഡന്റ് ജോണ്‍ കെന്നഡി ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായിരുന്നു. ഇത് 1963ലുമായിരുന്നു. ഐതിഹാസികമായ ഈ പ്രവര്‍ത്തനം നടത്തിയതിന് എബ്രഹാംലിങ്കണിനും ജോണ്‍ കെന്നഡിക്കും അവരുടെ ജീവന്‍തന്നെയാണ് വിലയായി നല്‍കേണ്ടിവന്നത്. ഇരുവരും ആ വിമോചന നടപടി പൂര്‍ത്തിയായ ഉടന്‍തന്നെ കൊല്ലപ്പെടുകയും ചെയ്തു. ലിങ്കണ്‍ 1865ലും കെന്നഡി 1963ലും പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍തന്നെയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ലിങ്കണ്‍ ഭാര്യയോടൊപ്പം ഒരു നാടകം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വാടകക്കൊലയാളിയുടെ വെടിയേറ്റതെങ്കില്‍, കെന്നഡിക്ക് ഡല്ലാസ് നഗരത്തില്‍ കാര്‍യാത്രയ്ക്കിടയിലാണ് ഈ അത്യാഹിതം നേരിടേണ്ടിവന്നത്. ഡസന്‍കണക്കിന് സൈനികര്‍ രണ്ടുവശത്തുമായി അകമ്പടി സേവിക്കുന്നതിനിടയില്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് ഒരിക്കലും തെളിഞ്ഞിട്ടുമില്ല. കറുത്തവര്‍ഗക്കാര്‍ക്ക് വെള്ളക്കാരോടൊപ്പം ഏതു വാഹനത്തിലും സഞ്ചരിക്കാനുള്ള അവകാശം അനുവദിച്ചതിന്റെ പേരിലാണ് കെന്നഡിയെ അപകടപ്പെടുത്തിയതെങ്കിലും ഔദ്യോഗികതലത്തിലുള്ള പിന്തുണയും ഈ ക്രൂരകൃത്യത്തിന് ഉണ്ടായിരുന്നുവെന്നാണ് പരക്കെ സംശയിക്കപ്പെട്ടിരുന്നത്.
അന്നൊന്നും അമേരിക്കയുടെ സാമ്രാജ്യത്വമോഹം വളര്‍ന്നിരുന്നില്ലെന്നാണ് തോന്നുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ ഹിറ്റ്‌ലര്‍ പട്ടാളം സോവിയറ്റ് ചുവപ്പ് സേനയ്ക്ക് മുമ്പില്‍ കീഴടങ്ങിയതോടെയാണ് ഇതിന്റെ തുടക്കം. രണ്ടു പ്രാവശ്യം കഴിഞ്ഞും പ്രസിഡന്റായി തുടര്‍ന്ന ഫ്രാങ്കഌന്‍ റൂസ്‌വെല്‍ട്ട് അന്തരിച്ചപ്പോള്‍ തല്‍സ്ഥാനത്തേയ്ക്കുയര്‍ന്ന വൈസ് പ്രസിഡന്റ് ഹാരിട്രൂമാനാണ് ഈ സാമ്രാജ്യത്വ നയത്തിന്റെ ഉദ്ഘാടകന്‍. ജപ്പാന്‍ തോല്‍വി സമ്മതിച്ചില്ലെങ്കിലും അതിനുള്ള വിരാമ നടപടികള്‍ സ്റ്റാലിനും ചര്‍ച്ചിലും ട്രൂമാനും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആറ്റംബോംബ് പരീക്ഷണം വിജയിച്ചെന്ന അത്യന്തം ഗോപ്യമായ വിവരം ട്രൂമാന് കിട്ടിയത്.
ഉടന്‍തന്നെ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വാഷിങ്ടണിലേക്ക് പറന്ന ട്രൂമാന്‍ നാട്ടിലെത്തിയ ഉടന്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഓഗസ്റ്റ് ആറിനും ഒന്‍പതിനുമായി ഓരോ ആറ്റംബോംബ് വര്‍ഷിച്ച് പതിനായിരങ്ങളെ ഉടനടിയും ലക്ഷങ്ങളെ ഇഞ്ചിഞ്ചായും കൊലപ്പെടുത്തിയത് അമേരിക്കയുടെ ലോകാധിപത്യം പ്രഖ്യാപിക്കാനായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും യുദ്ധത്തില്‍ സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞ സാഹചര്യം മുതലാക്കിക്കൊണ്ടുള്ളതായിരുന്നു ഈ പ്രഖ്യാപനം. കോളനികള്‍ വെട്ടിപ്പിടിക്കാതെയുള്ള കൊളോണിയലിസമാണ് അമേരിക്ക ഒരു വെടിപോലും പൊട്ടിക്കാതെ അങ്ങനെ നേടിയെടുത്തത്.
അമേരിക്കയെപ്പോലെ ആറ്റം-ഹൈഡ്രജന്‍ ബോംബുകള്‍ വികസിപ്പിച്ചെടുത്തിരുന്ന സോവിയറ്റ് യൂണിയന്‍ മാത്രമായിരുന്നു അമേരിക്കയുടെ സാമ്രാജ്യത്വമോഹത്തിന് ഒരേയൊരു പ്രതിബന്ധം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തുരപ്പന്‍പണിയിലൂടെ ജനാധിപത്യത്തിന്റെ ആ നെടുങ്കോട്ടയെ തകര്‍ക്കാന്‍ കഴിഞ്ഞതോടെ അമേരിക്ക നിര്‍ബാധമാണ് ആ ദൗത്യം നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്. ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയായി വളര്‍ന്ന ചൈന ലോക കാര്യങ്ങളില്‍ വളരെയൊന്നും തലയിടാത്തതുകൊണ്ട് അമേരിക്കന്‍ ആധിപത്യത്തിന് തടയിടാന്‍ ആരുമില്ലാത്ത സ്ഥിതിയിലാണ് അമേരിക്കന്‍ ആധിപത്യ മോഹത്തിന്റെ പുതിയ അവതാര പുരുഷനായി ശതകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ് 45-ാം പ്രസിഡന്റായി അവതരിച്ചിരിക്കുന്നത്. കരിമ്പിന്‍തോട്ടത്തിലിറങ്ങിയ കാട്ടാനയെപ്പോലെ കണ്ണില്‍ കണ്ടതെല്ലാം ചവിട്ടിമെതിച്ചുകൊണ്ടാണ് ഈ അവതാരപുരുഷന്റെ വിളയാട്ടം. മുന്‍ഗാമികളായ 44 പേരില്‍ ആരുംകാണിക്കാത്ത ധാര്‍ഷ്ട്യത്തോടെയാണ് നാടിന് അകത്തും പുറത്തുമുള്ള ഈ പ്രസിഡന്റിന്റെ പടപ്പുറപ്പാട്. അമേരിക്കന്‍ പ്രസിഡന്റിന് ഒരു ഏകാധിപതിയാകാനുള്ള അധികാരമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ മാന്യന്‍. എല്ലാം അമേരിക്കയ്ക്ക് എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. 1971ല്‍ പ്രസിഡന്റ് നിക്‌സന്റെ കാലം മുതല്‍ക്കേ ചൈനയുടെ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെ താലോലിച്ചുകൊണ്ട് ചൈനയെ മെരുക്കാനാണ് മറ്റു പ്രസിഡന്റുമാരെല്ലാം ശ്രമിച്ചതെങ്കില്‍, വാണിജ്യരംഗത്ത് ചൈനയ്ക്കുമേല്‍ ഭാരിച്ച ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ട്രംപ് ചൈനയേയും ഇപ്പോള്‍ വെല്ലുവിളിക്കുന്നത്.
ആഭ്യന്തരരംഗത്ത് പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇപ്പോള്‍ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ട്രംപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ബജറ്റിലെ വകുപ്പുകള്‍ വകമാറ്റിച്ചെലവാക്കിയാലും മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന വാശിയിലാണ് അദ്ദേഹം. വര്‍ണവിവേചനത്തിന്റെ പാതയിലൂടെ നടന്ന് കറുത്തവര്‍ഗക്കാരെ ചവിട്ടിത്തേയ്ക്കാനും അദ്ദേഹം മടികാണിച്ചിട്ടില്ല. കറുത്ത വര്‍ഗക്കാരുടെ കഠിനാധ്വാനത്തിന് പുറമെ ലോകമെങ്ങും നിന്നുള്ള വിദ്യാസമ്പന്നരുടെ വിലപ്പെട്ട സേവനവുമാണ് യുഎസ്എയെ അതിസമ്പന്ന രാഷ്ട്രമാക്കിയതെന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണ് വിദേശികള്‍ക്കുള്ള വിസാ ചട്ടങ്ങള്‍ ഇപ്പോള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുന്നത്. വെള്ളക്കാരായ നാട്ടുകാരുടെ പിന്‍ബലം ഇതിലൂടെ നേടിയെടുക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടുണ്ടെന്നതിനാലാണ് അദ്ദേഹത്തിന്റെ അഹങ്കാരം.
സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും സോഷ്യലിസ്റ്റ് പാത കൈവിട്ടതിനുശേഷവും മുട്ടുമടക്കാതെ നില്‍ക്കുന്ന മൂന്നു ചെറുരാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപ് ഇപ്പോള്‍ തുറന്ന യുദ്ധത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ക്യൂബയും നിക്കരാഗ്വയും വെനസ്വേലയുമാണ് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ലിസ്റ്റില്‍പ്പെടാത്ത ഈ മൂന്നുരാജ്യങ്ങള്‍. വടക്കന്‍ കൊറിയയെയും വിയറ്റ്‌നാമിനെയും ഇക്കൂട്ടത്തില്‍പ്പെടുത്താത്തത് തന്ത്രപരമായ കാരണങ്ങളായിരിക്കാം. വടക്കന്‍ കൊറിയയുടെ മിസൈല്‍ കരുത്ത് ഭയന്നാണല്ലോ രണ്ടുപ്രാവശ്യം അവരുമായി കൂടിയാലോചന നടത്താന്‍ ട്രംപ് ഒരുങ്ങിയത്. വിയറ്റ്‌നാമും ചൈനയെപ്പോലെ സ്വന്തം സാമ്പത്തിക വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ മൂന്നു രാജ്യങ്ങളില്‍ ക്യൂബയോടുള്ള അസഹിഷ്ണുത 1959ല്‍ ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവം വിജയിച്ചപ്പോള്‍തന്നെ തുടങ്ങിയതാണ്. ‘ബേ ഓഫ് പിഗ്‌സ്’ (പന്നിക്കടല്‍) വഴി അഭയാര്‍ഥികളെ ഉപയോഗിച്ച് ക്യൂബയെ വീണ്ടെടുക്കാനുള്ള ശ്രമം പൊളിഞ്ഞിട്ടും പ്രസിഡന്റ് കെന്നഡിക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നത് അവിടെ സ്ഥാപിച്ചിരുന്ന സോവിയറ്റ് മിസൈലുകളുടെ ബലത്തിലാണ്. സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും ക്യൂബ നിലനിന്നിട്ടുണ്ട്. പ്രസിഡന്റ് ഒബാമയും മാര്‍പാപ്പയും വരെ ക്യൂബയോട് സൗഹൃദം വളര്‍ത്താനാണ് ശ്രമിച്ചത്. എന്നിട്ടും ആറു പതിറ്റാണ്ടുകള്‍ മുമ്പ് ദേശസാല്‍ക്കരിച്ച കമ്പനികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ട്രംപിന്റെ ഉദ്യമം.
നിക്കരാഗ്വയില്‍ നിന്ന് അമേരിക്കന്‍ പാവയായിരുന്ന സമോസയുടെ മൂന്നാം തലമുറയ്‌ക്കെതിരായി ഒര്‍ത്തേഗയുടെ നേതൃത്വത്തിലുള്ള വിമോചന മുന്നണി 1979ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തുടങ്ങിയതാണ് അമേരിക്കയുടെ ഇടങ്കോലിടല്‍. മൂന്നു പ്രാവശ്യം അവിടെ ജയിച്ചിട്ടും അമേരിക്ക തുരപ്പന്‍ പണി തുടര്‍ന്നെങ്കിലും ഒര്‍ത്തേഗ തന്നെ അവിടെ വീണ്ടും വിജയിച്ചിരിക്കുകയാണ്. പക്ഷേ, ട്രംപ് ആ രാജ്യത്തിനെതിരായ തുരപ്പന്‍ പണി ഊര്‍ജ്ജിതമാക്കിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഹ്യൂഗൊ ഷാവേസിന്റെ നേതൃത്വത്തില്‍ വെനസ്വേലയിലെ അമേരിക്കന്‍ ആധിപത്യത്തിന് അന്ത്യംകുറിക്കുകയും രാജ്യത്തിന്റെ എണ്ണ സമ്പത്ത് പൊതുമേഖലയിലാക്കുകയും ചെയ്തതോടെ ആരംഭിച്ചതാണ് പാശ്ചാത്യര്‍ക്ക് ആ രാജ്യത്തോടുള്ള ശത്രുത. ഷാവേസിന്റെ പിന്‍ഗാമിയായി വന്ന മഡുറൊയെ അട്ടിമറിക്കാന്‍ പാശ്ചാത്യര്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണ്. ഗു അയ്‌ഡൊ എന്നൊരു യുവാവിനെ പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക നടത്തിയ അവസാനത്തെ അട്ടിമറി ശ്രമവും പരാജയപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ അവര്‍ ഉഴലുകയാണ്.
ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ട്രംപ് ഈ മൂന്നു രാജ്യങ്ങള്‍ക്കെതിരായി പുതിയൊരു പോരാട്ടത്തിന് കളമൊരുക്കുന്നത്. അങ്ങനെനോക്കുമ്പോള്‍ ട്രംപിന്റെ ത്രിരാഷ്ട്ര സംഹാരയജ്ഞം എങ്ങനെ അവസാനിക്കുമെന്ന് കണ്ടുതന്നെ അറിയണം. ക്യൂബയിലേത് അര നൂറ്റാണ്ടിന് മുമ്പ് പരാജയപ്പെട്ട പരാക്രമമാണെന്ന് ട്രംപിന് ഓര്‍മയുണ്ടാവില്ല.
പ്രസിഡന്റ് ട്രംപിന്റെ ഈ ലക്കില്ലായ്മയ്‌ക്കെതിരായി മുപ്പത് മാസത്തിനിടയില്‍ രണ്ടാമതൊരിക്കല്‍ക്കൂടി ഒരു ഇമ്പീച്ച്‌മെന്റിന് (കുറ്റവിചാരണ) ഒരുക്കം ആരംഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പെട്ട ജസ്റ്റിന്‍ അമാഷാണ് ഇത്തവണ ഇതിനുമുന്‍കൈ എടുത്തിട്ടുള്ളത്. അമാഷ്, മില്ലിഗണ്‍ സ്റ്റേറ്റില്‍ നിന്നുള്ള എംപിയാണ്. അവിടെത്തന്നെ നിന്നുള്ള റഷീദാ ത്‌ലെയിബ് എന്ന ഡെമോക്രാറ്റിക്ക് എം പി ഈ നീക്കത്തില്‍ കൈകോര്‍ക്കാന്‍ മുതിര്‍ന്നിട്ടുണ്ടെങ്കിലും അമേരിക്കയുടെ ആധിപത്യമോഹത്തിന് കുടപിടിക്കുന്നവര്‍ ഈ ഇമ്പീച്ച്‌മെന്റ് നടപടിയെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും വിറളിപിടിച്ച പടക്കുതിരയെ പിടിച്ചുകെട്ടാന്‍ ഒരു ശ്രമമുണ്ടെന്നതുതന്നെ സ്വാഗതാര്‍ഹമാണ്.