സര്‍ക്കസ് കാണാനെത്തിയ നാലുവയസ്സുകാരിയെ സിംഹം കടിച്ചുകീറി

Web Desk

മോസ്കോ

Posted on October 30, 2018, 12:12 pm

സര്‍ക്കസ് കാണാനെത്തിയ നാലുവയസ്സുകാരിയെ സിംഹം ആക്രമിച്ചു. അഭ്യാസങ്ങള്‍ക്കിടയില്‍ ട്രെയിനറുടെ കൈയില്‍ നിന്ന് കുതറി മാറിയ സിംഹം കാണികള്‍ക്കിടയില്‍ നില്‍ക്കുന്ന നാലുവയസുകാരിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുകയായിരുന്നു. കെസ്‌നിയ എന്ന് പേരുള്ള നാലുവയസുകാരി പെണ്‍കുട്ടിക്കു നേരെയാണ് സര്‍ക്കസിലെ സിംഹം പാഞ്ഞടുത്തത്.  റഷ്യന്‍ തലസ്ഥാനമായ നോസ്‌കോയില്‍ നിന്ന് 1250 കിലോമീറ്റര്‍ അകലെയുള്ള ക്രാസ്‌നോദാര്‍ ഗ്രാമത്തിലെത്തിയ സര്‍ക്കസിനിടെയാണ് അപകടം.

വലയിട്ട റിങ്ങില്‍ ആയിരുന്നു സിംഹത്തെ ഉപയോഗിച്ചുള്ള പ്രകടനം. വലയ്ക്കിടയിലൂടെ കൈകള്‍ ഇട്ട് സിംഹം കുഞ്ഞിനെ കയറിപിടിക്കുകയായിരുന്നു. എന്നാല്‍, ട്രെയിനറുടെ അവസരോചിതമായ ഇടപെടല്‍ മൂലം സിംഹത്തില്‍ നിന്ന് നാലു വയസുകാരിയെ തലനാരിഴയ്ക്ക് രക്ഷിക്കാന്‍ കഴിഞ്ഞു.

സര്‍ക്കസ് കാണുന്നതിനിടയില്‍ പെണ്‍കുട്ടി ചെറിയൊരു കൊടി കൈയില്‍ പിടിച്ചിരുന്നു എന്നും ഇടയ്ക്കിടയ്ക്ക് ഇതു വീശുന്നുണ്ടായിരുന്നു. ഇതു കൊണ്ടാകാം സിംഹം അക്രമാസക്തനായതെന്നും കരുതുന്നു. കൂടാതെ, സുരക്ഷയ്ക്കായി കെട്ടിയിരിക്കുന്ന വലയോട് വളരെ അടുത്താണ് പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ നിര്‍ത്തിയിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

വയറിലും മുഖത്തും പരിക്കേറ്റ കെസ്‌നിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംഹം പാഞ്ഞടുക്കുന്നത് കണ്ട പെണ്‍കുട്ടി വല്ലാതെ ഭയന്നു പോയെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തോടെ റഷ്യയില്‍ സര്‍ക്കസ് കൂടാരങ്ങളില്‍ കരടികളേയും സിംഹങ്ങളെയും നിരോധിക്കണമെന്ന് ആവശ്യം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

സിംഹത്തിന്‍റെ പരിശീലകനെതിരെയും സര്‍ക്കസ് ഉടമയ്‌ക്കെതിരെയും ഗുരുതര കൃത്യവിലോപത്തിന് കേസ് എടുത്തിട്ടുണ്ട്.