
ബിവറേജസ് കോര്‍പറേഷന്റെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിയുമായി ധാരണയായി. പൈലറ്റ് പദ്ധതിയെന്ന നിലയ്ക്ക് ആദ്യം തിരുവനന്തപുരം കോര്‍പറേഷനിലും കണ്ണൂരിലെ പഞ്ചായത്ത് മേഖലയിലുമാണ് നടപ്പാക്കുന്നത്. ഒഴിഞ്ഞ കുപ്പികള്‍ പാതയോരത്തും ജലാശയങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം വലിച്ചെറിയുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. ബെവ്കോ എംഡി, തദ്ദേശ സ്പെഷ്യല്‍ സെക്രട്ടറി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ക്ലീൻ കേരള കരട് നിര്‍ദേശം കൈമാറി. പദ്ധതി ഉടൻ ആരംഭിക്കാനാണ് തീരുമാനം. വിജയമായാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
കുപ്പികള്‍ നിക്ഷേപിക്കാനുള്ള ബൂത്തുകള്‍ ഔട്ട്‍ലെറ്റുകള്‍ക്ക് സമീപം ബെവ്കോ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ കമ്പനി കുപ്പികള്‍ ശേഖരിക്കും. തിരുവനന്തപുരം കോര്‍പറേഷൻ പരിധിയില്‍ 12 ബെവ്കോ ഔട്ട്‍ലെറ്റുകളാണുള്ളത്. കുപ്പികള്‍ നീക്കാൻ കിലോഗ്രാമിന് മൂന്ന് രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. അത് ബെവ്കോ വഹിക്കാനാണ് പ്രാഥമിക ധാരണ. ലാഭം നോക്കുന്നില്ലെന്നും പദ്ധതിയുടെ പ്രായോഗികതയ്ക്കാണ് ഊന്നലെന്നും ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ് കുമാര്‍ പറഞ്ഞു.
56 കോടി കുപ്പികള്‍
ബെവ്കോയുടെ 284 ഔട്ട്‍ലെറ്റുകളില്‍ നിന്നായി പ്രതിവർഷം 56 കോടി കുപ്പികളിലാണ് മദ്യം വിൽക്കുന്നത്. ഇതിൽ 65% പ്ലാസ്റ്റിക് കുപ്പികളാണ്. 15 % ചില്ലു കുപ്പികളും. ശേഷിക്കുന്ന 20 % ബിയർ കുപ്പികളാണ്. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ക്വാർട്ടർ (180 എംഎൽ) മദ്യംവരെ ചില്ലുക്കുപ്പിയിൽ നൽകുമ്പോൾ അതിനേക്കാള്‍ കൂടിയ വിലയ്ക്ക് മദ്യം വിൽക്കുന്ന കേരളത്തിൽ എല്ലാം പ്ലാസ്റ്റിക് കുപ്പിയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.