ടി എന്‍ രമേശന്‍

March 05, 2020, 5:40 am

മദ്യനയം കള്ള് വ്യവസായ തകര്‍ച്ചയ്ക്ക് വേഗത വര്‍ദ്ധിപ്പിച്ചു

Janayugom Online

സംസ്ഥാന സർക്കാർ 2020 ‑21 സാമ്പത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ച മദ്യനയം, കള്ള് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഒട്ടും പര്യാപ്തമല്ല. ത്രീസ്റ്റാര്‍ പദവി നേടുന്ന ഹോട്ടലുകള്‍ക്ക് യഥേഷ്ടം ബാറുകള്‍ അനുവദിക്കുന്നതോടെ കള്ള് വ്യവസായം കൂടുതല്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങുമെന്ന കാര്യം ഉറപ്പാണ്. നിലവിലുള്ള ഷാപ്പുകള്‍ക്ക് ദൂരപരിധി ബാധകമല്ല എന്നാണ് പറയുന്നത്. എന്നാൽ ഏതെങ്കിലും ഷാപ്പുകെട്ടിടം കിട്ടാതെ വന്നാല്‍ ദൂരപരിധി നോക്കാതെ മാറ്റിസ്ഥാപിക്കാന്‍ കഴിയുമോ? 1000 ല്‍ അധികം ഷാപ്പുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ഇതില്‍ ഏറെയും ദൂരപരിധിയുടെ പ്രശ്‌നം മൂലമാണ് അടച്ചിട്ടിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഷാപ്പുകളാണ് ഒറ്റയടിക്ക് പ്രവർത്തനം നിർത്തിവച്ചത്. ഇവ എന്നന്നേക്കുമായി അടച്ചുപൂട്ടാനുള്ള കുത്സിതനീക്കമാണോ ഈ നയത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ആകെയുള്ള 5185 കള്ള് ഷാപ്പുകളില്‍ 4000 ത്തോളം ഷാപ്പുകളാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. ചില ജില്ലകളില്‍ കള്ള് വ്യവസായം പാടെ തുടച്ചുനീക്കപ്പെട്ടു. എന്നിട്ടും മദ്യഉപഭോഗം കേരളത്തില്‍ വര്‍ധിക്കുകയാണ്. പിന്നെ എന്തുകൊണ്ട് കള്ള് വ്യവസായത്തിന് ഈ തകര്‍ച്ച സംഭവിച്ചു? മാറിമാറി അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്ന മദ്യനയമാണ് ഇതിന്റെ മുഖ്യകാരണം. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയം മദ്യവര്‍ജനമാണ്. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക തന്നെയാണ് ഇതിനര്‍ത്ഥം.

2017 ജൂണ്‍ 13നാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത്. കള്ള് വ്യവസായ സംരക്ഷണം ലക്ഷ്യമിട്ടും ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാനും പരിപാടിയിടുന്നതാണ് ഇടതുസർക്കാരിന്റെ മദ്യനയം. എന്നാല്‍ ഈ ലക്ഷ്യത്തിൽ നിന്ന് മാറി വിദേശ മദ്യവ്യാപനത്തിനും ബാറുകള്‍ യഥേഷ്ടം തുറക്കുന്നതിനും വഴിതെളിച്ചിരിക്കുകയാണ് ഇത്. ബിവ്‌റേജസ് ഔട്ട്‌ലറ്റുകളുടെ എണ്ണം കൂട്ടണമെന്നും ഒന്നാം തീയതിയിലെ മദ്യവിപണി അവധി ഒഴിവാക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നു. വിദേശ മദ്യഷാപ്പിലും ബാറിലും വില്‍ക്കുന്ന മദ്യം വീര്യം കൂടിയതും അപകടകാരിയും കൃത്രിമമായി ഉല്പാദിപ്പിക്കുന്നതുമാണെന്നും എല്ലാവര്‍ക്കുമറിയാം. സ്ഥിരമായി ഉപയോഗിച്ചാല്‍ അതിന് അടിമയാകുമെന്നും ശാരീരികമായും മാനസികമായും മാരകരോഗത്തിന് അടിപ്പെടുമെന്നും സമൂഹത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഡീ-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും വ്യാപിപ്പിക്കുമെന്നും മദ്യനയത്തില്‍ വാഗ്ദാനം ചെയ്യുന്നു. പൊതുജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ കേവലം വരുമാനം മാത്രം നോക്കുന്നതാണോ ശരിയായ ഒരു മദ്യനയം. കേരളത്തിലെ പാവപ്പെട്ട ഒരു വിഭാഗം ആളുകള്‍ പാരമ്പര്യമായി ചെയ്തുപോരുന്ന കുലത്തൊഴിലാണ് കള്ള് ചെത്ത്. കൊടിയ ചൂഷണത്തിനും പീഡനത്തിനും വിധേയരായ ഈ തൊഴിലാളികള്‍ സംഘടിക്കാന്‍ തുടങ്ങിയ കാലംമുതല്‍ നമ്മുടെ നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മാറ്റങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്താനും വലിയ സംഭാവന ചെയ്തവരാണ്.

പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന ഈ ഗവണ്‍മെന്റിന് തീര്‍ച്ചയായും ഈ തൊഴില്‍മേഖല സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. കള്ള് വ്യവസായ തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ചെത്തുതൊഴിലാളി ഫെഡറേഷന്‍ ഒറ്റയ്ക്കും മറ്റു ട്രേഡ് യൂണിയനുകളുമായി യോജിച്ചും മുന്നോട്ടുവയ്ക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങളുണ്ട്. അതില്‍ ഒന്നാണ് ടോഡി ബോര്‍ഡ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മദ്യനയത്തില്‍ ടോഡി ബോര്‍ഡ് നടപ്പാക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ ഗവണ്‍മെന്റിന്റെ കാലാവധിക്കുള്ളില്‍ നടക്കുമോ എന്നു നിശ്ചയമില്ല. ടോഡി ബോര്‍ഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കള്ള് വ്യവസായം പൊതുമേഖലയില്‍ കൊണ്ടുവരണമെന്നാണ്. ഈ സഭയില്‍ തന്നെ ബില്‍ പാസ്സാക്കണമെന്നതാണ് ആവശ്യം. സ്വകാര്യ ലൈസന്‍സികളെ ഒഴിവാക്കണം. ശുദ്ധമായ കള്ള് ലഭ്യമാക്കുക, ശുചിത്വപൂര്‍ണമായ പുതിയ സ്ഥിരം ഷാപ്പ് കെട്ടിടങ്ങള്‍ സ്ഥാപിക്കുക, അത്യുല്പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ വ്യാപിപ്പിക്കുക, കള്ളില്‍നിന്നും പുതിയ ഉപോല്പന്നങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ സമഗ്രമായ മാറ്റമാണ് ഈ വ്യവസായരംഗത്ത് നടപ്പിലാക്കേണ്ടത്. ദൂരപരിധി കള്ള് ഷാപ്പുകളെ സംബന്ധിച്ച് ഒരു കീറാമുട്ടിയാണ്. ബാറിനും വിദേശ മദ്യശാലകള്‍ക്കും 50 മീറ്റര്‍ മുതല്‍ 200 മീറ്റര്‍ വരെ ദൂരപരിധി ബാധകമാകുമ്പോള്‍ കള്ള് ഷാപ്പുകള്‍ക്ക് 400 മീറ്റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ വ്യവസായത്തോടുള്ള കടുത്ത അവഗണനയാണിത്. ദൂരപരിധിയില്‍ നിന്നും കള്ള് ഷാപ്പുകളെ ഒഴിവാക്കണം. കാരണം കള്ള് പ്രകൃതിദത്തമായ ഒരു മദ്യമാണ്. ഒട്ടേറെ ഔഷധഗുണമുള്ളതും ലഹരി കുറഞ്ഞതുമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് അബ്കാരി ആക്റ്റ് നടപ്പാക്കിയതുതന്നെ കള്ള് വ്യവസായത്തെ നിയന്ത്രിക്കുന്നതിനും അതിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുന്നതിനുമാണ്. ബ്രിട്ടന്റെ ബ്രൂവറികളില്‍ ഉല്പാദിപ്പിക്കുന്ന വിദേശ മദ്യം വില്‍ക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ അബ്കാരി ആക്റ്റില്‍ കാലോചിതമായ മാറ്റം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കള്ള് വ്യവസായത്തിനുമാത്രം ബാധകമായ ഒരു പുതിയ നിയമം ‘ടോഡി ആക്റ്റ്’ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. കള്ള് വ്യവസായത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും സഹായം ചെയ്യുന്നതായിരിക്കണം പ്രസ്തുത നിയമം. ഈ മേഖലയ്ക്കായി സമർപ്പിക്കപ്പെട്ട ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കള്ള് വ്യവസായ സംരക്ഷണത്തിന് സമഗ്രമായ പുനഃസംഘടന നടപ്പിലാക്കണം. കേരളത്തിന്റെ ഒരു തനതു മദ്യം എന്ന നിലയില്‍ ലോകപ്രശസ്തി ആര്‍ജിക്കാന്‍ കഴിയുന്ന ഒന്നാണ് കള്ള്. ടൂറിസവുമായി ബന്ധപ്പെടുത്തി ഈ വ്യവസായം സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കേരകര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനവും ലഭിക്കും. റവന്യൂ വരവും കൂടും. അതോടൊപ്പം അപകടകാരിയായ വിദേശ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനും സാമൂഹ്യമായ ഒരു ഉത്തരവാദിത്തം നിറവേറ്റാനും സാധിക്കും.

(കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകൻ)