ലിസ വെയ്‌സിന്റെ തിരോധാനം: ഇന്റര്‍പോളിന്റെ സഹായം തേടി

Web Desk
Posted on July 02, 2019, 10:24 pm

തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് പൊലീസ് സംഘം രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടി. കാണാതായ ജര്‍മന്‍ വനിത ലിസ വെയ്‌സ് രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മറ്റേതെങ്കിലും പേരിലോ വ്യാജ പാസ്‌പോര്‍ട്ടിലോ മറ്റോ യാത്ര ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ലിസക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇതര സംസ്ഥാനങ്ങളിലെ പൊലീസിനു കൈമാറാനും തീരുമാനമുണ്ട്.
ലിസയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ജര്‍മന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടും. ഇതോടൊപ്പം ലിസയുടെ മാതാവിനെയും സുഹൃത്ത് മുഹമ്മദ് അലിയെയും ബന്ധപ്പെടാന്‍ ശ്രമം തുടങ്ങി.

ലിസയുടെ മാതാവുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ലിസയ്ക്കും സുഹൃത്തിനുമൊപ്പം മൂന്നാമതൊരാള്‍ കൂടി കേരളത്തിലെത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജര്‍മന്‍ കോണ്‍സുലേറ്റ് ഇടപെട്ടതോടെ രാജ്യാന്തരപ്രാധാന്യമുള്ള വിഷയമെന്ന നിലയില്‍ അന്വേഷിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. എന്നാല്‍ മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെത്തി എന്നതിനപ്പുറം മറ്റൊരു വിവരവും ഇതുവരെ ലഭ്യമല്ല.

മാര്‍ച്ച് പത്തിനാണ് ലിസ വെയ്‌സ് അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. താന്‍ ഇന്ത്യയിലാണെന്നും അതീവ സന്തോഷവതിയെന്നുമാണ് അന്ന് പറഞ്ഞതെന്ന് ലിസയുടെ അമ്മ പറയുന്നു. കാണാതായി മൂന്ന് മാസത്തിന് ശേഷമാണ് കേരള പൊലീസിന് പരാതി ലഭിക്കുന്നത്. അമൃതാനന്ദമയി മഠത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ് എത്തിയതെന്നാണ് എയര്‍പോര്‍ട്ടില്‍ ലിസ വെയ്‌സ് അറിയിച്ചത്. ഒപ്പം സുഹൃത്ത് ബ്രിട്ടീഷ് യുവാവായ മുഹമ്മദ് അലിയും ഉണ്ടായിരുന്നു. എന്നാല്‍ അമൃതാനന്ദമയീ മഠത്തിലും ഇവര്‍ എത്തിയിട്ടില്ല. ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി.

ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്. ജര്‍മന്‍ കോണ്‍സുലേറ്റ് വഴി ലിസയുടെ പശ്ചാത്തലവും പൊലീസ് ശേഖരിച്ചു. മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.ലിസ മതപരിവര്‍ത്തനത്തിന് വിധേയയായിരുന്നു. ഇവര്‍ തീവ്രമതചിന്തയില്‍ ആകൃഷ്ടയുമായിരുന്നു. ചില മതതീവ്രവാദ സംഘടനാ പ്രവര്‍ത്തകരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. നാര്‍കോട്ടിക് അസി.കമ്മിഷണര്‍ ഷീന്‍ തറയലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.