പ്രഖ്യാപനത്തിന് തൊട്ടു മുന്‍പും തര്‍ക്കം തീരാതെ ബിജെപി സ്ഥാനാര്‍ഥി പട്ടിക

Web Desk
Posted on September 29, 2019, 10:37 pm

തിരുവനന്തപുരം: അവസാന നിമിഷവും തുടര്‍ന്ന തര്‍ക്കത്തിനൊടുവില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാറ്റിമറിച്ച് ബിജെപി അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചും തൊട്ടുപിന്നാലെ തീരുമാനം ‘മരവിപ്പിക്കുകയും’ ചെയ്ത ബിജെപി അവസാനം കുമ്മനത്തെ ‘വെട്ടി. തിരുവനന്തപുരം ജില്ലാപ്രസിഡന്റ് എസ് സുരേഷ് ആണ് സ്ഥാനാര്‍ഥി. കോന്നിയില്‍ കെ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ഠാര്‍, അരൂരില്‍ കെ പി പ്രകാശ് ബാബു എറണാകുളത്ത് സി ജി രാജഗോപാല്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഒ രാജഗോപാല്‍ എംഎല്‍എയാണ് കുമ്മനത്തെ സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് ശനിയാഴ്ച പ്രഖ്യാപിച്ചത്.

കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ തര്‍ക്കം നിലനില്‍ക്കവെയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് വിവാദമാകുകയും കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ കുമ്മനത്തെ ഒഴിവാക്കി സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചത്. കുമ്മനം തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ് എസും ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും മത്സരിക്കാമെന്ന നിലപാടിലേക്ക് കുമ്മനവും മാറിയിരുന്നു.

വി മുരളീധരപക്ഷത്ത് നിന്നുള്ള ഒരു വിഭാഗം നേതാക്കളിടപെട്ട് കുമ്മനത്തിനെ അവസാന നിമിഷം പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. വി വി രാജേഷിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കണമെന്നതായിരുന്നു മുരളീധര പക്ഷത്തിന്റെ താല്‍പര്യമെങ്കിലും അവസാനം സാധ്യതാപട്ടികയില്‍ രണ്ടാമതുള്ള എസ് സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്തു കൊണ്ടാണ് കേന്ദ്രനേതൃത്വം തന്റെ പേര് ഒഴിവാക്കിയതെന്ന് അറിയില്ലെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതെന്നും കുമ്മനം പറഞ്ഞു. കുമ്മനത്തെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കുമ്മനമല്ലാത്ത മറ്റൊരു സ്ഥാനാര്‍ഥിക്കും ചലനം സൃഷടിക്കാന്‍ പോലും കഴിയില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.

അതേസമയം മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ഠറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ബിജെപിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പ്രഖ്യാപനം നടത്താതിരുന്നതിന്റെ പ്രധാന കാരണം തന്നെ മഞ്ചേശ്വരത്തെ തര്‍ക്കമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. തന്ത്രിയുടെ സ്ഥാനാര്‍ഥിത്വം വഴി നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്ന ആശങ്കയാണ് ഇവര്‍ പങ്ക് വെയ്ക്കുന്നത്. ഇവിടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തോ പാര്‍ട്ടിമണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാര്‍ഥി ആയേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശതന്ത്രി കുണ്ഠാറിനെയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്. തര്‍ക്കം ഉള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് ഉള്ള വോട്ട് കൂടി നഷ്ടപ്പെടുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.