November 28, 2023 Tuesday

Related news

November 26, 2023
November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 24, 2023
November 22, 2023
November 22, 2023
November 22, 2023

കെപിസിസി ഭാരവാഹി പട്ടിക; കെ സി വേണുഗോപാലിനെതിരേ ഗ്രൂപ്പുകള്‍

പുളിക്കല്‍ സനില്‍രാഘവന്‍
October 13, 2021 1:01 pm

കെപിസിസി ഭാരവാഹി പട്ടിക എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് എപ്പോള്‍ എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. തര്‍ക്കം പരിഹരിക്കാന്‍ തീവ്രശ്രമമാണ് നേതൃതലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനു വിലങ്ങായി നില്‍ക്കുന്നത് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലാണെന്നു ഗ്രൂപ്പുകള്‍ ആവര്‍ത്തിച്ചു പറയുന്നു. ചിലര്‍ക്ക് മാത്രം മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനുള്ള നീക്കമാണ് തര്‍ക്കത്തിന് ഇടയാക്കിയിരിക്കുന്നത്.മുന്‍ ഡിസിസി പ്രസിഡന്റുമാരായിരുന്ന ആരേയും കെ പി സി സി ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ചര്‍ച്ച അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ചിലര്‍ക്ക് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ഇടപെടലുകള്‍ ഉണ്ടാവുകയും മറുവിഭാഗം ഇതിനെതിരെ ശക്തമായി രംഗത്ത് എത്തുകയുമായിരുന്നു.മുന്‍ ഡി സി സി പ്രസിഡന്റുമാരായ എംപി വിന്‍സന്റ്, യു രാജീവന്‍ എന്നിവര്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനായിരുന്നു നീക്കമെന്നാണ് സൂചന. ഇതിനായി എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെടല്‍ നടത്തുന്നതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കെസി വേണുഗോപാല്‍ പ്രതികരിക്കുന്നത്. കെ പി സി സി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ തന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താന്‍. പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളെ തയ്യാറാക്കുന്നതില്‍ അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞു. ഇതിന് പിന്നാലെ വേണുഗോപാലിനെ പിന്തുണച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. കെ പി സി സി പുനഃസംഘടനയില്‍ എ ഐ സി ജനറല്‍ സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി ഇടപെടലുകള്‍ നടത്തുന്നുവെന്നായിരുന്നു ഗ്രൂപ്പുകളുടെ ആരോപണം. ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായി. 

ഡല്‍ഹിയിലെ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി തീരുമാനങ്ങളില്‍ ഇത്തരത്തില്‍ കൈ കടത്തുന്നതിനെ നീതികരിക്കാന്‍ കഴിയില്ലെന്നും ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുനഃസംഘടന പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്. അവര്‍ നല്‍കുന്ന പേരുകള്‍ എത്രയും പെട്ടന്ന് ഹൈക്കമാന്‍ഡിനെ കൊണ്ട് അംഗീകരിപ്പിച്ച് നല്‍കുക എന്നത് മാത്രമാമ് തന്റെ ചുമതല. എന്നാല്‍ ഇപ്പോള്‍ എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറയുന്നു.നേരത്തെ അന്തിമ പട്ടിക കൈമാറുന്നതിനായിട്ടായിരുന്നു സുധാകരന്‍ ദില്ലിക്ക് പോയത് എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇതിന് സാധിച്ചില്ല. തര്‍ക്ക പരിഹാരത്തിനായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചര്‍ച്ച നടത്തും. മാനദണ്ഡങ്ങളില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന കര്‍ശന നിലപാടില്‍ തന്നെയാണ് ഗ്രൂപ്പുകള്‍. ഇളവ് ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ അത് വനിതകളുടെ കാര്യത്തില്‍ മാത്രം മതിയെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു.മുൻ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. എംപി വിൻസന്റിനും യു.രാജീവനും ഇളവ് നൽകില്ല. 

പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും. ബിന്ദു കൃഷ്ണയെ പരിഗണിക്കില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോൺഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്‌നയും ജനറൽ സെക്രട്ടറിമാരാകും എന്നീ ഫോർമുകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ 51 അംഗ പട്ടികയിൽ തീരുമാനം ഇന്നുണ്ടാകില്ലെന്നാണ് സൂചന. ശിവദാസൻ നായരും, വി പി സജീന്ദ്രനും ജനറൽ സെക്രട്ടറിമാരാകും.വിൻസന്റിനും രാജീവനും ഒന്നര വർഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്താണ് അവർക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്. പക്ഷേ അക്കാര്യത്തിൽ വലിയ എതിർപ്പാണ് ഗ്രൂപ്പുകളിൽ നിന്നുണ്ടായത്. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തുകയും ആ തീരുമാനം പിൻവലിക്കുകയുമായിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൈമാറിയ പട്ടിക ഇപ്പോഴും ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പരിഗണനയിലാണ്. ഇത് എഐസിസി അധ്യക്ഷ കൂടിയായ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടില്ല. പട്ടിക കൈയിൽ കിട്ടിയാൽ എകെ ആന്റണിയോട് സോണിയ സംസാരിക്കുന്നതാണ് പതിവ്. അതിന് ശേഷമാകും സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് പട്ടിക നൽകുക. 

കെസി ഒപ്പിടുന്നതിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെ കെപിസിസി പുനഃസംഘടന ചർച്ചകൾ പൂർത്തിയാക്കാനായെന്ന് സംസ്ഥാന നേതൃത്വം ആശ്വസിച്ചിരുന്നപ്പോഴാണ് തർക്കങ്ങൾ തുടങ്ങിയത്. തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും മുല്ലപ്പള്ളിയും പരാതി പറഞ്ഞതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി. എം പി വിൻസെന്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിൽ തർക്കം മുറുകി.. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറച്ച നിലപാട് സ്വീകരിച്ചു. രാജീവൻ മാസ്റ്റർ, എം പി വിൻസന്റ് എന്നീ മുൻ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്.ജംബോ പട്ടിക അല്ലാത്തതിനാൽ, ഭാരവാഹിത്വം പ്രതീക്ഷിക്കുന്നവരിൽ ചിലർ പുറത്തായേക്കും. പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കുമ്പോൾ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും അത് അതിരുവിടാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന നേതൃത്വം പാലിക്കുന്നു. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭാരവാഹിത്വത്തിനുള്ള പൊതുമാനദണ്ഡങ്ങളിൽ ചില ഇളവുകൾ വരുത്തും. 

ജില്ലാ (ഡിസിസി) പ്രസിഡന്റുമാരുടെ പട്ടികയിൽ ഒരു വനിതയെ പോലും ഉൾപ്പെടുത്താൻ സാധിക്കാത്തതിന്റെ പേരിലാണിത്.അതിനിടെ കെപിസിസി പട്ടികയിൽ താനും ഉമ്മൻ ചാണ്ടിയും ഒരു സമ്മർദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോൾ. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ ഞങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണ്. മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹൈക്കമാന്റുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് ചെന്നിത്തല പറയുന്നത്.രണ്ട് മൂന്ന് വട്ടം ഇത്തവണ ചർച്ച നടത്തിയെന്നും കഴിഞ്ഞ തവണ ഇതുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.

ENGLISH SUMMARY:List of KPCC office bear­ers; Groups against KC Venugopal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.