ജീവിതപദ്ധതികളുടെ ബജറ്റ് പ്രസംഗത്തില്‍ ജീവന്‍തുടിക്കുന്ന സാഹിത്യസൃഷ്ടികള്‍

Web Desk
Posted on February 02, 2018, 10:10 pm

തിരുവനന്തപുരം: കഥകളും കവിതകളും പറഞ്ഞത് ജീവിതമായിരുന്നു. ജീവിതം പറയുന്ന ബജറ്റ് പ്രസംഗത്തിലും ഒഴിവാക്കപ്പെടാനാവാത്ത വിഭവമായി സാഹിത്യസൃഷ്ടികള്‍. ജീവിതത്തിന്റെ സകലതല സ്പര്‍ശിയായ ഭാവിയെ കരുപിടിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഒന്നൊന്നായി വായിച്ചുപോകുമ്പോള്‍ അതുകൊണ്ടുതന്നെ ധനമന്ത്രി ഡോ. തോമസ് ഐസക് നിരവധി സാഹിത്യ സൃഷ്ടികളെ ഓര്‍മ്മിച്ചെടുത്ത് വായിച്ചു.

ലളിതാംബിക അന്തര്‍ജനം മുതല്‍ മുന്‍വര്‍ഷം സ്‌കൂള്‍ കലോത്സവത്തില്‍ അടുക്കളയെന്ന കവിതയെഴുതി അമ്മയുടെ ദുരിതത്തെയും സ്‌നേഹത്തെയും വര്‍ണ്ണിച്ച് കരയിപ്പിച്ച എന്‍ പി സ്‌നേഹയെന്ന വിദ്യാര്‍ഥിയുടെ സൃഷ്ടിവരെ ബജറ്റ് വായനയില്‍ കടന്നുവന്നു.
തീരദുരിതത്തെ കുറിച്ചും അവര്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനെക്കുറിച്ചും പറഞ്ഞുതുടങ്ങിയ തോമസ് ഐസക് കടലും കാറ്റും തീരത്തിന് ഉയിര്‍ നല്‍കുന്നവരാണെന്ന സുഗതകുമാരിയുടെ കാവ്യശകലം ആദ്യഭാഗത്ത് ഉദ്ധരിച്ചപ്പോള്‍ പിന്നീട് തലമുറ വ്യത്യാസമില്ലാതെ പല എഴുത്തുകാരും പ്രസംഗത്തില്‍ കടന്നു വന്നു.

ലളിതാംബിക അന്തര്‍ജനത്തിന്റെ സാവിത്രി അഥവാ വിധവാവിവാഹം, സാറാ തോമസിന്റെ വലക്കാര്‍, പി വത്സലയുടെ നെല്ല്, സാറാ ജോസഫിന്റെ മാറ്റാത്തി, ബിഎം സുഹറയുടെ പ്രകാശത്തിനുമേല്‍ പ്രകാശം എന്ന നോവലിലെ ഖാദര്‍ എന്ന കഥാപാത്രം, ഇന്ദുമേനോന്റെ കപ്പലിനെ കുറിച്ചൊരു വിചിത്രജീവിതം, വിജയലക്ഷ്മിയുടെ പച്ച, കെ ആര്‍ മീരയുടെ ആരാച്ചാര്‍, കെ എ ബീനയുടെ നദി തിന്നുന്ന ദ്വീപ്, ഗ്രേസിയുടെ ദേവാംഗന തുടങ്ങിയവയിലെ സന്ദര്‍ഭങ്ങള്‍ വിവിധ ഭാഗങ്ങളിലായി ഉദ്ധരിക്കപ്പെടുന്നു.
സ്ത്രീകളെ അരങ്ങത്തെത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് (നാടകം), ലോക പ്രശസ്തയായ ഇന്ത്യന്‍ എഴുത്തുകാരി ജയശ്രീ മിശ്രയുടെ ജന്മാന്തരവാഗ്ദാനങ്ങള്‍ (നോവല്‍) എന്നിവയും ബജറ്റില്‍ കടന്നുവരുന്നുണ്ട്.

രാജലക്ഷ്മിയുടെ എഴുത്തിലെ ‘നിന്റമ്മയെ ഞാന്‍ കുറേ പഠിപ്പിച്ചു എന്നിട്ടെന്തുണ്ടായി’ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അതുപോലൊരു കാലമല്ല ഇതെന്ന് പറഞ്ഞാണ് വിദ്യാഭ്യാസ വികസനത്തിന്റെ കണക്കുകളും പദ്ധതികളും ധനമന്ത്രി വിശദീകരിക്കുന്നത്. ‘കതകിനും കട്ടിളയ്ക്കുമിടയില്‍ അകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ എന്നുറപ്പിക്കാനാവാതെ ജീവിതം അതില്‍ ചാരിവച്ചു‘വെന്ന ഡോണ മയൂരയുടെ വാക്കുകളുമായാണ് പരമ്പരാഗത മേഖലയ്ക്കുനേരെ സഹായത്തിന്റെ കൈത്താങ്ങു നീട്ടുന്നത്.

‘ഇരുള്‍ വിളയുന്നരാത്രിയില്‍ ദുഃസ്വപ്‌നങ്ങള്‍ കീറാത്ത പുതപ്പാരുതരു‘മെന്ന സാവിത്രി രാജീവന്റെ വരികളിലൂടെയാണ് സാമൂഹ്യസുരക്ഷിതത്വത്തിന് കാവല്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പറഞ്ഞുവച്ചിരിക്കുന്നത്. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയും സാമൂഹ്യസുരക്ഷ ഉറപ്പാക്കിയുമുള്ള പദ്ധതികള്‍ പറഞ്ഞവസാനിപ്പിച്ചതാകട്ടെ ബാലാമണിയമ്മയുടെ നവകേരളം എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചും.