“കഥയെഴുതാതെ ഞാൻ രണ്ടു കൊല്ലം കഴിച്ചു കൂട്ടി. അത് എന്നെക്കൊണ്ടാവില്ല ഞാൻ ഇരുന്നാൽ ഇനിയും കഥകളെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? ഞാൻ പോട്ടെ” എന്ന് ഹൃദയരക്തം കൊണ്ട് സഹോദരി സരസ്വതിയമ്മയ്ക്ക് കത്തെഴുതി വച്ചിട്ട് മരണത്തിൻ്റെ കൈ പിടിച്ച് പോകുമ്പോൾ രാജലക്ഷ്മിക്ക് പ്രായം മുപ്പത്തിനാല്. അതിനും രണ്ടു നാളുകൾക്ക് മുമ്പ് രാജലക്ഷ്മി നിസാരമായ കാര്യത്തിന് ക്ലാസിലെ കുട്ടികളുമായി കലഹിച്ചു. താഴ്ന്ന ക്ലാസിലെ കുട്ടികൾക്കുള്ള ചോദ്യക്കടലാസ് മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് അബദ്ധത്തിൽ കൊടുത്തതുമായി ബന്ധപ്പെട്ട ചെറിയൊരു കാര്യമായിരുന്നു രാജലക്ഷ്മിയെ പ്രകോപിതയാക്കിയത്. നിങ്ങളെ പോലുള്ള മുതിർന്ന കുട്ടികളിൽ നിന്ന് ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവർ പരിതപിച്ചു. താഴെയുള്ള കുട്ടികൾക്ക് മാതൃക കാട്ടേണ്ട നിങ്ങൾ അവരെ വഴിതെറ്റിക്കാനാണോ ശ്രമിക്കുന്നത് എന്ന് തെല്ലുറക്കെ ചോദിച്ചു. ഞാനിത് പറയുന്നതു കേട്ട് നിങ്ങളാരും പോയി ആത്മഹത്യ ചെയ്തേക്കരുത് എന്ന് ഉപദേശിച്ചു. തുടർന്ന് ആത്മഹത്യയെപ്പറ്റി ദീർഘമായ പ്രഭാഷണം ക്ലാസിൽ നടത്തിയ രാജലക്ഷ്മിയുടെ വാക്കുകൾ ഒടുവിൽ തൊണ്ടയിൽ പാതിമുറിഞ്ഞു കൊണ്ടിരുന്നു. പതിവില്ലാതെ അവർ ക്ലാസ് നേരുത്തെ വിട്ടു. രണ്ടു ദിവസം കഴിഞ്ഞ് രാജലക്ഷ്മി എന്ന എഴുത്തുകാരിയെയും അധ്യാപികയെയും ഇഷ്ടപ്പെട്ടപ്പെടുന്നവരെ ഞെട്ടിച്ചു കൊണ്ട് ആ ഏകാന്ത പഥിക ആത്മഹത്യ ചെയ്തു. ക്ലാസിലെ ആ സംഭവത്തിന് ശേഷം സ്റ്റാഫ് റൂമിലേക്ക് മടങ്ങിയെത്തിയപ്പോൾ രാജലക്ഷ്മിക്ക് ഒരു സന്ദർശകനുണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. എന്തോ പറഞ്ഞിട്ട് വേഗം മടങ്ങിപ്പോയ അയാൾ രാജലക്ഷ്മിയോട് പറഞ്ഞതെന്തെന്നത് ഇന്നും അജ്ഞാതമാണ്. ഒറ്റപ്പാലത്ത് കോളജിനടുത്തുള്ള വാടക വീട്ടിൽ അമ്മയും ഒരു ജോലിക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണത്തിൻ്റെ തലേ ദിവസം രാജലക്ഷ്മി നന്നായി പനിച്ചിരുന്നു. ജീവിതത്തിൻ്റെ എല്ലാ കണക്കുകളും തീർക്കാൻ അവർ തീരുമാനിച്ചു. ഏറ്റവും പ്രിയപ്പെട്ട സഹോദരി സത്തി എന്ന് വിളിക്കുന്ന സരസ്വതിയമ്മയ്ക്ക് അവസാന കത്തെഴുതിയ ശേഷം അവർ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. 1965 ജനുവരി 18. പതിവുപോലെ രാജലക്ഷ്മി നേരത്തെ ഉണർന്നു. പതിവിന് വിപരീതമായി വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയി. ബക്കറ്റ് കമഴ്ത്തി വച്ച് അതിൽ കയറി നിന്ന് സാരിത്തുമ്പു കൊണ്ട് കഴുക്കോലിൽ കുടുക്കിട്ട് ജീവിതം അവസാനിപ്പിച്ചു. അപ്പോൾ രാജലക്ഷ്മിയുടെ മാതാവ് കത്തിച്ച നിലവിളക്കിന് മുന്നിലിരുന്ന് നാമം ജപിക്കുകയായിരുന്നു.
ആത്മാവിൻ്റെ ഏകാന്തതയെ ഉപാസിച്ച എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായിരുന്നു അവരുടെ കഥാപാത്രങ്ങൾ. ആത്മാവിൻ്റെ ഏകാന്തത പ്രമേയമാക്കിയ എഴുത്തുകാരെല്ലാം വേദനയെ അതിൻ്റെ പാരമ്യതയിൽ അനുഭവിച്ചവരായിരുന്നു. പാലക്കാട്ട് ചെർപ്പുളശ്ശേരിൽ ഞക്കേത്ത് അമ്മയങ്കോട് തറവാട്ടിൽ തിരുവമ്പാടി മാരാത്ത് അച്യുതമേനോൻ്റെയും കുട്ടിമാളു അമ്മയുടെയും അഞ്ചുമക്കളിൽ ഇളയവളായി 1930 ജൂൺ രണ്ടിന് രാജലക്ഷ്മി ജനിച്ചു. എറണാകുളം കോടതിയിൽ അഭിഭാഷകനായിരുന്ന അച്യുതമേനോൻ കരിക്കാമുറിയിൽ വാങ്ങിയ നാലുകെട്ടിലായിരുന്നു രാജലക്ഷ്മി തൻ്റെ ബാല്യകാലം ചെലവഴിച്ചത്. മൂത്ത സഹോദരൻ മെറ്റലർജിക്കൻ എൻജിനിയറായിരുന്ന പത്മനാഭൻ നായർ ഇരുപത്തിമൂന്നാം വയസിൽ വസൂരി വന്ന് മരിച്ചു. എറണാകുളത്തെ ഗേൾസ് ഹൈസ്കൂളിലാണ് രാജലക്ഷ്മി പത്താം ക്ലാസ് വരെ പഠിച്ചത്. തുടർന്ന് മഹാരാജാസ് കോളജിൽ നിന്ന് ഊർജതന്ത്രത്തിൽ ബിരുദമെടുത്തു. ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എം എ മലയാളത്തിന് ചേർന്നെങ്കിലും രണ്ടാം വർഷം പഠിപ്പ് ഉപേക്ഷിച്ച് ബനാറസ് സർവകലാശാലയിൽ ചേർന്ന് ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം സമ്പാദിച്ച് എൻ എസ് എസ് കോളജിൽ അധ്യാപികയായി. അമ്മയിൽ നിന്ന് പുരാണ കഥകളും ശ്ലോകങ്ങളും കേട്ടു പഠിച്ചാണ് രാജലക്ഷ്മി വളർന്നത്. വിപുലമായ വായനയുടെ ലോകത്തിരുന്നുകൊണ്ട് അവർ കഥാപാത്രങ്ങളുമായി സംവദിച്ചു. വായനയിൽ കമ്പമുണ്ടായിരുന്ന അച്ഛൻ്റെ വിശാലമായ പുസ്തകശേഖരം അതിന് അവരെ സഹായിച്ചു. ബന്ധുക്കളും എഴുത്തുകാരുമായ കെ.പി. പത്മനാഭമേനോനും മേനോൻ മാരാത്തും സ്കൂൾ പ്രഥമാധ്യാപിക അമ്പാടി കാർത്ത്യായിനിയും രാജലക്ഷ്മിയിലെ സർഗാത്മകതയെ പ്രോത്സാഹിപ്പിച്ചു ഡിക്കൻസിനെയും വോഡ്ഹൗസിനെയും ബ്രോണ്ടി സഹോദരിമാരേയും ജെയിൻ ഓസ്റ്റിനെയും സോമർസെറ്റ് മോമിനയും അവർ ആവേശത്തോടെ വായിച്ചു. 1956 ൽ ‘മകൾ’ എന്ന നീണ്ട കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതോടെ രാജലക്ഷ്മി സാഹിത്യലോകത്ത് അറിയപ്പെടാൻ തുടങ്ങി. ജീവിതാനുഭവങ്ങളെ സർഗാത്മകതയുടെ ഉലയിൽ നീറ്റിയെടുത്തതായിരുന്നു രാജലക്ഷ്മിയുടെ കൃതികൾ. ജീവിക്കാൻ മറന്നവരും മറ്റുള്ളവർക്കായി ജീവിച്ചു തീർന്നവരും അവരുടെ സർഗ പ്രപഞ്ചത്തിൽ നിറഞ്ഞുനിന്നു. മകൾ എന്ന കഥയും ഇത്തരത്തിൽപ്പെടുന്ന ഒന്നാണ്. കഥയെപ്പറ്റി ഡോ. എം. ലീലാവതി പറഞ്ഞതിങ്ങനെ; ‘ആ കഥ ഞാൻ പല തവണ വായിച്ചു. ഓരോ തവണയും അതിലെ ചില രംഗങ്ങൾക്ക് എൻ്റെ അന്നത്തെ ജീവിതത്തോടുള്ള അസാധാരണമായ സാദൃശ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആരാണീ രാജലക്ഷ്മിയെന്ന് ഞാൻ അമ്പരന്നു. എന്നെ അറിയുന്ന വല്ലവരുമാണോ എന്ന് ഞാൻ സംശയിച്ചു.’ ഹൃദയത്തിൻ്റെ ഭാഷകൊണ്ട് ജീവിതത്തിൻ്റെ നേർചിത്രം എഴുതുകയായിരുന്നു രാജലക്ഷ്മി. മനുഷ്യ ഹൃദയത്തിലേക്ക് ആർദ്രതയോടെ പെയ്തിറങ്ങുന്ന ഒരു ഭാഷ അവർക്കുണ്ടായിരുന്നു. അതുകൊണ്ടാണ് രാജലക്ഷ്മിയുടെ കൃതികൾ വായിക്കുമ്പോൾ ഇത് നമ്മുടെ ജീവിതം തന്നെയല്ലേ എന്ന തോന്നലാണ് ഓരോ വായനക്കാരനും ഉണ്ടാകുന്നത്.
വിഭ്രമാത്മകതയും വിരഹവും പേറുന്നവരാണ് രാജലക്ഷ്മിയുടെ കഥാപാത്രങ്ങൾ. നിസാര കാര്യങ്ങൾക്ക് രാജലക്ഷ്മി വളരെ വൈകാരികമായി പ്രതികരിച്ചു. അവർ പെട്ടെന്ന് ക്ഷോഭിക്കുകയും ചെറിയ പ്രശ്നങ്ങൾ പോലും തൻ്റെ വ്യക്തി ജീവിതവുമായി ചേർത്തുവായിക്കുകയും ചെയ്തു. ജ്യേഷ്ഠൻ്റെ അകാല മരണവും ജ്യേഷ്ഠത്തിയുടെ വിവാഹ തകർച്ചയും രാജലക്ഷ്മിയെ കൂടുതൽ അസ്വസ്ഥയാക്കി. മറ്റൊരർത്ഥത്തിൽ ഇത്തരം വേദനകൾ സർഗാത്മക ഹൃദയമുള്ള രാജലക്ഷ്മിക്ക് രാസത്വരകമായിരുന്നു. ബഹളങ്ങളിലും ആൾക്കൂട്ടത്തിലും അവർ ഏകാന്തതയുടെ സൗന്ദര്യം ആസ്വദിച്ചു. മൃത്യുവാസനയും ജീവിതത്തോടുള്ള രതിയും രാജലക്ഷ്മിയിലുണ്ടായിരുന്നു. ഈ ദ്വന്ദ്വങ്ങൾ തമ്മിലുള്ള സംഘർഷമാണ് രാജലക്ഷ്മിയുടെ സർഗാത്മക ജീവിതം. ജീവിതത്തിൻ്റെ ഏറ്റവും സംഘർഷഭരിതമായ അനുഭവങ്ങളെ ഏകാന്തതയുടെ നീലവെളിച്ചത്തിലിരുന്ന് രാജലക്ഷ്മി കടലാസിലേക്ക് പകർത്തി. എഴുത്ത് രാജലക്ഷ്മിയെ സംബന്ധിച്ച് കണ്ണാടിക്കാഴ്ചകളായിരുന്നു. അവർ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതങ്ങളെ ആവിഷ്കരിച്ചപ്പോൾ അത് പലർക്കും ഇഷ്ടമായില്ല. ജീവിച്ചിരിക്കുന്നവരുടെ സ്വകാര്യതകൾ പച്ചയായി ആവിഷ്കരിച്ച് അവരെ ആക്ഷേപിക്കുന്നു എന്ന വിമർശനം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉയർന്നു. അതോടെ കുടുംബാന്തരീക്ഷം കലുഷിതമായി. ഇതോടെ രണ്ട് വർഷക്കാലം രാജലക്ഷ്മി എഴുത്തിൽ നിന്ന് പൂർണമായും മാറി നിന്നു. സ്വയം വരിച്ച ഈ അജ്ഞാതവാസം അധികം തുടരാൻ ആ സർഗാത്മക മനസിന് കഴിഞ്ഞില്ല. അക്ഷരങ്ങൾ തിളച്ചുമറിയുന്നൊരു ഏകാന്തതയിൽ അവർ വീണ്ടും എഴുതാനിരുന്നു. സഹോദരി സരസ്വതിയമ്മയ്ക്കുള്ള കത്തിൽ രാജലക്ഷ്മി എഴുതി; ‘എഴുതാതെ എനിക്ക് ജീവിക്കാൻ വയ്യ. എഴുതിയാൽ വെറുപ്പു മാത്രം. ഒരു പുഴുത്ത പട്ടിയെ പോലെയാണ് ഞാൻ.’ എഴുതാനും എഴുതാതിരിക്കാനും കഴിയാത്ത അതിസങ്കീർണമായ അവസ്ഥയിലൂടെ വലിച്ചിഴയ്ക്കപ്പെട്ട ജീവിതമായിരുന്നു രാജലക്ഷ്മിയുടേത്. ഈ സങ്കീർണാവസ്ഥയുടെ പരിസമാപ്തിയായിരുന്നു രാജലക്ഷ്മിയെന്ന എഴുത്തുകാരിയുടെ മരണം. മരണം ഓരോ വ്യക്തിയിലും കൃത്യമായ വഴികൾ നിശ്ചയിച്ചിട്ടുണ്ട്. മരണത്തിൻ്റെ കാരണങ്ങൾ വ്യത്യസ്തമാകാം. സർഗാത്മക കഴിവുകളുള്ള ഒരാൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോഴുള്ള മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാൻ മരണത്തിൻ്റെ കമ്പളം എടുത്തു പുതയ്ക്കാറുണ്ട്. ഇത്തരം ആളുകളുടെ തലച്ചോറുകളിൽ ഉല്പാദിപ്പിക്കുന്ന ന്യൂറോണുകളുടെ അളവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൂടിയാകുമ്പോൾ അത് ആത്മഹത്യയിലേക്ക് പോകും. സ്വച്ഛമായ അന്തരീക്ഷം മനസിലെ തീപിടിച്ച ചിന്തകൾക്ക് തീവ്രത കുറയ്ക്കുമെങ്കിലും എവിടെയെങ്കിലും മനസ് അനുഭവിച്ച പോറൽ അവരിലെ തീ ആളിക്കത്തിക്കുക തന്നെ ചെയ്യും. വിഷാദരോഗം ഒരു ആത്മഹത്യാ മുനമ്പാണെന്നും രാജലക്ഷ്മിയുടെ മാനസിക പ്രശ്നം വിഷാദരോഗമായിരുന്നു എന്നും കെ.പി. അപ്പൻ നിരീക്ഷിക്കുന്നുണ്ട്. തന്നിലെ വിഷാദരോഗത്തെയാണ് പ്രത്യക്ഷമായൊരു സമ്മതം പോലെ ‘മാപ്പ്’ എന്ന കഥയിലെ കോളജ് അധ്യാപികയായ രമയിലൂടെ ആവിഷ്ക്കരിക്കുന്നതെന്ന് അദ്ദേഹം തുടർന്ന് പറയുന്നു. നിസാരസംഭവത്തെ തുടർന്ന് ദുഃഖത്തിൻ്റെ അഗാധ കടലിൽ വീണു പോകുന്നതും മറ്റുള്ളവരെയും തന്നെ തന്നെയും പീഡിപ്പിക്കാൻ തോന്നുന്നതും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളാണ്. ഈ കഥയിൽ രമടിച്ചർ സ്വയം പീഡിപ്പിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഏകാന്തതയെ വേദവാക്യം പോലെ ഉരുവിട്ട എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. എല്ലാത്തരം ബഹളങ്ങളിൽ നിന്നും അവർ കുട്ടിക്കാലം മുതലേ ഒഴിഞ്ഞു നിന്നു. വലിയ ശബ്ദങ്ങളും അപരിചിതരുടെ ഉറക്കെയുള്ള ശബ്ദങ്ങളും അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഒരു രാത്രിയിൽ മെത്തപ്പായയുമായി വീട്ടിലെത്തിയ അപരിചിതൻ്റെ ഉറക്കെയുള്ള സംസാരം കേട്ട് അവൾ ഉറക്കെ നിലവിളിച്ചു. മുതിർന്നപ്പോഴും ഈ ഭയം രാജലക്ഷ്മിയിൽ നിന്ന് വിട്ടുമാറിയിരുന്നില്ല. പിതാവിൻ്റെ പതിനാറടിയന്തിരത്തിന് സർവ്വാണസദ്യകൂടാൻ വന്ന ഹരിജനങ്ങൾ ‘അയ്യോ, തമ്പുരാൻ പോയേ’ എന്ന് വിലപിച്ചതോടെ നിയന്ത്രണം വിട്ട് ബഹളമുണ്ടാക്കി അവർ പൊട്ടിക്കരയുന്നുണ്ട്. അതോടെ കാരണവന്മാർ ചടങ്ങ് നിറുത്തിവയ്പിക്കുകയായിരുന്നു. ‘കുമിള’ എന്ന കവിത പ്രസിദ്ധീകരിച്ച് അധികം വൈകാതെയാണ് അച്ഛൻ മരിച്ചത്. അറം പറ്റിയതുപോലെയായി ആ കവിത. രാജേന്ദ്രൻ എന്ന തൂലികാ നാമത്തിലാണ് ആ ഗദ്യകവിത പ്രസിദ്ധീകരിച്ചത്. മരണമായിരുന്നു അതിലെ പ്രമേയം. അച്ഛൻ്റെ മരണത്തിനിടയാക്കിയത് ഈ കവിതയാണെന്ന സഹോദരീസുഹൃത്തിൻ്റെ സംഭാഷണം രാജലക്ഷ്മിയെ വല്ലാതെ തളർത്തി. അച്ഛനോട് മാപ്പപേക്ഷിച്ച് പൊട്ടിക്കരഞ്ഞ രാജലക്ഷ്മിയുടെ ചിത്രം സഹോദരി ഓർമ്മിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ നിസാരമായ അഭിപ്രായപ്രകടനങ്ങൾ പോലും രാജലക്ഷ്മി ഗൗരവമായി കണ്ടിരുന്നു. ഈ ഹൃദയ നൈർമല്യമാണ് രാജലക്ഷ്മിയെ ദുരന്തത്തിലേക്ക് നയിച്ചത്. ഒരു വഴിയും കുറേ നിഴലുകളും എന്ന നോവലിലെ നായിക താനും നായകൻ തൻ്റെ ഭർത്താവാണെന്നും ധരിച്ച രാജലക്ഷ്മിയുടെ സുഹൃത്ത് അവരെ നിരന്തരം വാക്കുകൾ കൊണ്ട് പീഡിപ്പിച്ചു. ഇത് രാജലക്ഷ്മിയെ വല്ലാതെ അസ്വസ്ഥയാക്കി. പത്ത് വർഷം മാത്രമാണ് രാജലക്ഷ്മി സാഹിത്യരചനയ്ക്കായി മാറ്റിവച്ചത്. ഈ കാലയളവിൽ പന്ത്രണ്ട് കഥകളും രണ്ടര നോവലുകളും രണ്ട് കവിതകളും കൊണ്ട് മലയാള സാഹിത്യ നഭസിലെ ഏകാന്ത നക്ഷത്രമായി അവർ മാറി. ചിന്തകൾ തിളച്ചുമറിയുന്ന കാലത്തിരുന്നു കൊണ്ട് അവർ എഴുതിയ അക്ഷരങ്ങൾ ലാവ പോലെ വായനക്കാരൻ്റെ ഹൃദയത്തിലേക്ക് ഒലിച്ചിറങ്ങി. അവർ അതിൽ വെന്തുരുകി. രാജലക്ഷ്മിയുടെ ഏറ്റവും മികച്ച നോവൽ ഇടയ്ക്ക് പ്രസിദ്ധീകരണം നിറുത്തിവയ്ക്കുകയും പിന്നീട് കയ്യെഴുത്തു പ്രതി അവർ തന്നെ നശിപ്പിച്ചു കളയുകയും ചെയ്ത ‘ഉച്ചവെയിലും ഇളം നിലാവു‘മാണെന്ന് അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാരിയർ പറയുന്നുണ്ട്. അദ്ദേഹം തുടർന്നെഴുതുന്നു; ’ നോവൽ പ്രസിദ്ധീകരിച്ച് ഏതാനും അധ്യായം കഴിഞ്ഞപ്പോൾ അതിൻ്റെ തുടർന്നുള്ള പ്രസിദ്ധീകരണം നിറുത്തിവയ്ക്കണമെന്ന് കാട്ടി സരസ്വതിയമ്മയുടെ കത്ത് എനിക്ക് കിട്ടി. രാജലക്ഷ്മിയുടെ സുഹൃത് വലയത്തിൽപ്പെട്ട ചിലർ അത് തങ്ങളുടെ കഥയായി കാണുകയും, തങ്ങളുടെ കുടുംബ സൗഖ്യത്തെ തകർക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു എന്നതാണ് പ്രസിദ്ധീകരണം നിറുത്തിവയ്ക്കാനുള്ള കാരണമായി പറഞ്ഞത്. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി മനസില്ലാമനസോടെ നോവലിൻ്റെ പ്രസിദ്ധീകരണം നിറുത്തിവച്ചു. ഞങ്ങൾ ചെയ്തത് തെറ്റായിരുന്നു എന്നായിരുന്നു രാജലക്ഷ്മിയുടെ പിതാവിൻ്റെ അഭിപ്രായമെന്ന് പിന്നീട് അറിയാൻ സാധിച്ചു.’ മകൾ എന്ന നീണ്ട കഥ രാജശ്രീ എന്ന പേരിൽ പ്രസിദ്ധീകരിക്കാനാണ് രാജലക്ഷ്മി ആഗ്രഹിച്ചിരുന്നതെങ്കിലും രാജലക്ഷ്മി എന്ന പേരിലാണ് പ്രസിദ്ധീകരിച്ചതെന്നും എൻവി ഓർമ്മിക്കുന്നുണ്ട്. ‘ആത്മഹത്യ’ എന്ന പേരിൽ മംഗളോദയത്തിലെഴുതിയ കഥയിലെ നായിക രാജലക്ഷ്മിയുടെ മറ്റൊരു സുഹൃത്താണെന്ന് ചിലർ പറഞ്ഞു നടന്നു. ‘ഞാനെന്ന ഭാവം’ എന്ന നോവൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾ തന്നെ അതിൽ തങ്ങളിൽ ആരൊക്കെയുണ്ട് എന്ന് ഇവർ അന്വേഷിച്ചു. ഇതോടെ രാജലക്ഷ്മി വല്ലാത്തൊരു മാനസിക പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ടു. മനുഷ്യർക്കെല്ലാം തന്നെക്കൊണ്ട് ഉപദ്രവമാണെന്ന് അവർ ചിന്തിച്ചു തുടങ്ങി. രാജലക്ഷ്മിക്ക് സാഹിത്യ സൃഷ്ടി തന്നെയായിരുന്നു ജീവിതം. അതിലുടനീളം ദുഃഖത്തിൻ്റെ ഏറ്റവും ആർദ്രമായ സംഗീതം അവർ നിറച്ചുവച്ചു.
കലയെ ഏകാന്തതയുടെ മഹാസങ്കീർത്തനങ്ങളായി രാജലക്ഷ്മി കണ്ടു. ഏകാന്തത ഒരർത്ഥത്തിൽ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യത്തിൽ നിന്നാണ് രാജലക്ഷ്മിയുടെ ഓരോ കലാസൃഷ്ടിയും പിറന്നത്. അതുകൊണ്ട് തുറന്നെഴുത്തിൻ്റെ ഒരു ലോകമാണ് സാഹിത്യ സൃഷ്ടിയിൽ അവർ അവലംബിച്ചത്. കപടസദാചാരവാദികളെയും പുരുഷ മേധാവിത്തത്തെയും അവർ നിരന്തരം ആക്രമിച്ചു. രാജലക്ഷ്മിയുടെ നോവലുകൾ സ്ത്രീകേന്ദ്രീകൃതങ്ങളാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ശ്രദ്ധേയമായ നോവലാണ് ഒരു വഴിയും കുറേ നിഴലുകളും. മണി എന്നു വിളിക്കുന്ന രമണിയും അവൾ അപ്പേട്ടൻ എന്നു വിളിക്കുന്ന വിക്രമനും തമ്മിലുള്ള പ്രണയത്തിൻ്റെ കഥയാണ് നോവലിൻ്റെ പ്രമേയം. കുടുംബ ബന്ധങ്ങളുടെ കെട്ടുകൾ ഭേദിച്ച് ആശയഗതിക്കനുസരിച്ച് സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണിതിലെ നായിക. കർക്കശക്കാരനും ദുരഭിമാനിയുമായ ഒരച്ഛൻ്റെ മൂത്ത മകളായ രമണി ഗൃഹാന്തരീക്ഷത്തിൻ്റെ വീർപ്പുമുട്ടലിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നു. മാറാരോഗിയായ അമ്മയെ ശുശ്രൂഷിക്കാനെത്തി ഗൃഹനായികയായി മാറിയ മാതൃസഹോദരിയെ അവൾ വെറുത്തു. സ്നേഹത്തിനായി ദാഹിച്ച അവൾക്ക് വെളിച്ചപ്പാടായിരുന്നു കൂട്ട്. അയാളുടെ മരണത്തോടെ വീണ്ടും അവൾ ഒറ്റപ്പെടുന്നു. അച്ഛൻ്റെ സഹോദരീപുത്രനായ വിക്രമനുമായുള്ള കൂട്ട് അവളെ കവിതകളുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അച്ഛൻ്റെ സഹോദരൻ അവൾക്ക് തുണയായിരുന്നു. അച്ഛനിൽ നിന്ന് കിട്ടാതിരുന്ന സ്നേഹം കൊച്ചച്ഛനിൽ നിന്ന് കിട്ടി. അയാളുടെ അകാലമരണത്തോടെ വീണ്ടും അവൾ ഒറ്റപ്പെട്ടു. കോളജ് പഠനം അച്ഛനധികാരത്തിൻ്റെ ഇരുൾ വീണ വീടിനുള്ളിൽ കഴിഞ്ഞിരുന്ന അവൾക്ക് ആശ്വാസമായിരുന്നു. പുരുഷന്മാരുമായി ലൈംഗികകേന്ദ്രീകൃതമല്ലാത്ത ഒരു സുഹൃദ്ബന്ധം അവൾ കൊതിച്ചെങ്കിലും സുഹൃത്തുക്കളായി വന്നവർ അവളെ സ്വന്തമാക്കാൻ ശ്രമിച്ചതോടെ ശക്തമായി പ്രതികരിച്ചു. എങ്കിലും സ്ത്രീ സഹജമായ ദാഹം അവളിലുണ്ടായിരുന്നു. ‘എൻ്റെ വിളക്ക് കത്തിക്കപ്പെടുകയുണ്ടായില്ല’ എന്നവൾ വിലപിക്കുന്നുണ്ട്. വളരെ സങ്കീർണമായ സ്ത്രീമനസിൻ്റെ ഇഴകളെ ഒന്നൊന്നായി അടർത്തിയെടുത്ത് പരിശോധിക്കുകയാണ് നോവലിൽ രാജലക്ഷ്മി. ഈ നോവൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം അവർക്ക് നേടിക്കൊടുത്തു. സ്ത്രീയുടെ സ്വതന്ത്രചിന്താഗതിയെ അടിച്ചമർത്തുകയും വ്യവസ്ഥാപിതമായ മൂല്യസങ്കല്പങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയെ രാജലക്ഷ്മി നിശിതമായി ചോദ്യം ചെയ്യുന്നു. വ്യത്യസ്ത സ്വഭാവമുള്ള നാല് സ്ത്രീകളുടെ കഥയാണ് ഇടയ്ക്കു വച്ച് പ്രസിദ്ധീകരണം നിറുത്തിയ ഉച്ചവെയിലും ഇളംനിലാവും എന്ന നോവലിൽ രാജലക്ഷ്മി അവതരിപ്പിക്കുന്നത്. സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചുള്ള തൻ്റെ കൃത്യമായി സങ്കല്പങ്ങൾ അവതരിപ്പിക്കാനാണ് ഈ നോവലിലൂടെ രാജലക്ഷ്മി ശ്രമിക്കുന്നത്. രണ്ട് വർഷത്തെ മൗനത്തിന് ശേഷം രാജലക്ഷ്മി എഴുതിയ നോവലാണ് ഞാനെന്ന ഭാവം. പൊന്നിൻ്റെ മതിൽ എന്ന ശീർഷകം നൽകാനായിരുന്നു രാജലക്ഷ്മി ആഗ്രഹിച്ചിരുന്നത്. എൻ.വി. കൃഷ്ണവാര്യരുടെ ആവശ്യപ്രകാരമാണ് ഞാനെന്ന ഭാവം എന്ന പേര് നൽകിയത്. തൻ്റേടിയായ അമ്മിണിയോപ്പാളാണ് ഇതിലെ നായിക. താന്നിപ്പറമ്പു തറവാട്ടിലെ ഇളം തലമുറക്കാരാണ് കൃഷ്ണൻ കുട്ടിയും അമ്മിണി ഓപ്പോളും. അമ്മിണിയുടെ ജ്യേഷ്ഠത്തിയുടെ മകനായ കൃഷ്ണൻ കുട്ടിയെ അവൾ സഹോദര തുല്യനായാണ് കണ്ടത്. കാണാൻ ഒട്ടും കൊള്ളാത്ത, വകതിരിവില്ലാത്ത ഒരു വയസൻ നമ്പൂതിരിയുമായി അവളുടെ സംബന്ധം ഉറപ്പിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് അവൾ വീടുവിട്ടിറങ്ങി കൃഷ്ണൻകുട്ടിയുടെ അച്ഛനായ ഗോപാലൻ നായരുടെ വീട്ടിലെത്തി. ഗോപാലൻ നായർ ജഡ്ജി മാധവൻ നായരെ അവൾക്ക് ഭർത്താവായി കണ്ടെത്തുന്നതോടെ കുടുംബക്കാരുടെ പ്രതിഷേധം അവസാനിച്ചു. ജഡ്ജിയുടെ കൊട്ടാരസദ്യശ്യമായ വീട്ടിൽ എല്ലാ അധികാരങ്ങളോടെയും അവൾ ജീവിക്കുന്നു. അഞ്ചാം ക്ലാസ് മാത്രം പാസായ കൃഷ്ണൻകുട്ടിയെ ജഡ്ജി തുടർന്ന് പഠിപ്പിക്കുന്നു. അമ്മിണിയോപ്പോളുടെ വീട്ടിൽ ഒറ്റപ്പെട്ടു പോയ കൃഷ്ണൻ കുട്ടിയെ ഹൃദയസ്പർശിയായാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്. തുടർന്ന് കലാലയ പഠനം തുടർന്ന അയാൾ ഓപ്പോളുടെ ആശ്രിതയായാണ് കഴിഞ്ഞത്. ജഡ്ജിയുടെ സഹോദരിയുടെ മകൾ തങ്കവുമായുള്ള സ്നേഹ ബന്ധത്തെ ഓപ്പോൾ തകർക്കുന്നു. ഇതോടെ തങ്കം ആത്മഹത്യ ചെയ്യുന്നു. തുടർന്ന് കൃഷ്ണൻകുട്ടി ഓപ്പോളുടെ ആധിപത്യത്തിൽ നിന്ന് മോചനം നേടുമ്പോഴുണ്ടാകുന്ന സംഘർഷ ഭരിതമായ ജീവിതമാണ് നോവലിൽ അവതരിപ്പിക്കുന്നത്. താൻ ജീവിച്ചിരുന്ന കാലത്തെ സാമൂഹിക വിഷയങ്ങളെയാണ് രാജലക്ഷ്മി നോവൽ രചനയ്ക്ക് വിഷയമാക്കിയത് മറ്റൊരർത്ഥത്തിൽ സമകാലിക സാമൂഹിക‑രാഷ്ട്രീയ വ്യവസ്ഥകളിലെ ജീർണതകൾക്കെതിരെയുള്ള സന്ധിയില്ലാത്ത കലാപമായിരുന്നു രാജലക്ഷ്മിക്ക് നോവലെഴുത്ത്.
ജീവിതത്തെയും മരണത്തെയും തന്നോളം ചേർത്തുപിടിക്കുകയായിരുന്നു രാജലക്ഷ്മി. ജീവിതത്തോടുള്ള അടക്കാനാകാത്ത ആഗ്രഹങ്ങളുള്ളതും മരണത്തോട് അടുത്തുനിൽക്കുന്നതുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് അവർ തൻ്റെ ആന്തരിക സംഘർഷത്തെ വെളിപ്പെടുത്തി. അത് ഒളിച്ചു കടത്തിയ ചാക്രിയ വിഷാദ രോഗത്തിൻ്റെ രഹസ്യ സന്ദേശമായിരുന്നു. നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന കവിതയിൽ അവർ എഴുതി:
ജീവിതംപോലെ അഭികാമ്യയാണു നീ
മരണംപോലെ ആകർഷകയാണ് നീ
അനിവാര്യമായ ആത്മഹത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ അവർ തൻ്റെ കലാസൃഷ്ടികളിലൂടെ വായനക്കാർക്ക് നൽകിയിരുന്നു. തിരുവന്തപുരത്തെ താമസ കാലത്ത് ബഹിർമുഖിയായ രാജലക്ഷ്മിയെയാണ് നാം കാണുന്നത്. കൂട്ടുകാരോടൊത്ത് അവർ ഉല്ലസിച്ചു. ഹോസ്റ്റലിന് സമീപം ഒഴിഞ്ഞുകിടന്ന വീടിൻ്റെ മുറ്റത്ത് അവർ അധ്യാപികമാരോടും വിദ്യാർത്ഥികളോടും ഒപ്പം ബാറ്റ്മിൻ്റൺ കളിച്ചു. ഞായറാഴ്ചകളിൽ ശംഖുമുഖം കടപ്പുറത്തേക്ക് നടക്കാൻ പോയി. കൂട്ടുകാരോടൊപ്പം നർമ്മ സംഭാഷണങ്ങളിൽ മുഴുകി. പബ്ലിക് ലൈബ്രറിയിലെ പുസ്തക കൂമ്പാരങ്ങളിൽ കൗതുകത്തോടെയും ആവേശത്തോടെയും പരതിനടന്നു. അവിടെ നിന്ന് പന്തളത്തേക്കുള്ള മാറ്റത്തോടെ രാജലക്ഷ്മി തികച്ചും ഒറ്റപ്പെട്ടു. കഠിനമായ തലവേദന ഒപ്പം കൂടി. വിഷാദത്തിൻ്റെ ചുഴിയിലേക്ക് മെല്ലെ അവർ വീഴുകയായിരുന്നു. വിവാഹിതയും കുടുംബിനിയുമായി ജീവിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. മണികൃഷ്ണൻ എന്ന വിദ്യാർത്ഥിനിയുടെ ഓട്ടോഗ്രാഫിൽ ‘നുകരൂ നുകരൂ ജീവിതാസവം’ എന്നെഴുതി. ഒരിക്കൽ സഹപാഠിയായ ഒരു സുഹൃത്തിൻ്റെ സഹോദരൻ വിവാഹാലോചനയുമായി സമീപിച്ചു. അതിൽ രാജലക്ഷ്മിക്ക് വലിയ താല്പര്യവുമായിരുന്നു. പതിവിൽ കവിഞ്ഞ സന്തോഷത്തോടെ അവർ വീട്ടിലേക്ക് പോയി. വിവാഹം കഴിഞ്ഞേ താനിനി മടങ്ങൂ എന്ന് അവർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ ജാതകപ്പൊരുത്തമില്ലാത്തതിനാൽ ആ ബന്ധം വേണ്ടന്ന തീരുമാനമാണ് അച്ഛൻ എടുത്തത്. പ്രസവത്തോടെ മരണം സംഭവിക്കുമെന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. ഇഷ്ടപ്പെട്ട വിവാഹം നടക്കാതെ പോയത് രാജലക്ഷ്മിയുടെ മനസിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഇതോടെ ജീവിതത്തോട് വല്ലാത്തൊരു വെറുപ്പ് രാജലക്ഷ്മിക്കുള്ളിൽ രൂപപ്പെട്ടു. മരണത്തെപ്പറ്റി അവർ അടുത്ത സുഹൃത്തുക്കളോട് പലപ്പോഴായി സംസാരിച്ചു. ‘സുന്ദരമായ ഒരു പ്രഭാതത്തിൽ മരിക്കാൻ കഴിയുക വലിയൊരനുഗ്രഹമാണെ‘ന്ന് അവർ പറഞ്ഞു. കൈത്തലം കാട്ടിക്കൊണ്ട് തൻ്റെ ആയുർരേഖ ഹ്രസ്വമാണെന്നും മുപ്പത്തഞ്ചു വയസിനപ്പുറം ജീവിച്ചിരിക്കില്ലെന്നും പറഞ്ഞു. മരണത്തിൻ്റെ ഒരു കരിമ്പടം അവർ സദാ കൈയിൽ കരുതിയിരുന്നു. പാരതന്ത്ര്യത്തിൻ്റെയും യാഥാസ്ഥിതികതയുടെയും കെട്ടുപാടുകളിൽ തളയ്ക്കപ്പെട്ടുപോയൊരു ബാല്യ‑കൗമാരകാലജീവിതമായിരുന്നു രാജലക്ഷ്മിയുടേത്. ഇതിനിടയിലുള്ള രക്ഷപ്പെടലായിരുന്നു വിദ്യാഭ്യാസവും തൊഴിലും. ഇത്തരം ജീവിതാനുഭവങ്ങളാണ് അവർ കലയിലൂടെ ആവിഷ്കരിച്ചത്. മകൾ എന്ന ആദ്യ കഥ തന്നെ ഇത് സൂചിപ്പിക്കുന്നുണ്ട്. വരട്ടുതത്ത്വശാസ്ത്രവുമായി ജീവിക്കുന്ന അച്ഛൻ്റെ ആഗ്രഹമനുസരിച്ച് ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഒരു മകളുടെ അന്ത:സംഘർഷങ്ങളാണ് ഇതിൽ കഥാകൃത്ത് ആവിഷ്ക്കരിക്കുന്നത്. കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ സ്വന്തം ജീവിതം നഷ്ടപ്പെട്ടു പോകുന്ന ശാരദയാണ് ഇതിലെ നായിക. അച്ഛൻ്റെ ദുരഭിമാനബോധവും കാലഹരണപ്പെട്ട ആദർശങ്ങളും ഈ കഥയിലൂടെ രാജലക്ഷ്മി ചോദ്യം ചെയ്യുന്നുണ്ട്. ആത്മഹത്യാ രതിയുടെ പരോക്ഷമായ നിഴൽ ശാരദയെന്ന കഥാപാത്രത്തിലും ‘ഒരു അധ്യാപിക ജനിക്കുന്നു’ എന്ന കഥയിലെ ഇന്ദിരയെന്ന കഥാപാത്രത്തിലും കഥാകാരി വീഴ്ത്തുന്നുണ്ട്.
രാജലക്ഷ്മിയുടെ ആത്മഹത്യാപ്രവണത കലയുടെ രൂപത്തിൽ മാറിയും മറിഞ്ഞും പ്രതിഫലിക്കുന്നതായി അവരുടെ സർഗാത്മക ജീവിതത്തിലൂടെ കടന്നു പോകുന്ന ആർക്കും മനസിലാകും. ആത്മഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവർ നൽകിക്കൊണ്ടേയിരുന്നു. നോവൽ പ്രസിദ്ധീകരണം നിറുത്തിവയ്പ്പിച്ചതും അത് നശിപ്പിച്ചു കളഞ്ഞതും പ്രതിരൂപാത്മകമായ കൊലപാതകമായിരുന്നു എന്ന് കെ.പി. അപ്പൻ നിരീക്ഷിക്കുന്നുണ്ട്. ഓരോ മനുഷ്യൻ്റെയും ഏറ്റവും വലിയ ശത്രു അവനവൻ തന്നെയാണെന്ന് റോബർട്ട് ബർട്ടൻ്റെ നിരീക്ഷണത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് രാജലക്ഷ്മിയുടെ കലയിലൂടെ അവരുടെ ഉള്ളിലുള്ള ആത്മഹത്യാ പ്രവണതയെ അപ്പൻ അന്വേഷിച്ചത്. രാജലക്ഷ്മിയുടെ ‘ആത്മഹത്യ’ എന്ന കഥ വേഷംമാറി വന്ന ആത്മഹത്യാ കുറിപ്പാണെന്ന് അപ്പൻ പറയുന്നു. ജീവിതത്തോട് വല്ലാത്തൊരു ആഭിമുഖ്യം രാജലക്ഷ്മിയിൽ ഉണ്ടായിരുന്നു. ഒരാൾക്ക് ജീവിതത്തിൽ താല്പര്യമുണ്ടെങ്കിൽ മരണത്തിനോടും പ്രത്യേക താല്പര്യമുണ്ടായിരിക്കുമെന്ന് തോമസ് മന്നിൻ്റെ ‘മാജിക് മൗണ്ട’നിലെ ഹാൻസ് എന്ന കഥാപാത്രത്തെ ഉദ്ധരിച്ചു കൊണ്ട് അപ്പൻ പറയുന്നു. പത്രത്തിൽ ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത കണ്ടാൽ ഭയക്കുന്ന കഥാകാരിയെയാണ് ഇതിൽ നാം കണ്ടുമുട്ടുന്നത്. തൻ്റെ സ്നേഹിതയായ നീരജാ ചക്രവർത്തിയുടെ പേരും ഒരിക്കൻ ഇതുപോലെ വരുമെന്ന് അവർ ഭയപ്പെടുന്നു. അന്യ നാട്ടുകാരിയായ അവളുടെ ക്രൂരനായ ഭർത്താവ് നേവി ഉദ്യോഗസ്ഥനായിരുന്നു. ഗർഭിണിയായ അവൾ അസുഖം ബാധിച്ചപ്പോൾ മരുന്നൊന്നും കഴിച്ചിരുന്നില്ല. അങ്ങനെ മരണത്തെ പുൽകാൻ തീരുമാനിച്ചു. എന്നാൽ അത് പരാജയപ്പെട്ടു. പ്രസവത്തിൽ അവളുടെ കുട്ടി മരിക്കുന്നു. അവൾക്കിഷ്ടമില്ലാത്ത ജീവിതവുമായി അവൾ മുന്നോട്ടു പോകുന്നു. ഒരിക്കൽ അവൾ കഥാകൃത്തിനോട് പറഞ്ഞു; ”ഒരാളായിട്ടു പോകുമെന്ന് ഞാൻ കരുതിയില്ല ചേച്ചീ. രണ്ടു പേരും കൂടി ഒന്നിച്ചു പോകാമെന്നാണ് കരുതിയത്.” കുറേ നാളുകൾക്കു ശേഷം ഭർത്താവിനൊപ്പം അവൾ നാട്ടിലേക്ക് മടങ്ങി. പിന്നെ വല്ലപ്പോഴും കത്തുകൾ അയച്ചു. എന്നാൽ അതിൽ അവളുടെ ജീവിതത്തെപ്പറ്റി ഒരു പരാമർശവും ഉണ്ടായിരുന്നില്ല. ആത്മഹത്യയെക്കുറിച്ചുള്ള പത്രവാർത്തയിൽ നീരജ സ്ഥലം പിടിക്കുമെന്ന് കരുതിയിരിക്കുന്ന കഥാകാരി. നീരജ ചക്രവർത്തിയുടെ ആത്മഹത്യാ വാർത്ത ഒരു പത്രത്താളുകളിലും ഇടം പിടിച്ചില്ല. പകരം കഥയെഴുതി നാളുകൾക്കു ശേഷം രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ ആത്മഹത്യാ വാർത്തകൾ പത്രത്താളുകളിൽ നിറഞ്ഞു. അത് വായിച്ച് വായനക്കാർ ഞടുങ്ങിപ്പോയി. ആത്മഹത്യ ഒരു കലയാണെന്ന് ദാദായിസ്റ്റുകൾ പറയുന്നുണ്ട്. കലയുടെ രൂപത്തിൽ ഒരു ആന്തരിക ദുരന്തം അവതരിപ്പിക്കുകയായിരന്നു രാജലക്ഷ്മി. ആത്മഹത്യാപ്രവണത ഒരുതരം ചിത്ത വിഭ്രാന്തിയാണെന്ന് മന:ശാസ്ത്രജ്‌ഞൻമാർ നിരീക്ഷിക്കുന്നുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തിപരമാണെങ്കിൽ കൂടി ഒരു വ്യക്തിയുടെ ജീവിതനിരാസത്തിൽ സമൂഹത്തിന് ധാർമ്മിക ബാധ്യതയുണ്ടെന്ന് ദുർക് ഹൈം പറയുന്നുണ്ട്. രാജലക്ഷ്മിയെ സംബന്ധിച്ച് ദുർകിൻ്റെ നിരീക്ഷണം ശരിയായിരുന്നു. എഴുത്തിൽ വേദന. എഴുതിയില്ലെങ്കിൽ വേദന. എഴുതി കഴിഞ്ഞാലും വേദന. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏകാന്ത തടവിലായിരുന്നു രാജലക്ഷ്മി. മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന മൃത്യു വാസനയും ജീവിത രതിയും തമ്മിലുള്ള ബലപരീക്ഷണത്തിൽ മൃത്യു വാസനയ്ക്കുണ്ടായ വിജയമായിരുന്നു രാജലക്ഷ്മിയുടെ ആത്മഹത്യ. മരണത്തെ ജീവിതത്തോളം തന്നെ സ്നേഹിച്ച എഴുത്തുകാരിയാരുന്നല്ലോ രാജലക്ഷ്മി.
ഏകാന്തതയും വിഷാദാത്മകതയും നിറഞ്ഞ പച്ചയായ മനുഷ്യരെപ്പറ്റിയാണ് രാജലക്ഷ്മി എഴുതിയത്. ഉന്മാദത്തിൻ്റെ കണ്ണിൽ സ്വന്തം ആത്മാവിനെ കാണുക എന്നതിനേക്കാൾ ഭീതിതമായ മറ്റൊന്നില്ല. മരണത്തിൻ്റെ വസ്ത്രം കഴുത്തിലണിഞ്ഞപ്പോൾ രാജലക്ഷ്മി സ്വന്തം ആത്മാവിനെ കണ്ടത് എങ്ങനെയാണെന്ന് നമുക്കറിയില്ലല്ലോ. ആത്മഹത്യ എന്ന കഥയിൽ നീരജ പറയുന്നുണ്ട്; “ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തലവയ്ക്കുന്നത് ഭീരുത്വമാണത്രേ. ഭീരുത്വം അല്ല, ധീരതയാണ്.” പ്രശാന്തമായ മനസോടെ മാത്രമാണ് താൻ മരണത്തെപ്പറ്റി ചിന്തിക്കുന്നതെന്ന് സാർത്ര് പറയുന്നുണ്ട്. മരണം കടന്നു വരേണ്ടത് ജീവിതത്തെ നിർവചിക്കാൻ മാത്രമാണെന്നും സാർത്ര് തുടർന്ന് പറയുന്നു. മരണംകൊണ്ട് ജീവിതത്തെ നിർവചിക്കുകയും വിലയിരുത്തുകയുമായിരുന്നു രാജലക്ഷ്മി. മരണത്തിൻ്റെ തലേ ദിവസം രാജലക്ഷ്മി എല്ലാം നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുമ്പ് എല്ലാ കണക്കുകളും കൃത്യമാക്കി. റെക്കോഡ് ബുക്കുകൾ വാങ്ങുന്നതിന് വിദ്യാർത്ഥികളിൽ നിന്നു പിരിച്ച പണവും അതിൻ്റെ വിവരങ്ങളും കൃത്യതയോടെ എഴുതിവച്ചു. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസും മാർക്ക് ഷീറ്റും തൊട്ടടുത്ത് എടുത്തു വച്ചു. ശേഷം സഹോദരിക്ക് കത്തെഴുതി. അത് രാജലക്ഷ്മിയുടെ അവസാന എഴുത്തായിരുന്നു. തൊട്ടടുത്ത പ്രഭാതത്തിൽ ശാന്തമായ മനസോടെ അവർ മരണത്തിൻ്റെ ചിറകിലേറി യാത്രയായി. നിഴലും നിശബ്ദതയും തങ്ങിനിൽക്കുന്ന ഒറ്റപ്പാലം എൻ എസ് എസ് കോളജിൻ്റെ ഇടനാഴിയിൽ രാജലക്ഷ്മിയുടെ പതിഞ്ഞ കാലടി ശബ്ദം ഇപ്പോഴും ഖനീഭവിച്ച് കിടപ്പുണ്ടാവണം. അത്രമേൽ, കാലം ആഴത്തിൽ കൊത്തിവച്ച പേരാണല്ലോ രാജലക്ഷ്മിയുടേത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.