തെളിവുകളിലൂടെ നയിക്കാന്‍ ശാസ്ത്രകുതുകികളുടെ സംഗമം കോഴിക്കോട്ട്

Web Desk
Posted on October 02, 2019, 2:32 pm

കോഴിക്കോട്: ലിറ്റ്മസ്! ഈ വാക്ക് ഇന്ന് മലയാളികള്‍ക്ക് സ്ക്കൂളിലെ രസതന്ത്ര ക്ലാസില്‍ പഠിച്ചു മറന്ന, ആസിഡിനെയും അല്‍ക്കലിയെയും തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് മാത്രമല്ല. മലയാളികളുടെ പ്രബുദ്ധതയെയും ശാസ്ത്രബോധത്തെയും അടയാളപ്പെടുത്തുന്ന ഒരു ബൗദ്ധിക വിരുന്നിലേക്കുള്ള കവാടം കൂടിയാണ്. എസ്സെന്‍സ് ഗ്ലോബല്‍ എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ വാര്‍ഷിക സമ്മേളനമായ ‘ലിറ്റ്മസ് ‘, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ചിന്താ- ശാസ്ത്ര പ്രചാരകരുടെ സംഗമമായി മാറിയിരിക്കയാണ്. ഈവര്‍ഷം ഒക്ടോബര്‍ ആറിന് ഞായറാഴ്ച പൂജാ അവധി ദിനത്തുടക്കത്തില്‍, കോഴിക്കോട് സ്വപ്നനഗരിക്കടുത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന മുപ്പതോളം പ്രഭാഷകര്‍ പങ്കെടുക്കുന്ന ലിറ്റ്മസ്-2009, മസ്തിഷ്കം പൂജയ്ക്ക് വെക്കാത്തവരുടെ ചരിത്രസംഗമം കൂടിയാവുകയാണ്.

തെളിവുകള്‍ നയിക്കട്ടെ’ എന്നതാണ് ലിറ്റ്മസിന്റെ മുദ്രാവാക്യം. വെറും മത വിമര്‍ശനം മാത്രമല്ല. ശാസ്ത്രബോധം എന്ന സമൂഹ പുരോഗതിക്ക് അനിവാര്യമായ എന്‍ജിന്റെ വളര്‍ച്ചയാണ് എസ്സെന്‍സ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. ‘അടച്ചിട്ട മുറിയില്‍ അഞ്ചാറു പേര്‍’- പൊതുവെ നാസ്തികരുടെയും സ്വതന്ത്ര ചിന്തകരുടെയും പ്രോഗ്രാമുകളെ പറ്റി പലരും കളിയാക്കാറുള്ളതിങ്ങനെയാണ്. രാഹുല്‍ ഈശ്വര്‍ ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളുടെ അത്രയെ യുക്തിവാദികള്‍ ഉള്ളൂ എന്നായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. എസ്സന്‍സ് ഗ്ലോബലിന്റെ കഴിഞ്ഞ വാര്‍ഷിക സമ്മേളനം നിശാഗന്ധിയില്‍ നടന്നപ്പോള്‍ ഏതാണ്ട് മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. അതായത് അല്‍പ്പം വൈകിയാണെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന നവനാസ്തികതയുടെ വസന്തം കേരളത്തിലും എത്തിയെന്ന് ചുരുക്കമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഇന്ന് സ്വതന്ത്ര ചിന്തകര്‍ക്കും മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന രീതിയില്‍ വലിയ സമ്മേളനങ്ങള്‍ നടത്താന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ലിറ്റ്മസ്-2018ല്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ കോഴിക്കോട്ട് അയ്യായിരത്തോളം പേരുടെ വലിയ പരിപാടിയായാണ് ലിറ്റ്മസ് വിഭാവനം ചെയ്യുന്നത്. എസ്സന്‍സ് ടീം നടത്തുന്ന പ്രചാരണ പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. സിനിമാ പരസ്യങ്ങളോട് കിടപിടിക്കുന്ന വലിയ തുണി ബോര്‍ഡുകളും, ഹോര്‍ഡിങ്ങുകളും സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കോഴിക്കോട്ട് ഉയര്‍ന്നു കഴിഞ്ഞു. നാടെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിട്ടുണ്ട്. ട്രോളുകളും കിടിലന്‍ സൈബര്‍ പ്രമോയുമായി എസ്സന്‍സിന്റെ സൈബര്‍ വിങ്ങും സജീവമാണ്. യുക്തിവാദികളുടെ പരിപാടിക്ക് ഇത്തരം ഒരു പ്രചാരണവും സ്വീകരണവും ചരിത്രത്തില്‍ ആദ്യമാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബര്‍ 6ന് ഞായറാഴ്ച കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ‘ലിറ്റ്മസ്-2019’ ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറായി മാറുകയാണ്. ഇത്രയും വലിയ ഒരു ഏകദിന ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാര്‍ ഇന്ത്യയില്‍ ഇത് ആദ്യമാണ്.

രാവിലെ 9 മണിക്ക് തുടങ്ങി രാത്രി 9 വരെ നീളുന്ന സെമിനാറില്‍ ആറു രാജ്യങ്ങളില്‍നിന്നായി 30 ഓളം പ്രഭാഷകര്‍ പങ്കെടുക്കും. സി രവിചന്ദ്രന്‍, വൈശാഖന്‍ തമ്പി, ഡോ അഗസ്റ്റസ് മോറിസ്, ബൈജുരാജ്, ഡോ കെ എം ശ്രീകുമാര്‍, ഡോ സാബുജോസഫ്, മനൂജ മൈത്രി, ജാമിദ ടീച്ചര്‍, പിഎം അയൂബ്, ജോസ് കണ്ടത്തില്‍, സജീവന്‍ അന്തിക്കാട് തുടങ്ങിയ യൂട്യൂബ് പ്രഭാഷണങ്ങളിലൂടെ ശാസ്ത്ര പ്രചാരണവും മത വിമര്‍ശനവും നടത്തുന്ന പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. വെറും 11 വയസ്സ് മാത്രമുള്ള തിരുവനന്തപുരത്തുകാരന്‍ അര്‍ജ്ജുന്‍ എന്ന ബാലനാണ് പ്രഭാഷകരിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ‘ഗ്രഹണങ്ങളിലൂടെ ഒരു സഞ്ചാരം’ എന്ന വിഷയമാണ് അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്. എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ‘മാറുന്ന കാലം മാറുന്ന സമൂഹം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

സമാന്തര വൈദ്യത്തെക്കുറിച്ചുള്ള പൊതുജന സമ്പര്‍ക്ക അല്‍മെഡ് 19, ആണ് ഇത്തവണത്തെ പ്രത്യേകത. ഡോ മനോജ് ബ്രൈറ്റ്, ഡോ. പ്രവീണ്‍ ഗോപിനാഥ്, ഡോ. ദിലീപ് മമ്പള്ളില്‍, ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത്, ഡോ. രാഗേഷ് എന്നിവരാണ് ഈ സെഷനില്‍ പങ്കെടുക്കുന്നത്. കവിയും, എഴുത്തുകാരനുമായ ആര്‍ അജിത്ത് മോഡറേറ്റര്‍ ആയിരിക്കും. യുകെ, യുഎസ്എ, ഓസ്ട്രേലിയ, യുഎഇ, തുടങ്ങിയ രാജ്യങ്ങളിലെ പ്രഭാഷകര്‍ ലിറ്റ്മസിന് എത്തുന്നുണ്ട്. പരിപാടിയുടെ ഭാഗമായി എസ്സെന്‍സ് പാനലിസ്റ്റുകളുമായി സദസ്സിന് നേരിട്ട് സംവദിക്കാം. ഏറ്റവും മികച്ച മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000രൂപ. സമ്മാന വിജയികളെ അല്‍മെഡ് പാനലും മോഡറേറ്ററും ചേര്‍ന്ന് തിരഞ്ഞെടുക്കും. ഒരു മണിക്കൂറാണ് അല്‍മെഡിന്റെ ദൈര്‍ഘ്യം.

പ്രായം ചെന്നവരും പ്രമേഹരോഗികളും മുലയൂട്ടുന്ന അമ്മമാരും പങ്കെടുക്കുന്ന, 12 മണിക്കൂര്‍ നീളുന്ന മീറ്റിങ്ങില്‍ അത്തരക്കാര്‍ക്ക് കുറച്ചു സമയം വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. മികച്ച ഡോക്ടര്‍മാരുടെ ഒരു പാനലിന്റെ മേല്‍നോട്ടവും ഉണ്ടായിരിക്കും. ലിറ്റ്മസ്19 ന്റെ മറ്റൊരു സവിശേഷത മരണാനന്തര അവയവദാനം പോലെ സാമൂഹ്യ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നു എന്നുള്ളതാണ്. താല്പര്യമുള്ളവര്‍ക്ക് അവിടെയുള്ള കൗണ്ടറില്‍ സമ്മതപത്രം നല്‍കാവുന്നതാണ്. ലിറ്റ്മസ് 19 ന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുരോഗമിക്കയാണ്.

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേര്‍ അടങ്ങുന്ന ചെറിയ വേദികളില്‍ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവര്‍ത്തനത്തിന്റെ ഗതിമാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘ഗോഡ് ഡെല്യൂഷന്‍’ എന്ന ലോക പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമായ ‘നാസ്തികനായ ദൈവവുമായി’ സി രവിചന്ദ്രന്‍ രംഗത്ത് എത്തിയതോടെയായിരുന്നു. ഒമ്പതുവര്‍ഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യന്‍ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി. മതങ്ങളെ ഉൾപ്പെടെ അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയില്‍ നിന്ന് മാറി, തീര്‍ത്തും സയന്‍സിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രന്‍ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കള്‍ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു. ഇതോടൊപ്പം ഡോ അഗസ്റ്റ്സ് മോറിസ്, വൈശാഖന്‍ തമ്പി, മനോജ് ബ്രൈറ്റ് തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു.

ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകര്‍, എഴുത്തുകാര്‍, ചിന്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബര്‍ കൂട്ടായ്മ ആണ് എസ്സെന്‍സ് എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തില്‍പരം അംഗസംഖ്യയുള്ള ‘നാസ്തികനായ ദൈവം’ ഫേസ്ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് ഈ എന്ന ആശയം 2016 ഓഗസ്റ്റില്‍ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ആണ് ഈ ആശയം നിര്‍ദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെന്‍സ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം ‘നാസ്തികനായ ദൈവം’ ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.

കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ എസ്സെന്‍സ് മൂവ്മെന്റ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകള്‍ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നില്‍ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്.