ഇംഗ്ലീഷ്പ്രീമിയർ ലീഗിൽ ഒടുവിൽ ലിവർപൂളിന്റെ റെക്കോഡ് കുതിപ്പിന് അന്ത്യം. വാറ്റ്ഫോർഡാണ് ചെമ്പടയുടെ ജൈത്രയാത്രയ്ക്ക് തടയിട്ടത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ അട്ടിമറിച്ചത്. ഇതോടെ തുടര്‍ച്ചയായ 19 ജയമെന്ന പ്രീമിയര്‍ ലീഗ് റെക്കോഡ് ലിവര്‍പൂളിന് നഷ്ടമായി. 18 വിജയങ്ങള്‍ നേടിയ സിറ്റിയുടെ റെക്കോഡിനൊപ്പമാണ് ലിവര്‍പൂള്‍ ഇപ്പോള്‍. സറിന്റെ ഇരട്ടഗോളും ഡിനിയുടെ ഗോളുമാണ് വാറ്റ്ഫോർഡിന് തുണയായത്.
ഗോളെന്നുറച്ച നാല് അവസരങ്ങളാണ് വാറ്റ്ഫോഡ് നഷ്ടമാക്കിയത്. അല്ലായിരുന്നെങ്കില്‍ വമ്പന്‍ നാണക്കേട് ലിവര്‍പൂളിന് നേരിടേണ്ടിവരുമായിരുന്നു. വാറ്റ്ഫോഡ് 14 തവണ ഗോളാക്രമണം നടത്തിയപ്പോള്‍ ഏഴുതവണമാത്രമാണ് ലിവര്‍പൂളിന് ഗോള്‍ശ്രമം നടത്താനായത്. ഒരുതവണമാത്രമേ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാൻ ലിവര്‍പൂളിന് കഴിഞ്ഞുള്ളൂ. 28 കളികളിൽ നിന്ന് 27 പോയിന്റുകൾ മാത്രമുള്ള വാറ്റ്ഫോർഡ് തരംതാഴ്ത്തൽ ഭീഷണി നേരിടുകയായിരുന്നു. എങ്കിലും 28 കളിയില്‍ 79 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗിലെ മറ്റൊരു കളിയില്‍ ചെല്‍സി ബോൺമൗത്തുമായി സമനില വഴങ്ങി.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ചെല്‍സിയെ മാര്‍ക്കോ അലോണ്‍സോയുടെ ഗോളാണ് രക്ഷിച്ചത്. 85-ാം മിനിറ്റിലാണ് അലോന്‍സോ ചെൽസിയെ കാത്ത ഗോള്‍ നേടിയത്. നേരത്തെ 33-ാം മിനിറ്റില്‍ അലോന്‍സോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയിൽ ബോൺമത്ത് രണ്ട് ഗോള്‍ നേടി മുന്നിലെത്തി. 54-ാം മിനിറ്റില്‍ ജെഫേഴ്സൺ ലെര്‍മയും 57-ാം മിനിറ്റില്‍ ജോഷ്വ കിംഗുമാണ് ബോൺമൗത്തിനായി ഗോള്‍ നേടിയത്. മറ്റു മത്സരഫലങ്ങള്‍, ക്രിസ്റ്റല്‍ പാലസ് 1–0 ബ്രൈറ്റന്, ബേണ്‍ലി 0–0 ന്യൂകാസില്‍, വെസ്റ്റ് ഹാം യുണൈറ്റഡ് 3–1 സതാംപ്ടണ്.
ENGLISH SUMMARY: liverpool fc winning journey end by watford
YOU MAY ALSO LIKE THIS VIDEO