6 February 2025, Thursday
KSFE Galaxy Chits Banner 2

അന്തസോടെ മരിക്കാൻ ലിവിങ് വിൽ

എസ് ഹനീഫ റാവുത്തർ
January 23, 2025 4:45 am

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 അന്തസോടെ ജീവിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശം ഉറപ്പുനൽകുന്നുണ്ട്. അന്തസോടെ മരിക്കാനുള്ള അവകാശവും ഇതിൽ ഉൾക്കൊള്ളുന്നു എന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. 1994ൽ പി രത്തിനം സുപ്രീം കോടതിയിൽ നൽകിയ ഹർജി, 1996ൽ പഞ്ചാബ് ഹൈക്കോടതിയിൽ ഗ്യാൻകൗർ നൽകിയ ഹർജി എന്നിവയോടെയാണ് ഇക്കാര്യത്തിൽ ചർച്ച തുടങ്ങുന്നത്. 2011ൽ അരുണാ രാമചന്ദ്രൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയോടെ ചർച്ചകൾ സജീവമായി. അരുണാ ഷാൻബാഗ് എന്ന രോഗിയുടെ ദയാവധം നിയമപരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ ആശുപത്രിയുടെയും മെഡിക്കൽ ബോർഡിന്റെയും റിപ്പോർട്ടുകൾ പരിശോധിച്ച് 2011 മാർച്ച് ഏഴിന് ദയാവധം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രപ്രസിദ്ധമായ വിധി പ്രസ്താവിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തിൽ ജീവൻ നിലനിർത്താനുള്ള കൃത്രിമ സൗകര്യങ്ങൾ മാർഗനിർദേശങ്ങൾക്കനുസരിച്ച് പിൻവലിക്കാമെന്നും കോടതി ഉത്തരവിട്ടു. 

2014 ഫെബ്രുവരി 25ന് കോമൺ കോസ് എന്ന സന്നദ്ധസംഘടന നൽകിയ പൊതുതാല്പര്യ ഹർജിയെത്തുടർന്ന്, വിഷയം പരിശോധിക്കാൻ ഭരണഘടനാബെഞ്ച് രൂപീകരിക്കുകയും 2018 ൽ വിശദമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. 

ദയാവധം (euthana­sia) അനുവദിക്കുന്നതിന് നിയമപരമായി സാധുത നൽകാൻ ലിവിങ് വിൽ എഴുതുന്നതിന് അംഗീകാരം നൽകുകയും അതിന്റെ നിർവഹണത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. 2023ൽ ഇന്ത്യൻ കൗൺസിൽ ഫോർ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഫയൽ ചെയ്ത കേസിൽ നടപടിക്രമങ്ങൾ ലഘൂകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. 

ലിവിങ് വിൽ അഥവാ അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ് ഒരു നിയമരേഖയാണ്. ഭാവിയിൽ നമ്മുടെ ചികിത്സയെപ്പറ്റി സ്വന്തം ഇഷ്ടാനുസരണം സ്വബോധത്തോടെ എഴുതി സൂക്ഷിക്കുന്ന രേഖയാണിത്. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ആകാത്ത അവസ്ഥയിൽ കിട്ടേണ്ട ചികിത്സയാണ് മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നത്. തനിക്കു ചികിത്സ ലഭ്യമാക്കേണ്ട ആൾ, തനിക്ക് കിട്ടേണ്ട ചികിത്സ, ഐസിയു, വെന്റിലേറ്റർ പ്രവേശനം, വേദനാ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളാണ് ലിവിങ് വില്ലിൽ രേഖപ്പെടുത്തേണ്ടത്. സുപ്രീം കോടതി വിധിയോടെ ഇതിന്, സാധാരണ വിൽപത്രം പോലെ നിയമസാധുത കൈവന്നിരിക്കുന്നു. 

ലിവിങ് വിൽ സംബന്ധിച്ച് 2018ൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ 2023ൽ കോടതി തന്നെ ലളിതമാക്കുകയുണ്ടായി. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ജനറൽ മെഡിസിൻ എന്നീ ശാഖകളിൽ 20 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള ഡോക്ടർമാരുടെ സംഘം ശുപാർശ ചെയ്താൽ മാത്രമേ വിൽപത്രത്തിൽ പറയുന്ന കാര്യം നടപ്പിലാക്കാനാവുമായിരുന്നുള്ളൂ. ഭേദഗതി ചെയ്ത ഉത്തരവുപ്രകാരം ചികിത്സിക്കുന്ന ഡോക്ടർ ഉൾപ്പെടെ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള മൂന്ന് ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് ശുപാർശ ചെയ്താൽ മതി. ആദ്യത്തെ ഉത്തരവിൽ തീരുമാനമെടുക്കാൻ സമയപരിധി പറഞ്ഞിരുന്നില്ല. ഇപ്പോൾ 48 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ആദ്യ ഉത്തരവിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കേണ്ടത് ജില്ലാ കളക്ടർ ആയിരുന്നുവെങ്കിൽ ഇനി മുതൽ ആശുപത്രിക്കുതന്നെ അത് ചെയ്യാം. ലിവിങ് വിൽ നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. മുമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റിനായിരുന്നു ഇതിനുള്ള അധികാരം. നാഷണൽ ഹെൽത്ത് റെക്കാേഡിൽ സൂക്ഷിക്കുന്ന ലിവിങ് വിൽ ഇന്ത്യയിലെ എല്ലാ ആശുപത്രികൾക്കും പ്രാപ്യമാണ്. മുമ്പ് ബന്ധപ്പെട്ട ജില്ലാ കോടതിക്കായിരുന്നു കസ്റ്റഡി അവകാശം. 

വൃദ്ധരുടെ മരണങ്ങൾ അന്തസോടെയാകും ഇനിയെന്ന് പ്രതീക്ഷിക്കാം. വാർധക്യം കൊണ്ട് ജീർണിച്ച ശരീരം ഇനി ജീവിതമില്ലായെന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ശ്വാസം വിടാൻ കഴിയാതെയായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് കുഴലിറക്കി ശ്വാസം നിലനിർത്തും. മൂക്കിൽ കുഴലുകളിറക്കി അടിച്ചുകലക്കിയ ആഹാരം ചെലുത്തും. ശരീരമാസകലം കുഴലുകൾ, സൂചികൾ, കൃത്രിമോപകരണങ്ങൾ, മരുന്നുകൾ. ഫലമോ ജീവന്റെ തുടിപ്പ് കുറച്ചുനാൾ കൂടി നിലനിൽക്കും. മരണാസന്നരെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ച് കുറച്ചു മണിക്കൂറുകൾ കഷ്ടപ്പെട്ട് ജീവൻ നിലനിർത്തുന്നു. ഉറ്റവരുടെയും ഉടയവരുടെയും സാമീപ്യമില്ല. നമുക്കുചുറ്റും മരണങ്ങൾ നടക്കുന്നത് ഇങ്ങനെയാണിപ്പോൾ. 

വാർധക്യത്തിൽ അവശരായവരെ വീട്ടിൽതന്നെ കിടന്ന് മരിക്കാൻ അനുവദിക്കുന്നതായിരുന്നു നമ്മുടെ പാരമ്പര്യം. വൃത്തിയായി കിടത്തുക, ശരീരം ശുചിയാക്കുക, കുടിക്കാൻ വെള്ളമൊഴിച്ചുകൊടുക്കുക, മലമൂത്രവിസർജനാദികൾ യഥാസമയം നീക്കംചെയ്യുക എന്നിവയെല്ലാം വീട്ടിൽതന്നെ ചെയ്തിരുന്നു. ഭാര്യ, മക്കൾ, ഭർത്താവ്, ബന്ധുമിത്രാദികൾ, സ്നേഹിതർ, പഴയ സഹപ്രവർത്തകർ തുടങ്ങിയവരുടെ സന്ദർശനം രോഗിയുടെ മനസിനേകുന്ന സന്തോഷം ചെറുതൊന്നുമല്ല. അന്ത്യനിമിഷത്തില്‍ ഉറ്റവരും ഉടയവരും തലോടുകയും ചുണ്ടുകളിൽ വെള്ളമിറ്റിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത് അടുത്തിരുന്നാൽ അതല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം. 

“ഒടുവിലായ് അകത്തേയ്ക്കെടുക്കും ശ്വാസകണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിൻ മുഖംമൂടിക്കിടക്കുവാൻ അധരമാം ചുംബനത്തിന്റെ കനിവുനിൻ മധുര നാമജപത്തിനാൽ കൂടുവാൻ മരണമെത്തുന്നനേരത്ത് നീയെന്റെ അരികിൽ ഇത്തിരിനേരം ഇരിക്കണേ” എന്നൊക്കെ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. പക്ഷേ, ആഗ്രഹം പറയാനാവുന്നില്ല. മരണാസന്നനോട് ആരും ഒന്നും ചോദിക്കുന്നില്ല. നേരെ ആശുപത്രിയിലോട്ട് ഓട്ടമാണല്ലോ, കുറച്ചു ദിവസത്തെ ‘പീഡനങ്ങൾ’ക്കു ശേഷം ലക്ഷങ്ങൾ കൊടുത്ത് മൃതദേഹവുമായി തിരികെ വീട്ടിലേക്ക്. മരിക്കാൻ ആശുപത്രിയുടെ ആവശ്യമുണ്ടോ? 

വൈദ്യശാസ്ത്രത്തിന്റെ അഭൂതപൂർവമായ വികാസത്തോടെ വേദനയും വിഷമവും അകറ്റി ആയുർദൈർഘ്യം കൂട്ടാനുള്ള ശേഷിയുണ്ടായി. നിർഭാഗ്യവശാൽ ഇതിന്റെ പാർശ്വഫലങ്ങൾ സമൂഹത്തെ ക്ലേശിപ്പിക്കുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന യാതനകൾ, യാതൊരന്തവുമില്ലാത്ത രോഗശമന പ്രക്രിയകൾ, അന്ത്യനാളുകളിൽ രോഗിയും കുടുംബവും അനുഭവിക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം — ആധുനിക വൈദ്യശാസ്ത്രനേട്ടങ്ങളുടെ പാർശ്വഫലം ഇതൊക്കെയാണ്.
ഇവിടെയാണ് മരണാസന്നരായ രോഗികളുടെ കാര്യത്തിൽ വൈദ്യശാസ്ത്രത്തിന്റെ ഇടപെടൽ നിയന്ത്രിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി വിധി പ്രസക്തമാവുന്നത്. ജീവിതാന്ത്യത്തിലെ സാന്ത്വനചികിത്സയാണ് പ്രസക്തം. നീതീകരിക്കാവുന്ന ഘട്ടത്തിൽ സാന്ത്വനചികിത്സയിലേക്ക് മാറാനുള്ള നിയമപരമായ അവകാശം ലഭ്യമാക്കേണ്ടതുണ്ട്. സാന്ത്വനപരിചരണം ജീവിതത്തിലെ ഏതു ഘട്ടത്തിലും ആവശ്യമായി വരും. ജീവിതാന്ത്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗുരുതരമായ രോഗാവസ്ഥ, ഭേദമാക്കാൻ കഴിയാത്തവിധം രോഗം മൂർച്ഛിച്ച അവസ്ഥ, ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥ എന്നിവയാണ്. ഇത്തരം സാഹചര്യങ്ങളിൽ കുടുംബത്തിനും രോഗിക്കും വലിയ ആശ്വാസമാവുന്നത് സാന്ത്വന പരിചരണ ചികിത്സയാണ്. 

സാന്ത്വന ചികിത്സയിലും നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ പരിഗണനകൾ, രോഗിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക ഘടകങ്ങൾ, വൈദ്യശാസ്ത്ര നിയമവും നീതിയും, രോഗിയുടെ സ്വയം നിർണായവകാശം എന്നിവ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്. രോഗിയുടെ സ്വയംനിർണയാവകാശമാണ് പരമപ്രധാനം. ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനും നിയമപരമായ ചട്ടക്കൂടാണ് ലിവിങ് വിൽ. അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ലിവിങ് വിൽ വ്യാപകമായി നടപ്പിലാക്കുന്നുണ്ട്. ആശുപത്രികളിൽത്തന്നെ ലിവിങ് വിൽ പ്രോത്സാഹിപ്പിക്കാനും സ്വീകരിക്കാനുമുള്ള കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഗോവ സംസ്ഥാനം സുപ്രീം കോടതി മാർഗനിർദേശങ്ങൾക്കനുസരിച്ച് ലിവിങ് വിൽ പ്രോത്സാഹിപ്പിക്കുന്നു. 

മരണാസന്നരായ രോഗികളുടെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ അവകാശമാണ് അന്തസോടെ മരിക്കുക എന്നത്. മനുഷ്യാവകാശമാണത്. തങ്ങൾക്ക് കിട്ടേണ്ട ചികിത്സ, ലോകത്തോട് യാത്രപറയാൻ ആഗ്രഹിക്കുന്ന വിധം, ആശുപത്രിയിലെ കിടത്തി ചികിത്സ എന്നിവയിൽ ജനങ്ങൾക്ക് അവരുടെ അഭിപ്രായം പറയാൻ അവസരം ഉണ്ടാവണം. മുതിർന്ന പൗരന്മാരുടെ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കേരളം അതിനു മാതൃക കാണിക്കണം. ലിവിങ് വിൽ നിയമവിധേയമാക്കണം.

പാരിപ്പള്ളി മെഡിക്കൽ കോളജിന്റെ മാതൃക പിന്തുടരാൻ എല്ലാ ആശുപത്രികളെയും പ്രേരിപ്പിക്കണം. അവിടെ ഇതുസംബന്ധിച്ച ബോധവൽക്കരണവും ലിവിങ് വിൽ സ്വീകരിക്കാൻ കൗണ്ടറും തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലിവിങ് വിൽ ബോധവൽക്കരണവും വിൽപത്രവും സ്വീകരിക്കാൻ കൗണ്ടറുകൾ ഏർപ്പെടുത്തണം. വ്യാപകമായ ബോധവൽക്കരണം നടത്താൻ സർക്കാർ മുൻകൈയെടുക്കണം. സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ ഇത് ഒരു ദൗത്യമായി ഏറ്റെടുത്ത് ഇടപെടൽ നടത്താൻ മുന്നോട്ടുവരണം. 

(സീനിയർ സിറ്റിസൺസ് സർവീസ് കൗൺസില്‍ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.