June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

എൽഎൻജി പദ്ധതി ലക്ഷ്യത്തിലേക്ക്

By Janayugom Webdesk
February 5, 2020

പുതുവൈപ്പ്-മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ മാർച്ച് അവസാനം കമ്മിഷൻ ചെയ്യുമ്പോൾ ലക്ഷ്യം കാണുന്നത് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി. 2013 ജനുവരി ഒന്നിന്, പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പുതുവൈപ്പിലെ എൽഎൻജി ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെ, മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള കുഴലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയെങ്കിലും 22 കിലോമീറ്റർ നീളത്തിൽ മാത്രം കുഴലുകളിട്ട് യുഡിഎഫ് സർക്കാർ പദ്ധതി ഉഴപ്പുകയായിരുന്നു. അതേ തുടർന്നാണ് 2014‑ൽ, കരാറുകാരായ ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പദ്ധതി ഉപേക്ഷിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ 2016 ജൂണിൽ പദ്ധതിക്കു ജീവൻ വച്ചു. രണ്ടര വർഷം കൊണ്ട് 392 കിലോമീറ്റർ നീളത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാവുകയും ചെയ്തു. ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന 444 കിലോമീറ്റർ ദൈർഘ്യമുള്ള പുതുവൈപ്പ് — കൂറ്റനാട് — മംഗലാപുരം പൈപ്പ് ലൈനാണ് മാർച്ച് 31-നകം പൂർണ്ണമായി പൂർത്തിയാകുന്നത്.

പുതുവൈപ്പിൽനിന്നു പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെയുള്ള 96 കിലോമീറ്റർ ദൂരത്തെ പൈപ്പ് ലൈൻ കഴിഞ്ഞ വർഷം കമ്മിഷൻ ചെയ്തിരുന്നു. ഈ ഭാഗത്ത് പ്രകൃതി വാതക വിതരണവും ആരംഭിച്ചു. ബാക്കി വരുന്ന കൂറ്റനാട്-മംഗലാപുരം ലൈനാണ് മാർച്ച് 31-നകം കമ്മിഷൻ ചെയ്യാനൊരുങ്ങുന്നത്. കോഴിക്കോട്, കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിലെ മൂന്നു നദികൾക്കു കുറുകെ പൈപ്പിടുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂറ്റനാട് ജംഗ്ഷനിൽ നിന്നു കോയമ്പത്തൂർ വഴി ബംഗളൂരുവിലേക്കുള്ള പ്രകൃതി വാതകക്കുഴൽ സ്ഥാപിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. ഈ ലൈൻ ജൂൺ 30-നകം കമ്മിഷൻ ചെയ്യും. കൊച്ചി-മംഗലാപുരം ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ, പ്രതിദിന വാതക ഉപയോഗം 60 ലക്ഷം ക്യുബിക് മീറ്ററായി ഉയരുമെന്നും അതുവഴി സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ പ്രതിവർഷം ഏതാണ്ട് 1000 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

വാതക വിതരണം ആരംഭിച്ചു കഴിഞ്ഞാൽ, ചെലവ് കുറഞ്ഞ ഇന്ധനമായതിനാൽ കോയമ്പത്തൂരിലെയും മംഗലാപുരത്തെയും വ്യവസായശാലകൾക്ക് എൽഎൻജി ഉപയോഗം വഴി ഇന്നത്തെ ഭാരിച്ച ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും എന്നതാണ് മുഖ്യമായ നേട്ടം. എൽപിജി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് പ്രകൃതി വാതകത്തിലേക്കു മാറിയാൽ ഇന്ധനച്ചെലവ് കുറയുന്നതിലൂടെ വലിയ നേട്ടം കൊയ്യാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ കൊച്ചിയിലെ വ്യവസായശാലകളാണ് എൽഎൻജിയുടെ പ്രധാന ഉപയോക്താക്കൾ. ഇതിന്റെ ഉപയോഗത്തിലൂടെ വാഹനങ്ങളുടെ ഇന്ധനച്ചെലവും വലിയ തോതിൽ കുറയ്ക്കാനാകും. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പാചക വാതകമായും ജനങ്ങൾക്കു പ്രയോജനപ്പെടും. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ബദലായി ഇപ്പോൾത്തന്നെ പ്രകൃതി വാതകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

you may also liek this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.