ഷോട്ട്പാസ് എടുത്ത് എത്തിയ തമിഴ് തൊഴിലാളികള്‍ നിരീക്ഷണത്തില്‍ ഇരിക്കാതെ ജോലിയില്‍ പ്രവേശിച്ചു; പ്രതിക്ഷേധവുമായി ലോഡിംഗ് തൊഴിലാളികള്‍

Web Desk

നെടുങ്കണ്ടം

Posted on July 18, 2020, 7:06 pm

നിരീക്ഷണത്തില്‍ വെയ്ക്കാതെ തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ എത്തിച്ച് ജോലി ചെയ്യിച്ചതില്‍ പ്രതിക്ഷേധിച്ച് നെടുങ്കണ്ടത്ത് ലോഡിങ് തൊഴിലാളികള്‍ പണിമുടക്കി. തമിഴ്നാട്ടിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഷോര്‍ട്ട് വിസിറ്റ് പാസില്‍ എത്തിയ എട്ട് തൊഴിലാളികളെയാണ് നെടുങ്കണ്ടത്തെ സുഗന്ധഗിരി ഏലം ഓക്ഷന്‍ സെന്ററില്‍ തദ്ദേശയരായ തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യിച്ചത്.

ഇതറിയാതെ ലോഡ് കയറ്റിയ ലോഡിംഗ്കാരാണ് പിന്നീട് പ്രതിക്ഷേധവുമായി എത്തിയത്. സംഭവത്തില്‍ പഞ്ചായത്ത് ചമെഡിക്കല്‍ ഓഫീസര്‍ ഡി.എം.ഒ.ക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ബുധനാഴ്ച അനുവദിച്ച ഏഴ് ദിവസത്തെ ഷോര്‍ട്ട് വിസിറ്റ് പാസില്‍ എത്തിയവരെ നെടുങ്കണ്ടം-ഉടുമ്പന്‍ചോല റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏലം ഓക്ഷന്‍ സെന്ററില്‍ ആളുകളെ ജോലിക്കിറക്കിയത്. വൈദ്യപരിശോധനക്കോ, ശ്രവപരിശോധനക്കോ വിധേയരാക്കാതെയുമാണ് ഇവരെ ജോലിക്കിറക്കിയത്. തമിഴ്നാട്ടില്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന കമ്പം, തേനി, ചിന്നമന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ എത്തിയത്.

നെടുങ്കണ്ടത്തെ ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിക്കാതെയാണ് ഇവരെ ജോലിക്കായി കൊണ്ടുവന്നത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.കെ.പ്രശാന്ത് നേരിട്ടെത്തി നടത്തിയ പരിശോധന നടത്തി. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച തൊഴിലാളികള്‍ക്കൊപ്പം തദ്ദേശീയരേയും ഉള്‍പ്പെടുത്തിയാണ് ഏലം തരംതിരിക്കല്‍, പായ്ക്കിങ് തുടങ്ങിയ ജോലികള്‍ ചെയ്യിച്ചതായി കണ്ടെത്തി.

വ്യാപാരസ്ഥാനത്തില്‍ ലോഡിറക്കാന്‍ എത്തിയ ലോഡിങ് തൊഴിലാളികള്‍ ഷോട്ട് വിസിറ്റ് പാസില്‍ എത്തിയ തമിഴ്തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. ഷോട്ട് വിസിറ്റ് പാസിലെത്തിയ തൊഴിലാളികള്‍ക്ക് കോവിഡ് ലക്ഷണങ്ങളൊന്നും നിലവിലില്ലെന്നും ഇവരെയും കൂടെ ജോലി ചെയ്തവരെയും നിരീക്ഷണത്തിലാക്കാന്‍ സ്ഥാപനത്തോട് നിര്‍ദേശിച്ചതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബാങ്ക് ഇടപാടുകള്‍, ബിസിനസ് സംബന്ധിച്ച്, ആധാരം രജിസ്‌ട്രേഷന്‍, ഉദ്യോഗസ്ഥകാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് പരിഹരിച്ച് തിരിച്ച് പോകുന്നതിനാണ് ഭരണകൂടം ഷോട്ട് പാസ് അനുവദിക്കുന്നത്. ഷോട്ട് പാസ് നേടുന്ന വ്യക്തിയുടെ ഉദ്ദേശത്തെകുറിച്ച് രേഖപ്പെടുത്തുന്നില്ല. അതിനാല്‍ ഷോട്ട് വിസിറ്റ് പാസിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതിനാല്‍ നെടുങ്കണ്ടം പോലീസും നടപടികള്‍ സ്വീകരിച്ചിട്ടില്ല. സംഭവത്തില്‍ നെടുങ്കണ്ടം മര്‍ച്ചന്റ് അസോസിയേഷനും പ്രതിഷേധിച്ചു. എന്നാല്‍ ഷോട്ട് വിസിറ്റ് പാസിലെത്തിയ തൊഴിലാളികള്‍ മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും എല്ലാ കോവിഡ് നിര്‍ദേശങ്ങളും പാലിച്ചാണ് ജോലി ചെയ്യിച്ചതെന്നമാണ് സുഗന്ധഗിരി ഏലം ഓക്ഷന്‍ സെന്ററിന്റെ വിശദീകരണം.

ENGLISH SUMMARY:loading work­ers protest in nedukan­dam
You may also like this video