പുതിയ കാർഷികസംരംഭങ്ങൾക്ക് വായ്പാ സൗകര്യം

Web Desk

തിരുവനന്തപുരം

Posted on September 20, 2020, 9:53 pm

കേരളത്തിലെ കാർഷിക മേഖലയിലെ പുതിയ സംരംഭകർക്ക് വായ്പാ സൗകര്യം. കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (എഐഎഫ് )പദ്ധതി പ്രകാരം ആണ് അപേക്ഷിക്കേണ്ടത്. ഈ പദ്ധതി പ്രകാരം കർഷകർ, കർഷക ഉല്പാദന സംഘടനകൾ (എഫ്‌പിഒ), പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, മാർക്കറ്റിംഗ് സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും.

ഇ‑മാർക്കറ്റിംഗ് പ്ലാറ്റ്ഫോം, പ്രൈമറി പ്രോസസിംഗ് സെന്ററുകൾ, വെയർഹൗസുകൾ, സി ലോസ്, പാക്ക് ഹൗസുകൾ, അസെയിങ് യൂണിറ്റുകൾ, സോർട്ടിംഗ് — ഗ്രേഡിങ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സപ്ലൈ ചെയിൻ സേവനങ്ങൾ പോലുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണ് സഹായം ലഭിക്കുക.

ഓൺലൈൻ പോർട്ടൽ മുഖേന നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി agriinfra.dac.gov.in എന്ന വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ നൽകി ലോഗിൻ ഐ ഡി രൂപപ്പെടുത്തിയാൽ സംരംഭകർക്ക് നേരിട്ട് അപേക്ഷിക്കാം. വിശദമായ റിപ്പോർട്ടും അപ്‌ലോഡ് ചെയ്യണം. ഇതിനായി രണ്ടുകോടി രൂപവരെ സംരംഭകർക്ക് ഈട് നൽകേണ്ട ആവശ്യം വരുന്നില്ല എന്നതാണ് സവിശേഷത. ക്രെഡിറ്റ് ഇൻസെൻറ്റീവ് സ്കീം പ്രകാരം മൂന്ന് ശതമാനം പലിശ സബ്സിഡി ലഭിക്കും. നിലവിൽ തെരഞ്ഞെടുത്ത ബാങ്കുകൾ വഴിയാകും വായ്പ ലഭ്യമാവുക.

യൂക്കോ ബാങ്ക്,ഇന്ത്യൻ ബാങ്ക് , ബാങ്ക് ഓഫ് മഹാരാഷ്ട്ര , കനറാ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പദ്ധതിയിൽ പങ്കാളികളാകുന്ന ബാങ്കുകൾ.

ENGLISH SUMMARY:Loan facil­i­ty for new agri­cul­tur­al ven­tures
You may also like this video