സ്വന്തം ലേഖകൻ

കൊച്ചി

May 13, 2020, 8:56 pm

പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തവർക്ക് ഇരുട്ടടി

Janayugom Online

മൂന്ന് മാസത്തെ മൊറൊട്ടോറിയം നിലനിൽക്കുമ്പോൾ ബജാജ്, മഹീന്ദ്ര ഉൾപ്പെടെ പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി വായ്പ എടുത്തിട്ടുള്ള ഇടപാടുകാർക്ക് ധനനഷ്ടം. വായ്പയുടെ തിരിച്ചടവിന്റെ ഇഎംഐ പിടിക്കുന്നതിന് അക്കൗണ്ടുള്ള ബാങ്കിലേക്ക് ഇലക്ട്രോണിക് ക്ലീയറിങ് സർവീസ് (ഇസിഎസ്) വഴി ധനകാര്യ സ്ഥാപനങ്ങള്‍ നിർദ്ദേശങ്ങൾ നൽകുകയാണ്.

ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്ത ഇടപാടുകാരുടെ ഒരു തിരിച്ചടവ് മുടങ്ങിയാൽ ഓരോ ബാങ്കും 290 രൂപ മുതൽ 350 രൂപ വരെ പിഴ ചുമത്തുന്നുണ്ട്. ഇതുപോലെ നൂറുകണക്കിന് പേർക്കാണ് ഈ ലോക്ഡൗൺ കാലയളവിൽ പണം നഷ്ടമായിട്ടുള്ളത്. ഓരോ ഇടപാടുകാരനും ഒരു വായ്പക്ക് അഞ്ചുതവണ വരെ മാസത്തിൽ ഇസിഎസ് സേവനം വഴിയുള്ള തിരിച്ചടവ് മുടങ്ങിയതായുള്ള മെസേജ് വന്നപ്പോഴാണ് ഇടപാടുകാർ ബാങ്കുകളെ സമീപിച്ചുതുടങ്ങിയത്. ഇതുമൂലം 1450 മുതൽ 1750 രൂപവരെ പിഴ നൽകേണ്ട അവസ്ഥയാണ്. ഒന്നിലധികം വായ്പകളുള്ള ഇടപാടുകാരന് ഇത്തരത്തിൽ വലിയ നഷ്ടമാണ് സംഭവിക്കുക. ഇതിനു പുറമേ തിരിച്ചടവു മുടങ്ങിയാൽ ഇത്തരം ധനകാര്യ സ്ഥാപനങ്ങളും അവരുടേതായ പിഴ 500 രൂപ മുതൽ ഈടാക്കുന്നുണ്ട്.

ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് പണം വന്നാൽ ഉടൻ ഇസിഎസ് തിരിച്ചടവ് മുടങ്ങിയതിനുള്ള പിഴ ഈടാക്കുകയും ചെയ്യും. ഇതുകൂടാതെ ക്രെഡിറ്റ് സ്കോറിങ് റേറ്റിനേയും പ്രതികൂലമായി ബാധിക്കും. എന്നാൽ തങ്ങൾ ഇഎംഐ പിടിച്ചിട്ടില്ലെന്നും ബാങ്കുകളാണ് പിഴ ചുമത്തുന്നതെന്നുമാണ് ഇത്തരം ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ന്യായീകരണം. അതേസമയം ധനകാര്യ സ്ഥാപനങ്ങൾ ഇസിഎസ് സംവിധാനത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താത്തതുമൂലമാണ് ഇടപാടുകാരുടെ ധനനഷ്ടത്തിന് ഇടയാക്കിയിട്ടുള്ളതെന്നുമാണ് ബാങ്ക് അധികൃതരിൽ പലരും വ്യക്തമാക്കുന്നത്. മൊറൊട്ടോറിയം ആവശ്യമായ ഇടപാടുകാർ ധനകാര്യ സ്ഥാപനങ്ങളിൽ അതിനുള്ള അപേക്ഷ നൽകാത്തതും വിനയായിട്ടുണ്ട്.

Eng­lish Sum­ma­ry: fines for cus­tomers who took loan from new gen­er­a­tion banks

you may also like this video: