കര്‍ഷകരുടെ പേരില്‍ വന്‍ വായ്പാ തട്ടിപ്പ്

Web Desk
Posted on September 05, 2018, 10:37 pm

615 അക്കൗണ്ടുകളിലായി 58,561 കോടി രൂപ വായ്പ നല്‍കി
അതിസമ്പന്ന നഗരങ്ങളിലും കാര്‍ഷിക വായ്പ

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 615 അക്കൗണ്ടുകളിലായി 58,561 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കി. ശരാശരി കണക്കാക്കിയാല്‍ ഒരു അക്കൗണ്ടിന് 95 കോടി രൂപയിലധികമാണ് വായ്പയായി നല്‍കിയിരിക്കുന്നത്. ദി വയര്‍ ഓണ്‍ലൈന്‍ മാഗസിന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇത്രയും ഭീമമായ തുക 615 അക്കൗണ്ടുകളിലായി വായ്പ നല്‍കിയെന്ന വിവരം പുറത്തുവന്നത്. നാലു ശതമാനം പലിശയുള്ളതും മറ്റ് വായ്പകളെ അപേക്ഷിച്ച് മുന്നുപാധികള്‍ കുറവായതുമാണ് ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പ. ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് വ്യാപകമായി നല്‍കുന്നുവെന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിലവിലുള്ള ബാങ്കിങ് നയമനുസരിച്ച് ചില പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്‍ഷിക മേഖല, ചെറുകിട — ഇടത്തരം സ്ഥാപനങ്ങള്‍, കയറ്റുമതി, വിദ്യാഭ്യാസം, ഭവന നിര്‍മാണം തുടങ്ങിയവയാണ് ഇതില്‍പ്പെടുന്നത്. വായ്പ നല്‍കുന്നതിനായി നീക്കിവയ്ക്കുന്നതില്‍ 18 ശതമാനം കാര്‍ഷിക മേഖലയ്ക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ചെറുകിട — നാമ മാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ കൃഷിയിറക്കാനും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് വായ്പ നല്‍കേണ്ടതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയ്‌ക്കെന്ന പേരില്‍ വന്‍കിട കാര്‍ഷിക വ്യാപാരികള്‍ക്കും വായ്പ നല്‍കുകയാണ്. വന്‍ നഗരങ്ങളില്‍ കോടിക്കണക്കിന് രൂപ കാര്‍ഷിക വായ്പയായി നല്‍കിയിട്ടുണ്ട്. മുംബൈ നഗരത്തില്‍ അതിസമ്പന്ന മേഖലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് അക്കൗണ്ടുകളിലായി നല്‍കിയിരിക്കുന്നത് 29.95 കോടി രൂപയാണ്. ഏഴ് അക്കൗണ്ടുകളിലായി 27 കോടി രൂപയും കാര്‍ഷിക വായ്പയായി നല്‍കിയിട്ടുണ്ട്. അതിസമ്പന്ന നഗരങ്ങളില്‍ കൃഷിയോഗ്യമല്ലാത്ത ഭൂമിയുടെ പേരിലും വായ്പ അനുവദിച്ചിട്ടുണ്ട്.
വ്യവസ്ഥകളിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ബാങ്കുകള്‍ വന്‍കിടക്കാര്‍ക്ക് വായ്പ നല്‍കുന്നത്. കാര്‍ഷിക അടിസ്ഥാന സൗകര്യമൊരുക്കല്‍, മേഖലയ്ക്കുള്ള ഊന്നല്‍ നടപടികള്‍ എന്നിവയ്ക്ക് വായ്പ നല്‍കാമെന്ന വ്യവസ്ഥയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഈ വ്യവസ്ഥയനുസരിച്ച് വന്‍കിട ഗോഡൗണുകളും ശീതീകരണികളും നിര്‍മിക്കുന്നതിന് വായ്പ നല്‍കുകയാണ് ചെയ്യുന്നത്. ഇതിനായി 100 കോടിയിലധികം രൂപ വരെ വായ്പ നല്‍കിയിട്ടുണ്ട്. കാര്‍ഷിക ക്ലിനിക്കുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കും മേഖലയ്ക്കുള്ള ഊന്നല്‍ നടപടിക്കെന്ന പേരില്‍ വായ്പയ്ക്ക് നൂറുകോടി നീക്കിവച്ചിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളിലും വന്‍തുക വായ്പയായി നല്‍കിയിട്ടുണ്ട്. 2014 ല്‍ 60,156 കോടി (ഒരു അക്കൗണ്ടിന് ശരാശരി 91.28 കോടി), 2015 ല്‍ 604 അക്കൗണ്ടുകളിലായി 52,143 കോടി (ഒരു അക്കൗണ്ടിന് ശരാശരി 86.33 കോടി) രൂപ എന്നിങ്ങനെ കാര്‍ഷിക വായ്പയായി നല്‍കിയിട്ടുണ്ട്.
ഇടത്തട്ടുകാരും വന്‍കിടക്കാരുമാണ് കര്‍ഷകരുടെ പേരിലുള്ള വായ്പയില്‍ ഭൂരിഭാഗവും തട്ടിയെടുക്കുന്നതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന ചെറുകിട — നാമമാത്ര കര്‍ഷകര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്തതിനാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അതേസമയം കൃഷിയിറക്കുന്നില്ലെങ്കിലും സ്വന്തമായി കൃഷിഭൂമിയുള്ള വന്‍കിടക്കാര്‍ക്ക് വായ്പ ലഭ്യമാകുകയും ചെയ്യുന്നു.
കുറഞ്ഞ പലിശ നിരക്കില്‍ വന്‍കിടക്കാര്‍ക്കാണ് കാര്‍ഷിക വായ്പ ലഭ്യമായിരിക്കുന്നതെന്ന് കാര്‍ഷിക വിദഗ്ധന്‍ ദേവേന്ദ്ര ശര്‍മ അഭിപ്രായപ്പെട്ടു. വായ്പ അനുവദിക്കുന്നതിലുള്ള വ്യവസ്ഥകളിലെ പഴുതുകളുപയോഗിച്ച് വന്‍കിടക്കാരും ചില ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന കൂട്ടുകെട്ടാണ് കുറഞ്ഞ പലിശ നിരക്കുള്ള കാര്‍ഷിക വായ്പ തട്ടിയെടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.