വായ്പാ വാഗ്ദാനം നല്‍കി തട്ടിപ്പ്; പരാതികളുമായി വനിതാ സ്വയം സഹായ സംഘങ്ങളും

Web Desk
Posted on June 20, 2019, 8:49 pm

നെടുങ്കണ്ടം: വായ്പ നല്‍കാമെന്നു വാഗ്ദാനം ചെയ്തു സ്വയം സഹായ സംഘങ്ങളില്‍ നിന്നും പണം തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്ത 3 പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. വാഗമണ്‍ കോലഹലമേട് കസ്തൂരിഭവനില്‍ കുമാര്‍ (49), ആലപ്പുഴ തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ് (43), തൂക്കുപാലം മുരുകന്‍പാറ വെന്നിപ്പറമ്പില്‍ മഞ്ജു (33) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പൊലീസ് പരിശോധനയില്‍ 197000 രൂപയും, ചെക്ക് ലീഫുകളും, മുദ്രപത്രങ്ങളും പിടിച്ചെടുത്തു. തൂക്കുപാലത്തെ ബാങ്കില്‍ പ്രതികളില്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളതായും കണ്ടെത്തി. അക്കൗണ്ട് മരവിപ്പിക്കണം എന്നും ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് ബാങ്കിനു കത്ത് നല്‍കി. 34 സംഘങ്ങള്‍ ഇതുവരെ പരാതി നല്‍കി. വായ്പക്കു അപേക്ഷ നല്‍കിയവരില്‍ നിന്നും പ്രതികള്‍ കരസ്ഥമാക്കിയ ചെക് ലീഫും, മുദ്ര പത്രങ്ങളുമാണ് കണ്ടെത്തിയത്.

രണ്ടാം പ്രതി ശാലിനിയുടെ പക്കല്‍ നിന്നും 1.24500 രൂപയും, കുമാറില്‍ നിന്നും 72500 രൂപയും കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ ശാലിനിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്. തൂക്കുപാലത്തു പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ വായ്പക്കു അപേക്ഷിച്ചവരില്‍ നിന്നാണു 1000 മുതല്‍ 25000 രൂപ വരെ വായ്പ നല്‍കുന്നതിനുള്ള പ്രൊസസിങ് ഫീ ഇനത്തില്‍ തട്ടിയെടുത്തത്. സ്വയം സഹായ സംഘങ്ങളുടെ പരാതിയിലാണ് കേസെടുത്തത്. കൂടുതല്‍ വനിത സ്വയം സഹായ സംഘങ്ങള്‍ പരാതി നല്‍കാന്‍ എത്തുന്നുണ്ട്.

YOU MAY LIKE THIS VIDEO