ശ്രീകൃഷ്ണനെ പായസത്തില്‍കുളിപ്പിച്ച കഥ

Web Desk
Posted on May 12, 2019, 8:48 am

സന്തോഷ് പ്രിയന്‍

ഒരിയ്ക്കല്‍ ദുര്‍വാസാവ് മഹര്‍ഷി ദ്വാരകയില്‍ ചെന്നു. ശ്രീകൃഷ്ണനും രുഗ്മിണിയും അദ്ദേഹത്തെ വേണ്ടവിധം സ്വീകരിച്ചിരുത്തി. മഹര്‍ഷിയല്ലേ, ഉപചാരത്തില്‍ എന്തെങ്കിലും അതൃപ്തി തോന്നിയാല്‍ ആരെന്നു നോക്കില്ല — ഉടന്‍ ശപിച്ചുകളയും.
മഹര്‍ഷിയെ കുറേക്കാലം ദ്വാരകയില്‍ നിര്‍ത്തി പരിചരിക്കണമെന്ന് രുഗ്മിണിയ്ക്ക് അതിയായ മോഹം. അക്കാര്യം ശ്രീകൃഷ്ണനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും താല്പര്യം തോന്നി. ദുര്‍വാസാവിനെ കുറച്ചുനാള്‍ പാര്‍പ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണത്രെ.- അദ്ദേഹം കരുതി.
അങ്ങനെ ദുര്‍വാസാവ് ദ്വാരകയില്‍ മഹര്‍ഷിജീവിതം നയിച്ചുപോന്നു. അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിക്കാന്‍ കൃഷ്ണനും രുഗ്മിണിയും സദാ ശ്രദ്ധ ചെലുത്തിപോന്നു.
കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ദുര്‍വാസാവ് ദ്വാരകയിലെ താമസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ശ്രീകൃഷ്ണന്റേയും രുഗ്മിണിയുടേയും ഇത്രയും നാളത്തെ പരിചരണവും സ്‌നേഹവും അദ്ദേഹത്തെ സന്തുഷ്ഠനാക്കി. പോകുന്നതിന് മുമ്പ് അദ്ദേഹം കുറച്ച് പായസം തയാറാക്കാന്‍ രുഗ്മിണിയോട് ആവശ്യപ്പെട്ടു.
താമസിയാതെ രുഗ്മിണി പായസം തയ്യാറാക്കി വന്നു. പിന്നെ അദ്ദേഹം ശ്രീകൃഷ്ണനെ വിളിച്ച് പായസം മുഴുവന്‍ ദേഹത്ത് പുരട്ടാന്‍ പറഞ്ഞു. മഹര്‍ഷി പറഞ്ഞതുകേട്ട് കൃഷ്ണന്‍ പായസം പാദം ഒഴികെ തന്റെ ദേഹം മുഴുവന്‍ പുരട്ടി. അപ്പോള്‍ മഹര്‍ഷി ശ്രീകൃഷ്ണനെ അനുഗ്രഹിച്ചിട്ടു പറഞ്ഞു.
ഈ ശരീരത്തില്‍ പായസം പുരണ്ട ഭാഗങ്ങളിലൊന്നും ആയുധമേല്‍ക്കുകയില്ല.’ അതു പറഞ്ഞിട്ട് ദുര്‍വാസാവ് മഹര്‍ഷി അവിടെ നിന്നും പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് കാട്ടില്‍ വച്ച് പായസം പുരളാതിരുന്ന പാദത്തില്‍ മലവേടന്റെ അമ്പ് തറച്ചാണ് ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തത്.