16 April 2024, Tuesday

Related news

March 6, 2024
March 4, 2024
February 24, 2024
June 22, 2023
June 14, 2023
May 3, 2023
April 30, 2023
March 13, 2023
November 11, 2022
November 11, 2022

തദ്ദേശസ്ഥാപനങ്ങൾ നീതിയുക്തമായി സേവനങ്ങൾ വേഗത്തിൽ നൽകണം: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
ആലപ്പുഴ
November 11, 2022 5:59 pm

തദ്ദേശഭരണസ്ഥാപനങ്ങൾ ജനങ്ങളുമായി അടുത്തുനിൽക്കുന്നതാണെന്നും അവർക്കാവശ്യമായ സേവനങ്ങൾ നീതിയുക്തമായി വേഗത്തിൽ തീർപ്പാക്കാൻ ശ്രദ്ധിക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവകേരളം തദ്ദേശകം 2.0 യുടെ ഭാഗമായുള്ള കണിച്ചുകുളങ്ങരയിൽ വിളിച്ചുചേർത്ത തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ജില്ലാതല അവലോകന യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

യോഗത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച പുരോഗതി വിലയിരുത്തി. സാമ്പത്തിക വർഷം പകുതി ആയപ്പോൾ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ 21.25% വിനിയോഗിച്ചിട്ടുണ്ട്. പദ്ധതി വിഹിതം വിനിയോഗിച്ചതിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലയെ മന്ത്രി അഭിനന്ദിച്ചു. തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള എ ബി സി പദ്ധതി തദ്ദേശഭരണസ്ഥാപനങ്ങൾ ഗൗരവമായി തന്നെ എടുക്കണം. ജില്ലാ പഞ്ചായത്ത്,ബ്ലോക്ക്, പഞ്ചായത്ത് വിഹിതങ്ങൾ ഉപയോഗിച്ച് ഒരു ബ്ലോക്കിൽ രണ്ട് ഷെൽട്ടറുകൾ എങ്കിലും തുടങ്ങണം എന്ന നിർദ്ദേശം ഗൗരവത്തോടുകൂടി കാണണമെന്ന് മന്ത്രി പറഞ്ഞു. 

സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അതൊന്നും തന്നെ പ്രാദേശിക സർക്കാരുകളായി കണക്കാക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. നടപ്പ് സാമ്പത്തിക വർഷം പദ്ധതി വിഹിതത്തിൽ. അഞ്ച് ശതമാനത്തിലേറെ വർധനവാണ് സർക്കാർ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ട്. 1000 പേർക്ക് അഞ്ചു തൊഴിലവസരം എന്ന ലക്ഷ്യമാണ് വച്ചത്. 6134 സംരംഭങ്ങൾ പുതുതായി ഒരു വർഷത്തിനുള്ളിൽ ആരംഭിച്ചതിലൂടെ ജില്ല മികച്ച നിലവാരം പുലർത്തുന്നതായി മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിൽ സംസ്ഥാനത്തിന് ഏറെ മുന്നോട്ടു വരാൻ സാധിച്ചിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ സംരംഭകരോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നതോടെ കൂടുതൽ വരുമാനം ലഭ്യമാക്കുന്നതും അവർക്കായിരിക്കും. തനത് വരുമാന പരിധി വർദ്ധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം. അതിദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അതിദാരിദ്ര്യം കണ്ടെത്തുന്ന പ്രക്രിയയിലൂടെ ജില്ലയിൽ 3613 കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ നിർദ്ദേശം അനുസരിച്ച് മൈക്രോപ്ലാൻ തയ്യാറാക്കിയതായി മന്ത്രി പറഞ്ഞു. 

49 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എല്ലാ കുടുംബങ്ങൾക്കും അവകാശ രേഖകൾ നൽകിക്കഴിഞ്ഞു. ഇതിൽ 148 പേർ ലൈഫ് പദ്ധതിയിൽ ഭൂമിയുള്ള ഭവനരഹിതരുടെ ലിസ്റ്റിലും112 പേർ ഭൂ രഹിത ഭവനരഹിതരുടെ ലിസ്റ്റിലും ഉൾപ്പെടുന്നു. ലൈഫ് 2020 പദ്ധതിയിൽ ആനുകൂല്യം വിതരണം ചെയ്യുമ്പോൾ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു.വാതിൽപ്പടി സേവനത്തിനായി പഞ്ചായത്തിലും നഗരസഭകളിലുമായി 2824 സന്നദ്ധ പ്രവർത്തകരെ കണ്ടെത്തിയിട്ടുള്ളതായി യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 

ലൈഫ് മിഷന്റെ കാര്യത്തിൽ 2017 ലെ എല്ലാ ഗുണഭോക്താക്കൾക്കും ധനസഹായം കൊടുത്തുകഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങൾക്ക് 2020 ലെ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഈ വർഷം പദ്ധതിയിൽ ഇതിനായി നീക്കി വച്ച തുക അവർക്ക് നൽകാവുന്നതാണെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുൻഗണന പാലിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിശ്ചയിച്ച മുൻഗണന വ്യക്തമാക്കിയുള്ള സർക്കാർ ഉത്തരവ് എത്രയും പെട്ടെന്ന് ഇറങ്ങും. നിലാവ് പദ്ധതിയിൽ ബൾബ് മാറ്റുന്ന കാര്യത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയുണ്ട്. കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾ ഗൗരവമായി എടുത്ത് വാട്ടർ അതോറിട്ടി എം.ഡിയുമായി പ്രശ്നം ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ആവശ്യപ്പെട്ട 505 പഞ്ചായത്തുകൾക്ക് സംസ്ഥാനത്ത് അത് അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയായിരിക്കണമെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ ആസ്തിയുടെ അടിസ്ഥാനത്തിലായിരിക്കും തദ്ദേശ സ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാൻഡ് അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ വി. പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മനസോടിത്തിരി മണ്ണ് കാമ്പയിനിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയ്ക്കായി പത്ത് ഗുണഭോക്താക്കൾക്ക് സൗജന്യമായി ഭൂമി നൽകിയ കൃഷ്ണപുരം എസ്.എൻ. വില്ലയിലെ എം. സഹദേവനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഭൂമി നൽകുന്നതിനുള്ള സമ്മതപത്രവും മന്ത്രി ഏറ്റുവാങ്ങി . 2020–21 ലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്ത വീയപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബാബുക്കുട്ടൻ നായർക്ക് മന്ത്രി സർട്ടിഫിക്കറ്റ് കൈമാറി.

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.പി. സംഗീത, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ്. താഹ എന്നിവർ പൊതു ചർച്ചയിൽ പങ്കെടുത്തു.

ചടങ്ങിൽ ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജ, എഡിഎം എസ്. സന്തോഷ് കുമാർ, അർബൻ ഡയറക്ടർ അരുൺ കെ. വിജയൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശനഭായ്, അഡീഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ അബ്ദുൽ സലീം, ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനീയർ ശോഭന കുമാരി, എൽഐ ഡി &ഇഡബ്ലിയു, എൽഎസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ. ആർ സുന്ദർലാൽ, പഞ്ചായത്ത് ഉപഡയറക്ടർ എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Eng­lish Summary:Local bod­ies should pro­vide ser­vices fair­ly and quick­ly: Min­is­ter MB Rajesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.