Web Desk

തിരുവനന്തപുരം

January 19, 2020, 6:53 pm

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് നാളെ

Janayugom Online

ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് നാളെ പ്രസിദ്ധീകരിക്കും. നാളെ മുതൽ ഫെബ്രുവരി 14 വരെ കരട് പട്ടിക സംബന്ധിച്ച അപേക്ഷകൾ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർക്ക് സമർപ്പിക്കാം. ഫെബ്രുവരി 28ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവയ്ക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫോം 4) തിരുത്തുന്നതിനും (ഫോം 6) പോളിങ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫോം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫോം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ, വെബ്സൈറ്റ് എന്നിവയിൽ ലഭ്യമാണ്.

ഗ്രാമപഞ്ചായത്ത്, നഗരസഭകളിൽ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകൾ സമർപ്പിക്കാം. പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, കോർപറേഷൻ സംബന്ധിച്ച് നഗരകാര്യ റീജനൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ.

Eng­lish sum­ma­ry: Local body elec­tion; draft vot­er list pub­lished on tomorrow