Web Desk

തിരുവനന്തപുരം

July 14, 2021, 10:51 pm

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ന്

Janayugom Online

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഓഗസ്റ്റ് 11ന് ഉപതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകൾ മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 16ന് പുറപ്പെടുവിക്കും. 

നാമനിർദ്ദേശ പത്രിക ജൂലൈ 23 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ജൂലൈ 26ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്.
വോട്ടെടുപ്പ് ഓഗസ്റ്റ് 11ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണൽ 12 ന് രാവിലെ 10 ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ പത്തനംതിട്ട‑കലഞ്ഞൂർ‑പല്ലൂർ, ആലപ്പുഴ‑മുട്ടാർ‑നാലുതോട്, കോട്ടയം- എലിക്കുളം-ഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂർ‑ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോർത്ത് മാറാടി, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂർ, വണ്ടൂർ‑മുടപ്പിലാശ്ശേരി, തലക്കാട്-പാറശ്ശേരി വെസ്റ്റ്, കോഴിക്കോട്-വളയം-കല്ലുനിര, കണ്ണൂർ‑ആറളം-വീർപ്പാട് എന്നീ ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരം-നെടുമങ്ങാട്-പതിനാറാംകല്ല്, എറണാകുളം-പിറവം- കരക്കോട്, വയനാട്-സുൽത്താൻ ബത്തേരി-പഴേരി എന്നീ മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ENGLISH SUMMARY:Local by-elec­tions on August 11
You may also like this video