January 31, 2023 Tuesday

പ്രാദേശിക വികസന ഫണ്ട് : തീരുമാനം ദുരുപദിഷ്ടം, നിഷേധാത്മകം

Janayugom Webdesk
April 7, 2020 3:10 am

കോവിഡ് പ്രതിരോധ നടപടികള്‍ക്ക് പണം കണ്ടെത്താനെന്ന പേരില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ദുരുപദിഷ്ടവും ആ ഫണ്ടിന്റെ ഉദ്ദേശത്തെ പരാജയപ്പെടുത്തുന്നതുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റും സാമ്പത്തിക നയങ്ങളും ജനവിരുദ്ധവും നീതിരഹിതവുമാണെന്ന വിമര്‍ശനത്തെ ന്യായീകരിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും പ്രധാനമന്ത്രിയടക്കം പാര്‍ലമെന്റ് അംഗങ്ങളുടെയും വേതനത്തില്‍ 30 ശതമാനം കുറവു വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ. കൊറോണ വെെറസ് പോലെ വിനാശകരമായ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വേതനം കുറവുവരുത്തുന്നതിനെ ജനസേവനത്തില്‍ പ്രതിജ്ഞാബദ്ധരായ പാര്‍ലമെന്റ് അംഗങ്ങളോ സംസ്ഥാന നിയമസഭാംഗങ്ങളോ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ പോലുമൊ എതിര്‍ക്കുമെന്ന് കരുതാനാവില്ല.

രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടത്തില്‍ അത്തരം ത്യാഗങ്ങള്‍ക്ക് അവര്‍ തീര്‍ച്ചയായും സന്നദ്ധരായിരിക്കും. അത്തരം സൗമനസ്യം ജനപ്രതിനിധികളില്‍ നിന്നും അവരെ തെരഞ്ഞെടുത്ത ജനങ്ങള്‍ പ്രതീക്ഷിക്കുക തീര്‍ത്തും സ്വാഭാവികവുമാണ്. എന്നാ­ല്‍, പാര്‍ലമെന്റ്, നിയമസഭ അംഗങ്ങള്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമായിരുന്ന പ്രാദേശിക വികസന ഫണ്ട് നിഷേധിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളിന്മേല്‍ ഭരണകൂടം നടത്തുന്ന ധിക്കാരപരമായ കെെകടത്തലായി മാത്രമെ കാണാനാവൂ. രാജ്യത്തിന്റെ അസന്തുലിതവും പക്ഷപാതപരവുമായ വികസനം, നമ്മുടെ രാഷ്ട്രീയ വ്യവഹാരത്തില്‍ എല്ലായ്­പ്പോഴും, എല്ലാക്കാലത്തും സജീവ ചര്‍ച്ചാവിഷയമായിരുന്നിട്ടുണ്ട്. നാടിന്റെ വികസന പ്ര­ക്രിയയില്‍ എക്കാലത്തും പ്രകടമായി തുടരുന്ന ഈ അസന്തുലിതാവസ്ഥയും അതുമൂലം ഉരുണ്ടുകൂടുന്ന അസന്തുഷ്ടിയും ഒരു പരിധിവരെ മറികടക്കുന്നതില്‍ ജനപ്രതിനിധികളടെ പ്രാദേശിക വികസന ഫണ്ട് ചെറുതല്ലാത്ത പങ്കാണ് വഹിച്ചുപോരുന്നത്. കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും അവ സമയബന്ധിതമായി നടപ്പാക്കുന്നതിലും തുടര്‍ന്നുവരുന്ന കാലതാമസം, ചുവപ്പുനാട, അഴിമതി എന്നിവ മറികടന്ന് അടിയന്തിര പ്രാധാന്യത്തോടെ ചില പദ്ധതികളെങ്കിലും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രാദേശിക വികസന ഫണ്ട് എത്രത്തോളം പ്രയോജനകരമാണെന്ന് കേരളത്തിലെങ്കിലും അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളം നേരിട്ട പ്രളയത്തെയും പ്രകൃതിദുരന്തത്തെയും നേരിടുന്നതില്‍ പാര്‍ലമെന്റ്, നിയമസഭാംഗങ്ങളുടെ പ്രാദേശിക വികസനഫണ്ട് ഏറെ സഹായകമായിരുന്നു. അത്തരം അവസരങ്ങളില്‍ തികച്ചും ക്രൂരവും, നിഷേധാത്മകവും, രാഷ്ട്രീയ പ്രേരിതവുമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ അവലംബിച്ചതെന്നതും വിസ്മരിച്ചുകൂട. അത്തരം നിഷേധാത്മക സമീപനത്തില്‍ എന്തെങ്കിലും മാറ്റം മോഡി സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കാനും ആവില്ല. ഇപ്പോള്‍, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കേരളം അവലംബിക്കുന്ന മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനത്തിൽ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസനഫണ്ട് എത്രമാത്രം സഹായകരമാണെന്ന് കേരളം അനുഭവിച്ച് അറിയുകയാണ്. കൊറോണ വെെറസ് കണ്ടെത്താനുള്ള ദ്രുതപരിശോധനാ ഉപകരണങ്ങള്‍ തിരുവനന്തപുരത്ത് അതിവേഗം ലഭ്യമാക്കാന്‍ കഴിഞ്ഞത് പാര്‍ലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ്.

സംസ്ഥാനത്തെ ഏതാണ്ട് എല്ലാ പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളിലും ആവശ്യാനുസൃതം വെന്റിലേറ്ററുകളും മറ്റ് അവശ്യ ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തങ്ങളുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രാദേശിക വികസനഫണ്ട് കേന്ദ്രസര്‍ക്കാരിന്റെ സഞ്ചിതനിധിയിലേക്ക് മാറ്റുകയെന്നാല്‍ ഈ ജീവന്മരണ പോരാട്ടത്തിന് ലഭ്യമായ ചെറിയ തുകപോലും പ്രാദേശികമായി നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമായിരിക്കും സൃഷ്ടിക്കുക. കൊറോണ വെെറസ് പ്രതിരോധം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ രാജ്യത്തൊട്ടാകെ സാര്‍വത്രികമായും ദ്രുതഗതിയിലും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത്. മറിച്ചുള്ള നീക്കം കോവിഡ് ദുരന്തത്തിന്റെ മറവില്‍ അധികാരത്തിന്റെയും പണത്തിന്റെയും കേന്ദ്രീകരണം ലക്ഷ്യം വച്ചുള്ളതാണെന്ന് കരുതേണ്ടി വരും. അധികാരത്തിന്റെയും ലഭ്യമായ പണത്തിന്റെയും വികേന്ദ്രീകരണം ഏറ്റവും പരിമിതമായ അര്‍ത്ഥത്തിലെങ്കിലും സാധ്യമാകുന്ന സംവിധാനത്തിന്റെ കടയ്ക്കല്‍ അനവസരത്തില്‍ കത്തിവയ്ക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. അത്യന്തം ഗുരുതരമായ ജീവല്‍ഭീഷണിയുടെ പശ്ചാത്തലത്തിലെങ്കിലും ഈ പ്രതിലോമ നടപടിയില്‍ നിന്നും മോഡി ഭരണകൂടം പിന്മാറണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.