കെ കെ ജയേഷ്
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ ചുവരെഴുത്തിനും ബോഹർ ബോർഡുകളും പ്രചാരം വർദ്ധിച്ചു. അടച്ചുപൂട്ടൽ ഭീഷണിയിലായ പ്രസുകൾക്കും തെരഞ്ഞെടുപ്പ് കാലം ആശ്വാസം പകരുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ പ്രചരണത്തിനായി ഉപയോഗിക്കുന്ന ബോർഡുകളും ബാനറുകളും പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ടുള്ളതായിരിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇതോടെയാണ് പഴയകാലത്തേതുപോലെ ചുവരെഴുത്തിലേക്കും ഉപയോഗശേഷം ഉപേക്ഷിച്ചാൽ മണ്ണിൽ ലയിക്കുന്ന ബോഹർ ഉത്പന്നങ്ങളിലേക്കും പ്രചാരണം വഴിമാറുന്നത്.
പ്രചരണത്തിന് വലിയ തോതിൽ സോഷ്യൽ മീഡിയയെയാണ് ഉപയോഗപ്പെടുത്തുന്നതെങ്കിലും കവലകളിലും റോഡരികുകളിലും ബോർഡുകളും ബാനറുകളുമെല്ലാതെ പ്രചാരണം പൂർണ്ണമാകില്ല. ഫ്ളക്സുകൾക്ക് ഉൾപ്പെടെ നിരോധനമുള്ളപ്പോഴാണ് പരിസ്ഥിതി സൗഹൃദമായതും ഫ്ളക്സ് ബോർഡുകളുടെ ഗുണം നൽകുന്നതുമായ ബോഹർ ബോർഡുകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. പേപ്പറും പരുത്തി നൂലും കലർത്തിയാണ് ബോഹർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റികിന് പകരം കപ്പ, ചോളം തുടങ്ങിയവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ബോർഡുകളുടെ കോട്ടിംഗ്. വെയിലും മഴയുമേറ്റാലും വേഗത്തിൽ നശിക്കില്ലെന്നതും ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ചാൽ മണ്ണിൽ പൂർണ്ണമായും അലിഞ്ഞു ചേരുന്നുവെന്നതുമാണ് ഇതിന്റെ പ്രത്യേകത. ആറുമാസത്തോളം ബോർഡുകൾ കേടുകൂടാതെയിരിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
പ്രചരണ ബോർഡുകൾക്കും ബാനറുകൾക്കുമായി കോട്ടൺ തുണികളും പേപ്പറുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചിലവൽപ്പം കൂടുതലാകുമെങ്കിലും കൂടുതൽ പേരും ആവശ്യപ്പെടുന്നത് ബോഹർ ബോർഡുകളാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. തമിഴ്നാട്ടിൽ നന്നാണ് പ്രധാനമായും ബോഹർ ഉത്പന്നങ്ങൾ കേരളത്തിലെത്തുന്നത്. ഇത്തവണ പൂർണ്ണമായും പ്ലാസ്റ്റിക്-പി വി സി വിമുക്തമാക്കിക്കൊണ്ട് തുണി, ചണം എന്നിവ ഉപയോഗിച്ചാണ് കൊടിതോരണങ്ങൾ ഉണ്ടാക്കുന്നത്. പരസ്യ പ്രചരണങ്ങൾക്ക് പി വി സി ഫ്ളക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത് എന്നിവ ഉപയോഗിക്കരുതെന്നാണ് സർക്കാർ ഉത്തരവുള്ളത്. നിരോധിത വസ്തുക്കൾ ഉപയോഗിച്ച് പരസ്യ പ്രചരണം നടത്തിയാൽ അമ്പതിനായിരം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഹരിത ചട്ട പാലനം കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രസുകളിൽ പരിശോധനയും നടന്നുവരുന്നുണ്ട്.
കോവിഡ് വ്യാപകമായതോടെയാണ് സംസ്ഥാനത്തെ ചെറുകിട പ്രസുകൾ പ്രതിസന്ധിയിലായത്. ലോക് ഡൗണിന് ശേഷം തുറന്നുപ്രവർത്തിച്ചെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ജില്ലയിൽ മാത്രം ഇതിനകം പതിനഞ്ചോളം ചെറുകിട അച്ചടി ശാലകളാണ് പൂട്ടിയത്. തെരഞ്ഞെടുപ്പ് വന്നതോടെ ചെറിയ ആശ്വാസം ലഭിച്ചിരിക്കുകയാണ് ഈ സ്ഥാപനങ്ങൾക്ക്. തെരഞ്ഞെടുപ്പ് പ്രചരണം പ്രധാനമായും ഓൺലൈനായെങ്കിലും പോസ്റ്ററുകളും നോട്ടീസുകളും കട്ടൗട്ടുകളും ഇപ്പോഴും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നാലായിരത്തോളം ചെറുകിട പ്രസുകളിൽ ജോലിചെയ്യുന്ന പതിനായിരങ്ങൾക്കാണ് തെരഞ്ഞെടുപ്പ്കാലം ആശ്വാസം പകരുന്നത്. പ്രസ്താവനയും ലഘുലേഖകളുമെല്ലാമാണ് പ്രധാനമായും പ്രിന്റു ചെയ്യുന്നത്. ചുമരെഴുത്തുകാർക്കും നല്ല ഡിമാന്റാണ് തെരഞ്ഞെടുപ്പ് കാലത്തുള്ളത്. ഫ്ളക്സ് പ്രിന്റിംഗ് വ്യാപകമായതോടെ തൊഴിലില്ലാതായ ഇവർക്ക് തെരഞ്ഞെടുപ്പ് കാലം ആശ്വാസമാകുന്നു. പഴയതുപോലെ ചുമരെഴുത്തിലേക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തിരഞ്ഞതോടെയാണ് ഇവർക്കും ഡിമാന്റായത്. എന്നാൽ തിരക്കെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ ഉണ്ടാവുള്ളുവെന്നും ഇതു കഴിഞ്ഞാൽ മറ്റു ജോലികൾക്ക് തന്നെ പോകണമെന്നും ചുമരെഴുത്തു രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
ENGLISH SUMMARY: Local government elections; The popularity of graffiti and boher boards increased
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.