തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നാളെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലി അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനും കോര്‍പ്പറേഷനില്‍ 11.30നുമാണ് ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്. കോര്‍പ്പറേഷനില്‍ ജില്ലാ കളക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു ചുമതലയേല്‍ക്കുന്നതിനായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വായിക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂര്‍ത്തിയായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് ചടങ്ങ് നടത്തുന്നത്.
അംഗത്തിനൊപ്പം ഒരാള്‍ മാത്രം
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമോ ആയ ഒരാളെ മാത്രമേ കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി നടത്തുന്ന ക്രമീകരണങ്ങളോട് എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ഹാളില്‍ സാമൂഹിക അകലം പാലിച്ചാണു കസേരകള്‍ ക്രമീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന മുഴുവന്‍പേര്‍ക്കും മാസ്‌ക് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ നിര്‍ബന്ധമാണ്. ജില്ലയിലെ ബന്ധപ്പെട്ട എല്ലാ ഹാളുകളും സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചടങ്ങിനായി എത്തുന്ന എല്ലാ ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അധികാരമേല്‍ക്കല്‍ ചടങ്ങു നടക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്ത് ആള്‍ക്കൂട്ടമോ കൂട്ടംകൂടിയുള്ള മറ്റ് ആഘോഷ പരിപാടികളോ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ഉറപ്പാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു.
മുനിസിപ്പാലിറ്റികളില്‍ സത്യപ്രതിജ്ഞയ്ക്കുള്ള വരണാധികാരികള്‍
നെയ്യാറ്റിന്‍കര — അസിസ്റ്റന്റ് ഡയറക്ടര്‍, സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് (റീസര്‍വെ) നെയ്യാറ്റിന്‍കര, നെടുമങ്ങാട് — ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ്, തിരുവനന്തപുരം, ആറ്റിങ്ങല്‍ — ജനറല്‍ മാനേജര്‍, ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് സെന്റര്‍, തിരുവനന്തപുരം, വര്‍ക്കല — ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍) കളക്ടറേറ്റ്, തിരുവനന്തപുരം
അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും
ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലെയും അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 28നു രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചയ്ക്ക് രണ്ടിനും നടക്കും.
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30നു രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് അതതു വരണാധികാരികളും കോര്‍പ്പറേഷനില്‍ ജില്ലാ കളക്ടറും മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുന്നത്.
English Summary: Local government representatives will take office tomorrow
You may like this video also;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.