നാട്ടുചന്തകളില്‍ നിന്നുപോലും മാങ്ങവാങ്ങരുത്: മാമ്പഴവിപണി തകര്‍ക്കാന്‍ കാര്‍ബൈഡ്

Web Desk
Posted on May 04, 2019, 10:21 am

കൊല്ലം: പ്രാദേശിക മാമ്പഴ വിപണിയെ കാര്‍ബൈഡ് തകര്‍ക്കുന്നു. എത്രബോധവല്‍ക്കരണം നടന്നിട്ടും കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങപഴുപ്പിച്ച് വില്‍ക്കുന്ന സംഘങ്ങള്‍ പെരുകുകയാണെന്ന് കഴിഞ്ഞദിവസം കൊല്ലത്ത് നടത്തിയ പരിശോധന വ്യക്തമാക്കുന്നു. പതിവിനു വിപരീതമായി നാട്ടിടകളില്‍ മാമ്പഴം സുലഭമാണിപ്പോള്‍ . ഇവ വാങ്ങുന്നവര്‍ ഉടന്‍വിപണിയിലെത്തിക്കാനായി  കാര്‍ബൈഡ് വച്ച് പഴുപ്പിക്കുകയാണ്. ഒരു നിയന്ത്രണവും ശാസ്ത്രീയമേല്‍നോട്ടവും ഇല്ലാതെയാണ്  കാര്‍ബൈഡ് ഉപയോഗിക്കുന്നത്. ആരെങ്കിലും ഉപയോഗിക്കുന്നു എന്ന് കേട്ടാണ് നാട്ടു വ്യാപാരികളും ഇത്തരം കൊടുംവിഷങ്ങള്‍ ഉപയോഗിക്കുന്നത്. കാര്‍ബൈഡിന്റെ അംശം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണു ബാധിക്കുക. കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച ഫലവര്‍ഗങ്ങള്‍ ഭക്ഷിച്ചാല്‍ ഉടന്‍ തന്നെ തലചുറ്റല്‍, ശക്തമായ തലവേദന എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാര്‍ബൈഡ് ഉപയോഗിച്ചാല്‍ ഏത് ഫലവും 12 മണിക്കൂറുകൊണ്ട് പഴുത്തുകിട്ടും.    മഞ്ഞയും ഓറഞ്ചും കലര്‍ന്ന നിറം മാങ്ങയുടെ തൊലിയില്‍ വരുകയും വിളഞ്ഞു പഴുത്തതായി തെറ്റിദ്ധരിപ്പിക്കാനും സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ പഴുപ്പിക്കുന്ന ഫലങ്ങള്‍ക്കു രുചി തീരെ കുറവായിരിക്കും

മാങ്ങ പെട്ടെന്ന് പഴുക്കാനായി കാര്‍ബൈഡ് എന്ന വീര്യം കൂടിയ വിഷം ചേര്‍ക്കുന്നു.  ഒറ്റ ദിവസത്തിനകം വിപണികളില്‍ വിഷമടിച്ച മാങ്ങ വില്‍പ്പനയ്‌ക്കെത്തുന്നു. ഇത്തരത്തില്‍ വിഷം ചേര്‍ത്ത മാങ്ങയുടെ ശേഖരമാണ് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടിയത്.

കൊല്ലം പള്ളിമുക്ക് ചന്തയ്ക്ക് എതിര്‍വശം സ്ഥിതി ചെയ്യുന്ന മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നു 300 കിലോ മാങ്ങയാണു പിടികൂടിയത്. കടയ്ക്കുള്ളില്‍ 10 പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ മാങ്ങ നിറച്ചശേഷം ഇതില്‍ കാര്‍ബൈഡ് പൊടി നിറച്ച പൊതികള്‍ അടുക്കിയ നിലയിലാണ് പരിശോധനയില്‍ കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.