കൊട്ടാരക്കരയില്‍ എ ഗ്രൂപ്പ് യോഗത്തില്‍ കൊടിക്കുന്നിലിനെതിരെ രൂക്ഷ വിമര്‍ശനം

Web Desk
Posted on January 31, 2018, 9:17 pm

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കൂടിയ എ ഗ്രൂപ്പ് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എംപി ഫണ്ട് ഉപയോഗിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്ന നേതാവാണ് കൊടിക്കുന്നില്‍. എ ഗ്രൂപ്പിന്റെ സര്‍വ്വ ആനുകൂല്യങ്ങളും നേടി കെഎസയു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി ഭാരവാഹിത്വം, എംപി, കേന്ദ്ര മന്ത്രി എന്നിങ്ങനെ എല്ലാ സ്ഥാനമാനങ്ങളും നേടിയ ശേഷം എ ഗ്രൂപ്പിനെ വഞ്ചിക്കുകയായിരുന്നു കൊടിക്കുന്നിലെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും പറഞ്ഞു. എ ഗ്രൂപ്പ് നേതൃത്വം അദ്ദേഹത്തിന് കൊടുത്തിരുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് കൊട്ടാരക്കരയില്‍ മണ്ഡലത്തിലും, ബ്‌ളോക്കിലും, ഡിസിസിയിലും കൊടിക്കുന്നിലിന്റെ ഇഷ്ടകാരെ തിരുകി കയറ്റുകയായിരുന്നു. കൊട്ടാരക്കര കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളിലെ 90 ശതമാനം ഭാരവാഹികളും കേരള കോണ്‍ഗ്രസ് ബി യില്‍ നിന്നും വന്നവരാണ്. ഇത് പാര്‍ട്ടിയുമായി ആലോചിക്കാതെ കൊടിക്കുന്നിലിന്റെ തന്നിഷ്ട പ്രകാരമാണ് ചെയ്തത്. കൊട്ടാരക്കരയില്‍ പാര്‍ട്ടിയുടെ ബ്ലോക്ക് മണ്ഡലം തല പരിപാടികളില്‍ എ ഗ്രൂപ്പ് നേതാക്കന്‍മാരെ മനഃപൂര്‍വമായി പങ്കെടുപ്പിക്കുന്നില്ല. എ ഗ്രൂപ്പില്‍ നിന്നും പുറത്തായ കൊടിക്കുന്നില്‍ പലയിടങ്ങളിലും സ്വന്തമായി ഗ്രൂപ്പ് യോഗങ്ങള്‍ വിളിക്കുകയാണ്.കഴിഞ്ഞ ദിവസം കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്‌കൂളില്‍ കൊടിക്കുന്നില്‍ ഗ്രൂപ്പ് യോഗം വിളിച്ചിരുന്നു.യോഗത്തില്‍ ഉമ്മന്‍ചാണ്ടി, എഴുകോണ്‍ നാരായണന്‍ അടക്കമുള്ള നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ബ്ലോക്ക് കമ്മിറ്റിയുടെ പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുന്നത്. പലപ്പോഴും പ്രവര്‍ത്തകര്‍ അവിടെയെത്തുമ്പോഴാണ് ഗ്രൂപ്പ് യോഗമാണെന്നറിയുന്നത്. കൊടിക്കുന്നില്‍ എ ഗ്രൂപ്പില്‍ നിന്നും പുറത്തായ സ്ഥിതിക്ക് എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ കൊട്ടാരക്കര ബ്‌ളോക്കിലും മണ്ഡലത്തിലും ഡിസിസി യിലും നല്‍കിയ സ്ഥാനങ്ങള്‍ തിരിച്ചെടുക്കണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. 30 വര്‍ഷകാലം എംപി യും കേന്ദ്ര മന്ത്രിയും ആയിരുന്നിട്ടും കശുഅണ്ടി തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കൊടിക്കുന്നില്‍ ഇഎസ്‌ഐയുടെ പേരും പറഞ്ഞ് പാവപെട്ട കശുഅണ്ടി തൊഴിലാളികള്‍ ചികിത്സ തേടുന്ന എഴുകോണ്‍ ഇഎസ്‌ഐലേക്ക് മാര്‍ച്ച് നടത്തുന്നത് കൊടികുന്നിലിന്റെ രാഷ്ട്രീയ കാപട്യമാണെന്നും ഏഴുകോണില്‍ നിന്നെത്തിയ നേതാക്കള്‍ ആരോപിച്ചു. മുന്‍ എംഎല്‍എ എഴുകോണ്‍ നാരായണന്‍, കെപിസിസി അംഗങ്ങളായ അഡ്വ. അലക്‌സ് മാത്യു, റെജിമോന്‍ വര്‍ഗീസ്, എഴുകോണ്‍ ബ്ലോക്ക് പ്രസിഡന്റ് കെ മധുലാല്‍, കുളക്കട അനില്‍, അഡ്വ. ശിവശങ്കരപിള്ള, പുലമണ്‍ അജയന്‍, സേവാദള്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഷിജു പടിഞ്ഞാറ്റിന്‍കര, മൈലം റെജി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍, എം അമീര്‍, അന്തമണ്‍ ശ്രീകുമാര്‍, തോമസ് പണിക്കര്‍, വെട്ടിക്കവല സജീവന്‍, എബി പ്ലാപ്പള്ളി തുടങ്ങിയവര്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തു.