May 27, 2023 Saturday

ഡല്‍ഹി കലാപം ആസൂത്രിതമെന്ന് പ്രദേശവാസികള്‍

റെജി കുര്യന്‍
 ന്യൂഡല്‍ഹി
February 29, 2020 10:32 pm

ഡല്‍ഹി കലാപം ആസൂത്രിതമെന്ന് പ്രദേശവാസികള്‍. കലാപകാരികളെ ആരെയും മുമ്പൊരിക്കലും കണ്ടിട്ടില്ല. പ്രദേശത്തെ സമാധാനം തകര്‍ത്തതും അക്രമം അഴിച്ചുവിട്ടതും പുറത്തു നിന്നും എത്തിയവരെന്ന ആരോപണം ശക്തമാകുന്നു. ഞങ്ങളെല്ലാവരും നാല്‍പതു വര്‍ഷത്തിലേറെയായി ഇവിടെ ഒരുമിച്ചാണ് കഴിയുന്നത്. ബക്രീദും ഹോളിയും എല്ലാം ഞങ്ങള്‍ ഒരുമിച്ചാണ് ആഘോഷിക്കുക. വീട്ടില്‍ ആരും ആയുധങ്ങളൊന്നും സൂക്ഷിക്കാറുമില്ല. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഒരു വ്യത്യാസം കാലമിത്രയായിട്ടും തോന്നിയിട്ടില്ല. രാഷ്ട്രീയമായ എതിര്‍പ്പോ വിയോജിപ്പോ ഉണ്ടാകുമായിരിക്കും. എങ്കിലും മതത്തിന്റെ പേരില്‍ ഞങ്ങളാരും തമ്മില്‍ തല്ലുകയില്ല. ഈ പ്രദേശങ്ങളിലെല്ലാം എല്ലാവരും ഒരേപോലെയാണ് ജീവിച്ചു വരുന്നത്. അക്രമകാരികള്‍ വന്നപ്പോള്‍ പലയിടത്തും അയല്‍പക്കത്തുള്ള ഹിന്ദുക്കളാണ് മുസ്‌ലീങ്ങളെ സ്വന്തം വീടുകളില്‍ ഒളിപ്പിച്ച് സംരക്ഷിച്ചത്. ശര്‍മ്മ, ഖണ്ടേല്‍വാള്‍, സാഹ്‌നി എന്നിങ്ങനെയുള്ളവയെ ഒഴിവാക്കി മുസ്‌ലിം പേരുകളുള്ള കടകളാണ് കൂടുതലും അഗ്നിക്കിരയായത്. അല്ലാത്തവയും ഉണ്ട്.

കലാപം നടന്ന പ്രദേശങ്ങളിലെ കോളനികളുടെ റോഡ്‌സൈഡിലുള്ള കടകളും വീടുകളുമാണ് അധികവും അഗ്നിക്കിരയാക്കിയത്. പരസ്പരമുള്ള ഏറ്റുമുട്ടലായിരുന്നു എങ്കില്‍ കോളനികള്‍ക്കകത്തും ഇത്തരത്തില്‍ തീവയ്പ്പു നടക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ലെന്ന് പ്രദേശ വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കടകളും ഫാക്ടറികളും അക്രമികള്‍ വ്യാപകമായി കൊള്ളയടിച്ചു. പൂട്ടുപൊളിക്കുന്നതിനു പകരം കട്ടര്‍ ഉപയോഗിച്ചാണ് കടകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ഗേറ്റുകളും ഷട്ടറുകളും തകര്‍ത്തത്. വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ അക്രമികള്‍ വിലപ്പിടിപ്പുള്ളവ കൊള്ളയടിക്കുകയാണ് ആദ്യം ചെയ്തത്. വിലപിടിപ്പുള്ള ഷൂസുകളും ചെരുപ്പുകളും എടുത്തുകൊണ്ടു പോയയാള്‍ അതെവിടെയോ കൊണ്ടു വച്ചശേഷം മടങ്ങിയെത്തിയാണ് തീവച്ചതെന്ന് ചെരുപ്പുകടയ്ക്ക് തീവയ്പ്പിനു സാക്ഷിയായ പ്രദേശവാസിയായ സഞ്ജയ് പറഞ്ഞു. ഞങ്ങളുടെ വാതിലില്‍ കുറെപ്പേര്‍ ചേര്‍ന്നു മുട്ടിവിളിച്ചു. ഭയം കാരണം വാതില്‍ തുറന്നില്ല. തുടര്‍ന്ന് കതകിനു താഴത്തെ വിടവിലൂടെ വീട്ടിലേക്ക് പെട്രോള്‍ ഒഴിച്ചു. ഇതോടെ തീവയ്ക്കുമെന്ന് ഭയന്ന് ഞങ്ങള്‍ വാതില്‍ തുറന്നു.

സ്ത്രീകള്‍ ഉപദ്രവിക്കരുതെന്ന് കാലില്‍വീണ് അപേക്ഷിച്ചതോടെ അവരെയും കുട്ടികളെയും ഒഴിവാക്കി. ഇതിനിടെ ഗൃഹനാഥന്‍ ബെഡ് പുതച്ച് അതിനുള്ളില്‍ ഒളിച്ചു. വീടിലുള്ള സ്ത്രീകളും കുട്ടികളും പുറത്തേക്കിറങ്ങിയതോടെ അകത്തെ മുറിയില്‍ പ്രവേശിച്ച അക്രമികള്‍ ഗൃഹനാഥന്‍ ഒളിച്ചിരിക്കുന്നതു കണ്ടു പിടിച്ചു. ബെഡിനുള്ളിലിട്ടുതന്നെ അയാളെ കുത്തിക്കൊന്ന അക്രമികള്‍ അകലെയുള്ള അഴുക്കു ചാലിലാണ് മൃതദേഹം ഉപേക്ഷിച്ചത്.

you may also like this video;

ഈ സംഭവം നടക്കുന്നതിന്റെ രണ്ടു വീടുകള്‍ക്കപ്പുറമുള്ള റാണയാണ് ഇക്കാര്യം ജനയുഗത്തോടു പറഞ്ഞത്. കലാപമായിരുന്നെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കുമായിരുന്നോ എന്ന മറുചോദ്യം റാണ ഉന്നയിക്കുന്നു. അഴുക്കു ചാലുകളില്‍ മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപത്തില്‍ മരിച്ചവരും പരിക്കേറ്റവരും ഏറ്റവും അധികമുള്ള ജിടിബി ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ കാത്തിരുപ്പുകാര്‍ക്കായി ഉയര്‍ത്തിയ താല്‍ക്കാലിക പന്തലില്‍ എന്‍ജിഒ പ്രവര്‍ത്തകര്‍ ധാരാളമായുണ്ട്.

കാത്തിരുപ്പുകാര്‍ക്കായി ഭക്ഷണവും ഇവര്‍ വിതരണം ചെയ്യുന്നു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ നിര്‍ജ്ജീവമായ മുഖവും കലുഷിതമായ മനസ്സുമായി ഉറ്റവരുടെ പോസ്റ്റു‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ മൃതദേഹത്തിനായി കാത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചെങ്കിലും അതിന്റെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടവര്‍ക്കു സര്‍ക്കാരിന്റെ സഹായം എത്തണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകളെല്ലാം സമര്‍പ്പിക്കാന്‍ ഇവര്‍ക്കൊക്കെ കഴിയുമോ എന്ന കാര്യത്തില്‍ തിട്ടമില്ല. കലാപത്തില്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ സമീപവാസികള്‍ പലരും മുന്നോട്ടു വന്നിട്ടുണ്ട്.

അഷറഫിന്റെ കടയില്‍ ഒരു കസേരയും മേശയും മാത്രമാണ് ഉണ്ടായിരുന്നത്, അതും തീവച്ചു. പഴവും പച്ചക്കറിയും വില്‍ക്കുന്ന ഷാഹിദിന്റെ ഉന്തുവണ്ടിയും ഇത്തരത്തില്‍ അഗ്നിക്കിരയാക്കി. ഇത്തരക്കാരെ സഹായിക്കാനാണ് സുമനസ്സുകള്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ക്കിടയില്‍ എവിടെയും മന്ദിറും മസ്ജിദും വികാരങ്ങള്‍ ഉള്ളതായി കാണാനായില്ല . സര്‍ക്കാരിന്റെ കണക്കില്‍ എവിടെയും ഇടം പിടിക്കാത്ത അനധികൃത കെട്ടിടങ്ങളിലും കടകളിലും കഴിഞ്ഞവരുടെ സ്ഥിതി എന്താകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കലാപ ബാധിത മേഖലകളിലെ കടകള്‍ തുറന്നിട്ടുണ്ട്. റോഡുകളില്‍നിന്നും കല്ലുകള്‍ നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുന്നു. നിരത്തുകളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. എങ്കിലും പഴയ സ്ഥിതിയിലെത്താന്‍ മാസങ്ങള്‍ വേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.