കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരം: ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍

Web Desk
Posted on May 28, 2018, 10:57 pm
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരവും മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയവുമാണെന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ എന്‍ കെ സിങ് പറഞ്ഞു. തിരുവനന്തപുരത്ത് തദ്ദേശസ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവണ്‍മെന്റും തദ്ദേശഭരണ സ്ഥാപനങ്ങളും തമ്മില്‍ മികച്ച ഏകോപനമുണ്ടെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. കമ്മിഷന്‍ അംഗങ്ങളായ ശക്തികാന്ത് ദാസ്, ഡോ. അനൂപ്‌സിങ്, ഡോ. അശോക് ലാഹിരി, ഡോ. രമേഷ്ചന്ദ്, കമ്മിഷന്‍ സെക്രട്ടറി അരവിന്ദ് മെഹ്ത്ത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ധനകാര്യ കമ്മിഷന്‍ അവാര്‍ഡ് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തിരുവനന്തപുരത്തെത്തി പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനെയും സംഘത്തെയും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ്ഹൗസില്‍ നടന്ന ആദ്യദിവസ ചര്‍ച്ചയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. തദ്ദേശസ്ഥാപനങ്ങളുടെ വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങളും ധനആവശ്യകതയും കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ സ്വഭാവവും സംബന്ധിച്ച് ഭരണവകുപ്പു സെക്രട്ടറി ടി കെ ജോസ് വിശദീകരിച്ചു.

തദ്ദേശസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തുളസിഭായി പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുഭാഷ് എന്നിവര്‍ കമ്മിഷനുമായി ചര്‍ച്ച നടത്തി.

നഗരപ്രദേശങ്ങളിലെ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത്, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേമ്പറിനുവേണ്ടി ഡബ്ല്യൂ ആര്‍ ഹീബ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ മെമ്മോറാണ്ടം ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചു കമ്മിഷനു കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആമുഖ അവതരണം നടത്തും. ധനകാര്യ സെക്രട്ടറി മനോജ് ജോഷി ധനകാര്യ മെമ്മോറാണ്ടം സംബന്ധിച്ച വിശദമായ അവതരണം നടത്തും. മന്ത്രിമാര്‍, ബന്ധപ്പെട്ട സെക്രട്ടറിമാര്‍, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.

ഉച്ചയ്ക്കുശേഷം രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വാണിജ്യ വ്യവസായ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുമായും കമ്മിഷന്‍ ചര്‍ച്ച നടത്തും. മുപ്പതിന് കമ്മിഷന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൊച്ചി മെട്രോയും സന്ദര്‍ശിക്കും. തൊട്ടടുത്ത ദിവസം മടങ്ങും.

ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായ കമ്മിറ്റിയാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്.