Web Desk

തിരുവനന്തപുരം

March 21, 2020, 8:53 pm

തദ്ദേശ വോട്ടര്‍പട്ടിക 27ന്, പേര് ചേര്‍ക്കുന്നതിന് രണ്ട് അവസരങ്ങള്‍ കൂടി നൽകും

Janayugom Online

കാസർകോഡ് ഒഴികെയുളള മറ്റ് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക ഈ മാസം 27ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പേര് ചേര്‍ക്കുന്നതിന് രണ്ട് അവസരങ്ങള്‍ കൂടി നല്‍കും. മട്ടന്നൂര്‍ നഗരസഭ ഒഴികെയുളള സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിലവിലെ വോട്ടര്‍ പട്ടിക ജനുവരി 20ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. പേര് ചേര്‍ക്കുന്നതിനും മറ്റുമുളള അപേക്ഷകള്‍ മാര്‍ച്ച് 16 വരെയും സ്വീകരിച്ചിരുന്നു.

അവ സംബന്ധിച്ച തുടര്‍ നടപടികള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ 25ന് പൂര്‍ത്തീകരിച്ച് 27ന് പട്ടിക പ്രസിദ്ധീകരിക്കും. കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കാസർകോഡ് ജില്ലയില്‍ തുടര്‍ നടപടികള്‍ ഏപ്രില്‍ മൂന്നിന് പൂര്‍ത്തിയാക്കി ആറിന് പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അവ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പുതിയ വാര്‍ഡുകളെ അടിസ്ഥാനമാക്കി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിക്കും.

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് അപ്പോഴും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കരട് പട്ടികയിലെ മറ്റ് ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും അവസരം ഉണ്ടാകും. 2020‑ലെ പൊതു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് പേര് ചേര്‍ക്കുന്നതിനും മറ്റും ഒരിക്കല്‍കൂടി അവസരം നല്‍കും. ആ വേളയിലും ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചു കൊണ്ടായിരിക്കും കമ്മിഷന്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. അത്തരത്തില്‍ തയ്യാറാക്കുന്ന വോട്ടര്‍പട്ടികയാണ് തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.

you may also like this video;