September 28, 2022 Wednesday

Related news

September 13, 2022
September 12, 2022
August 21, 2022
July 27, 2022
May 30, 2022
May 29, 2022
April 5, 2022
March 8, 2022
February 23, 2022
February 13, 2022

സര്‍ഗ്ഗവസന്തം വിരിയിച്ച് മലയാളത്തിന്റെ ലോക്ഡൗണ്‍ കാലം

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
May 13, 2020 5:10 pm

നാടും നഗരവും കോവിഡ് 19 വ്യാപന ഭീതിയില്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഈ ലോക്ഡൗണ്‍ കാലം സര്‍ഗ്ഗോത്സവമാക്കിമാറ്റുകയാണ് കേരളത്തിലെ കലാ-സാംസ്‌കാരിക ലോകം. അടച്ചൂപൂട്ടിയിക്കുമ്പോഴും സാമൂഹിക ഇടപെടലുകള്‍ എങ്ങിനെ ഫലപ്രദമായി നടത്താമെന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ അന്വേഷണമാണ് സമാനതകളിലല്ലാത്ത ഈ സാംസ്‌കാരിക മുന്നേറ്റത്തിന് ഹേതുവായത്. ഇന്ന് സംസ്ഥാനത്തെ 80 ശതമാനത്തിലേറെപേരും ആശ്രയിക്കുന്ന സോഷ്യല്‍ മീഡിയകളിലൂടെയുള്ള കലാ-സാഹിത്യ‑സാംസ്‌കാരിക പ്രവര്‍ത്തനം വലിയ വിജയമാകുന്നുവെന്നാണ് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ജനപിന്തുണ തെളിയിക്കുന്നത്. കലാ-സാംസ്‌കാരിക സംഘടനകള്‍ മാത്രമല്ല, വിവിധ രാഷ്ട്രീയപാര്‍ട്ടികളും യുവജന-വനിതാ സംഘടനകളും തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി-വയോജന പ്രസ്ഥാനങ്ങളുമെല്ലാം ഇത്തരത്തില്‍ വൈവിധ്യമായ പരിപാടികളുമായി സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. മലയാളത്തിലെ സാംസ്‌കാരിക നായകരും കലാ പ്രവര്‍ത്തകരമെല്ലാം ഇത്തരത്തില്‍ എല്ലാ ദിവസവും ജനങ്ങളുമായി സംവദിക്കുന്നു. ഓരോരുത്തരേയും തല്‍സമയം ശ്രവിക്കാനും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാനും ആയിരങ്ങളാണ് സമയംകണ്ടെത്തുന്നതെന്നതും ആശാവഹമാണ്. കോവിഡ് 19 ഉയര്‍ത്തുന്ന സാമൂഹിക ആഘാതങ്ങളും വെല്ലുവിളികളുമെല്ലാം ചര്‍ച്ചയാകുമ്പോള്‍ അത് അതി ജീവനത്തിലേക്കുള്ള ഒരു ചൂണ്ടുപലകകൂടിയാവുകയാണ്.

ജില്ലാതലങ്ങളിലും സംസ്ഥാന തലത്തിലുമെല്ലാം നടത്തുന്ന ഓണ്‍ലൈന്‍ കലാ-സാഹിത്യമത്സരങ്ങളാണ് ഏറെ പിന്തുണയാര്‍ജ്ജിക്കുന്ന മറ്റൊന്ന്. സാംസ്‌കാരിക രംഗത്ത് സജീവമായ യുവകലാസാഹിതി പോലുള്ള സംഘടനകള്‍ ജില്ലകള്‍ തോറും ഫേസ്ബുക്ക് ലൈവിലൂടെ സാംസ്‌കാരിക പ്രമുഖരുമായുള്ള സംവാദങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ഒപ്പം കലാ-സാഹിത്യ മത്സരങ്ങളും. ഓരോ മത്സരത്തിലും നൂറുകണക്കിനുപേരാണ് പങ്കാളികകളാകുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് നല്‍കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.

എ ഐ വൈ എഫിന്റേയും സി പി ഐ മണ്ഡലം കമ്മിറ്റികളുടേയും ഫേസ്ബുക്ക് ലൈവ് പരിപാടികളില്‍ പങ്കെടുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, കെ ഇ ഇസ്മായില്‍ ചലച്ചിത്ര നടന്‍മാരായ ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവര്‍ ഇതിനകം തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി. യുവകലാസാഹിതി കോഴിക്കോട് ജില്ലാകമ്മിറ്റി കഴിഞ്ഞ 25 ദിവസങ്ങളായി ‘പാട്ട് വിശേഷങ്ങള്‍, പാട്ടും പറച്ചിലും’ എന്ന ഫേസ്ബുക്ക് ലൈവ് പരിപാടി സംഘടിപ്പിച്ചു വരുന്നു. ദിവസവും വൈകീട്ടുള്ള പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരാണ് പങ്കെടുക്കുന്നത്. വിപ്ലവഗായിക പി കെ മേദിനി, ആലങ്കോട് ലീലാകൃഷ്ണന്‍, ജയരാജ് വാര്യര്‍, ഫൈസല്‍ എളേറ്റില്‍, ഫിറോസ് ബാബു, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ജയന്‍ ചേര്‍ത്തല, അഡ്വ. പി പി ഗീത, പൊന്നി തെന്നല, ചേളന്നൂര്‍ പ്രേമന്‍, ഞെരളത്ത് ഹരിഗോവിന്ദന്‍, ഡോ. തൃശൂര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. ഇപ്റ്റ നാട്ടരങ്ങ് കലാകാരന്‍മാരായ സജീവ് കാട്ടൂര്‍, ഗിരീഷ് അനന്തന്‍, ശ്രീക്കുട്ടന്‍, സന്തോഷ് കാട്ടൂര്‍, നോബി ബെന്റക്‌സ്, ഗസല്‍ ഗായകരായ ശ്രീനാഥ്, അശ്വതി, രവി മനോരഞ്ജന്‍, ഭസ്‌കരന്‍ ഈയ്യാട്, പ്രേകുമാര്‍ വടകര, വി കെ സുരേഷ്ബാബു തുിടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. യുവകലാസാഹിതിയുടെ തന്നെ നാടകഗ്രാമം ഫേസ്ബുക്ക് പേജില്‍ ‘നാടക വാര്‍ത്തകള്‍, അനുഭവങ്ങള്‍, സംവാദം’ എന്ന ലൈവ് പരിപാടിയില്‍ ഇ എം സതീശന്‍, എം എം സചീന്ദ്രന്‍, ബാബു ഒലിപ്രം, പ്രദീപ് കാവുന്തറ, മനോജ് നാരായണന്‍, മുഹമ്മദ് പേരാമ്പ്ര തുടങ്ങി പ്രമുഖരുടെ നിരതന്നെയുണ്ട്. കോഴിക്കോട് ജില്ലയില്‍ സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജായ ‘സ്‌നേഹത്തണല്‍’ ഒട്ടറെ പരിപാടികള്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. എ ഐ വൈ എഫ് കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബേപ്പൂര്‍, നാദാപുരം, കുറ്റ്യാടി മണ്ഡലം കമ്മിറ്റികളും സി പി ഐ ഏറാമല ലോക്കല്‍ കമ്മിറ്റിയും അവരുടെ ഫേസ്ബുക്ക് പേജിലൂടെ എല്ലാദിവസവും ലൈവ് പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. അടച്ചുപൂട്ടലിന്റെ വിരസതയില്‍നിന്നും മോചനം നല്‍കാന്‍ ഇത്തരം സര്‍ഗ്ഗമുന്നേറ്റങ്ങള്‍ക്ക് കഴിയുന്നുവെന്ന് കലാസ്വാദകരും സമ്മതിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.