ലോക്ഡൗണിനെത്തുടർന്ന് പ്രവർത്തനം നിലച്ച ബസ്ബോഡി നിർമാണ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നിബന്ധനകൾ പാലിച്ച് ആഴ്ചയിൽ അഞ്ച് ദിവസം വർക്ക് ഷോപ്പുകൾ തുറക്കാൻ അനുവദിക്കണമെന്നും ഓൾ കേരള ഓട്ടോമൊബൈൽ ബസ്ബോഡി ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ അറുനൂറോളം ബസ്ബോഡി നിർമാണ വർക്ക്ഷോപ്പുകൾ പ്രവർത്തനം നിലച്ചിട്ട് ഒരു മാസമായി. ജോലിയില്ലാതായതോടെ വർക്ക് ഷോപ്പുകളിലെ 20,000 തൊഴിലാളികളും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടൊപ്പം മരം, ഇലക്ട്രിക്കൽ, പെയിന്റിങ്, അപ്ഹോൾസ്റ്ററി തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. സ്ഥാപന ഉടമകളിൽ പലരും തൊഴിലാളികളാണ്.
സ്കൂൾ ബസുകൾ അറ്റകുറ്റപ്പണി നടത്തി ടെസ്റ്റ് നടത്തേണ്ട സമയമാണിത്. ടെസ്റ്റിന് ജൂൺ 30 വരെ നീട്ടി നൽകിയിട്ടുണ്ടെങ്കിലും ഈ സമയത്തിനകം ബസുകളുടെ പണി പൂർത്തിയാക്കാനാകില്ലെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീയൂസ് ജോർജ് പൊക്കത്ത് പറഞ്ഞു. രണ്ട് വർഷം മുമ്പ് കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമത്തെതുടർന്ന്(എആർഐ) സംസ്ഥാനത്തെ വർക്ക്ഷോപ്പുകളിൽ പകുതിയും പൂട്ടി. പുതിയ ബോഡി നിർമിക്കാൻ അനുവാദമില്ലാത്തതിനാൽ ബാക്കിയുള്ള 600ഓളം സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുകയാണെന്നും ബസ് വർക്ക്ഷോപ്പ് മേഖലയേയും തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.