March 29, 2023 Wednesday

Related news

July 29, 2022
January 18, 2022
November 17, 2021
October 6, 2021
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 10, 2021
May 9, 2021

‘സഹായിക്കാന്‍’ താരങ്ങള്‍ കമ്യൂണിറ്റി കിച്ചണില്‍ എത്തുന്നത് പൊലീസിനു തലവേദനയാകുന്നു, സംഭവം ഇങ്ങനെ

Janayugom Webdesk
കൊച്ചി
April 14, 2020 2:36 pm

കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കായി തുടങ്ങിയ സംരംഭമാണ് കമ്മ്യൂണിറ്റി കിച്ചണ്‍. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും പുരോഗമിക്കുകയാണ്.

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ഇതൊരു ആശ്വാസമായിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ സഹായിക്കാനെന്ന പേരില്‍ നടീനടന്‍മാര്‍ പുറത്തിറങ്ങി നടക്കുന്നെവെന്നാണ് ഇപ്പൊഴത്തെ ആരോപണം. ഇത് പൊലീസിനു തലവേദന സൃഷ്ടിക്കുകയാണ്.

കലൂരില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നടന്‍ ബാല എത്തിയത് ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ വീഡിയോ പകര്‍ത്തിയിരുന്നു. നടന്‍ ബാല 1500 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു എന്ന രീതിയിലായിരുന്നു ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇത് വാര്‍ത്തയായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ് രംഗത്തെത്തിയിരുന്നു. ഇതില്‍ വസ്തുതയില്ലെന്നും പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ഭക്ഷണ വിതരണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ കളമശേരിയിലെ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണില്‍ സഹായിക്കാനെന്ന പേരില്‍ നടി ഇനിയ എത്തിയപ്പോഴും പൊലീസ് തിരിച്ചയച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചണില്‍ ഭക്ഷണപ്പൊതികള്‍ തയാറാക്കുന്നതു കാണാനും സഹായിക്കാനുമാണ് താന്‍ എത്തിയത് എന്നായിരുന്നു നടിയുടെ വിശദീകരണം.

എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും നടിയുടെ വരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു വ്യക്തമായതോടെയാണ്‌ പൊലീസ് തന്നെ ഇടപെട്ട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിഷു ദിനത്തിലേയ്ക്ക് വിതരണം ചെയ്യുന്നതിനായി 500 രൂപയുടെ വീതം ഭക്ഷ്യസാധനങ്ങളുള്ള 150 ഭക്ഷണക്കിറ്റുകള്‍ ഇനിയ പൊതു പ്രവര്‍ത്തകര്‍ക്ക് ഇന്ന് കൈമാറുകയും ചെയ്തു.

Eng­lish Sum­ma­ry: lock down celebri­ties vis­it in com­mu­ni­ty kitchen

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.